സ്വാമി വിവേകാനന്ദന്‍

41. ക്ഷീണവൃത്തേരഭിജാതസ്യേവ മണേര്‍ഗ്രഹീതൃഗ്രഹണ
ഗ്രാഹ്യേഷു തത്‌സ്ഥതദഞ്ജനതാ സമാപത്തിഃ.
ക്ഷീണവൃത്തേഃ (ചിത്തസ്യ) = വൃത്തികളില്ലാതായ ചിത്തത്തിന്, അഭിജാതസ്യ = ഉത്തമജാതിയില്‍പ്പെട്ട അത്യന്തനിര്‍മ്മലമായ, മണേഃ ഇവ = സ്ഫടികമണിക്കു ചെമ്പരത്തിപ്പൂവു മുതലായ ഉപാധികളുടെ, രൂപപ്രാപ്തി ഉണ്ടാകുന്നതുപോലെ, ഗ്രഹീതൃ ഗ്രഹണഗ്രാഹ്യേഷു = അഹംകാരം, ഇന്ദ്രിയങ്ങള്‍, സ്ഥൂല സൂക്ഷ്മഭൂതങ്ങള്‍ എന്നീ വിഷയങ്ങളെസ്സംബന്ധിച്ച, തത്‌സ്ഥത ദഞ്ജനതാ സമാപത്തിഃ = തത്‌സ്ഥത്വത്തിന്റെ (ഏകാഗ്രതയു ടെ)യും തദഞ്ജനതയുടെ (തന്മയതയുടെ)യും സമാപത്തിഃ = പ്രാപ്തി (ഭവതി = ഉണ്ടാകുന്നു).

വൃത്തികള്‍ ക്ഷീണിച്ച (നിരുദ്ധമായ) യോഗചിത്തത്തിനു ഗ്രാഹ്യ (സ്ഥൂലസൂക്ഷ്മഭൂത)ങ്ങള്‍, ഗ്രഹണ(ഇന്ദ്രിയ)ങ്ങള്‍, ഗ്രഹീതാവ് (അസ്മിത) എന്നിവയില്‍, ശുദ്ധസ്ഫടികമണിക്ക് (പല നിറത്തിലുള്ള വസ്തുക്കളുടെ സാന്നിദ്ധ്യത്തില്‍) എന്നപോലെ, ഏകാഗ്രതയും തന്മയതയും സിദ്ധിക്കുന്നു.

ഈ ധ്യാനാഭ്യാസത്തിന്റെ ഫലമോ? ഇതിനു മുമ്പൊരു സൂത്രത്തില്‍ പലതരം സമാധികളെപ്പറ്റി സൂത്രകാരന്‍ പ്രതിപാദിച്ചിട്ടുള്ളത് ഓര്‍മ്മവേണം (1.17). ആദ്യം സ്ഥൂലവും, പിന്നീടു സൂക്ഷ്മവും, അതിനുശേഷം സൂക്ഷ്മതരവുമായ വിഷയങ്ങളെ ധ്യാനിച്ചുകൊണ്ട് ആരോഹണം ചെയ്യേണ്ട ക്രമം അവിടെ പറഞ്ഞിട്ടുണ്ട്. ഈ ധ്യാനങ്ങളുടെയെല്ലാം ഫലം, സ്ഥൂലവിഷയങ്ങളിലെന്നപോലെ സൂക്ഷ്മ വിഷയങ്ങളിലും ചിത്തത്തെ ഏകാഗ്രമാക്കാന്‍ കഴിവുണ്ടാവുകയാകുന്നു. ഇവിടെ മൂന്നു പദാര്‍ത്ഥങ്ങളാണ് യോഗിയുടെ മുമ്പിലുള്ളത്; ഗ്രഹീതാവ്, ഗ്രഹണം, ഗ്രാഹ്യം. ഇവ യഥാക്രമം പുരുഷനും (ജീവന്‍) മനസ്സും ബാഹ്യ(ഭൂത)വിഷയങ്ങളുമാകുന്നു. ഈ മൂന്നുമാണു നമുക്കു തന്നിട്ടുള്ള ധ്യേയപദാര്‍ത്ഥങ്ങള്‍; അതില്‍ ആദ്യം വേണ്ടതു സ്ഥൂലമായ മൂര്‍ത്തവസ്തുക്കള്‍, അതായതു ഭൂതവിഷയങ്ങള്‍; രണ്ടാമതു മനസ്സുപോലെയുള്ള സൂക്ഷ്മവസ്തുക്കള്‍: മൂന്നാമതു സോപാധികനായ പുരുഷന്‍ (ജീവന്‍). അതായത് അസ്മിത: അല്ലാതെ കേവലചിന്മാത്രപുരുഷനല്ല. അഭ്യാസത്താല്‍ ഈ ആലംബനങ്ങളിലെല്ലാം യോഗിക്കു ചിത്തസ്ഥിരത ലഭിക്കുന്നു. ഏതെങ്കിലുമൊന്നില്‍ ചിത്തത്തെ ഏകാഗ്രമാക്കുമ്പോള്‍ പ്രത്യയാന്തരങ്ങളെല്ലാം ഒഴിച്ചുനിര്‍ത്താന്‍ അയാള്‍ക്കു കഴിയും. ആ സ്ഥിതിയില്‍ അയാള്‍ ധ്യാനവിഷയവുമായി തന്മയത്വം പ്രാപിക്കുന്നു. ഇപ്രകാരം സമാധിസ്ഥനായയോഗി ശുദ്ധസ്ഫടികമണിപോലെയാണ്. പുഷ്പങ്ങളുടെ സാന്നിദ്ധ്യത്തില്‍ സ്ഫടികം പ്രായേണ തന്മയമായിത്തീരുന്നു. പുഷ്പം രക്തവര്‍ണ്ണമായാല്‍ സ്ഫടികവും രക്തവര്‍ണ്ണമാവും. നീലമായിരുന്നാല്‍ നീലവര്‍ണ്ണം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 282-283]