ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 3

മമ യോനിര്‍മഹദ്ബ്രഹ്മ
തസ്മിന്‍ ഗര്‍ഭം ദധാമ്യഹം
സംഭവഃ സര്‍വ്വഭൂതാനാം
തതോ ഭവതി ഭാരത

ഹേ കുന്തീപുത്രാ, മഹത്തായിരിക്കുന്ന പ്രകൃതി പരമേശ്വരനായിരിക്കുന്ന എന്‍റെ ഗര്‍ഭാധാനസ്ഥാനമാകുന്നു. അതില്‍ ഞാന്‍ ഗര്‍ഭത്തെ നിക്ഷേപിക്കുന്നു. അതില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ജനിക്കുന്നത്.

പ്രകൃതി മഹാനദികളുടെ വിശ്രമസ്ഥാനമായതുകൊണ്ട് അത് മഹദ്ബ്രഹ്മന്‍ എന്നറിയപ്പെടുന്നു. എല്ലാ വികാരങ്ങളെയും അതു ഗുണീഭവിപ്പിക്കുന്നു. എല്ലാ അവസ്ഥാഭേദങ്ങളും പ്രകൃതിയില്‍കൂടി നടക്കുന്നത്കൊണ്ടാണ് അതിനെ മഹദ്ബ്രഹ്മന്‍ എന്ന് വിളിക്കുന്നത്‌. അവ്യക്തവാദികള്‍ അതിനെ അവ്യക്തമെന്നും, സംഖ്യാസിദ്ധാന്തക്കാര്‍ അതിനെ പ്രകൃതിയെന്നും, വേദാന്തികള്‍ അതിനെ മായയെന്നും വിളിക്കുന്നു. ഇനിയും മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നു അറിയേണ്ട ആവശ്യമില്ല.. എന്തുപേരില്‍ അറിയപ്പെട്ടാലും അതു തികച്ചും അജ്ഞാനമാണ്. അതു ആത്മാവിനെ വിസ്മരിക്കുനതിനു നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇതിന് ഒരു പ്രത്യേക സ്വഭാവമുണ്ട്. നമ്മുടെ വിവേചനാശക്തി അഭിവൃദ്ധിപ്പെടുമ്പോള്‍, ദീപപ്രകാശത്തില്‍ അന്ധകാരം അപ്രത്യക്ഷമാകുന്നതുപോലെ, അജ്ഞാനം അന്തര്‍ദ്ധാനം ചെയ്യുന്നു. ഇതു ഒരു പാത്രത്തിലിരിക്കുന്ന പാല് ഇളകാതെ നിശ്ചലമായിരിക്കുമ്പോള്‍ അതിന്‍റെ മുകള്‍ഭാഗത്ത് പാലുപാട കാണുകയും പാല് ഇളക്കുമ്പോള്‍ പാലുപാട അദൃശ്യമാവുകയും ചെയ്യുന്നത് പോലെയാണ്. ജാഗ്രതാവസ്ഥയോ സ്വപ്നാവസ്ഥയോ സ്വസ്വരൂപാവാസ്ഥയെപ്പറ്റിയുള്ള ബോധമോ ഇല്ലാത്ത ഘനസുഷുപ്തിപോലെയാണ് അജ്ഞാനം. അതു വായുവില്ലാതെ നിശ്ചലമായി നില്‍ക്കുമ്പോള്‍ കാണുന്ന വന്ധ്യവും ശൂന്യവും ആയ വാനം പോലയാണ്. തന്‍റെ മുന്നില്‍ കാണുന്നത് ഒരു മനുഷ്യനോ തൂണോ എന്ന് ഒരുവന് ശങ്കയുണ്ടാകുന്നു. എന്തോ കാണുന്നുവെന്നുള്ള നിശ്ചയമല്ലാതെ എന്താണ്‌ കാണുന്നതെന്ന് നിര്‍ണ്ണയിക്കാന്‍ അവന് കഴിയുന്നില്ല. അതുപോലെ അജ്ഞത കൊണ്ട് യഥാര്‍ത്ഥ വസ്തുവിനെ – ആത്മാവിനെ – അറിയാന്‍ കഴിയാതെ അതു മറ്റെന്തോ ആണെന്നു തെറ്റിദ്ധരിക്കുന്നു. ത്രിസന്ധ്യ രാത്രിയോ പകലോ അല്ലാതെ അവയ്ക്ക് രണ്ടിനുമിടയില്‍ സ്ഥിചെയ്യുന്നത്പോലെയാണ് അജ്ഞാനം. അതു സ്വസ്വരൂപജ്ഞാനമോ വിപരീതജ്ഞാനമോ അല്ല.

അത്മാവിനെപ്പറ്റിയല്ലാത്തതായുള്ള ജ്ഞാനമെല്ലാം അജ്ഞാനമാണ്. ക്ഷേത്രം അജ്ഞാനമാണ്. ഈ അജ്ഞാനം ചിത്പ്രകാശത്തെ – ക്ഷേത്രജ്ഞനെ ആവരണം ചെയ്യുന്നു. തന്മൂലം ക്ഷേത്രജ്ഞന്‍ മറയ്ക്കപ്പെടുന്നു. അജ്ഞാനം അധികരിക്കുന്നു. ക്ഷേത്രത്താല്‍ മറയ്ക്കപ്പെടുന്ന ക്ഷേത്രജ്ഞാനമാണ് ജീവാത്മാവ്. തന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെപ്പറ്റി ബോധാവാനല്ലാത്തതിനാല്‍ അജ്ഞാനത്തെ വര്‍ദ്ധിപ്പിക്കുമെന്നുള്ളത് ക്ഷേത്രജ്ഞന്‍റെ ഒരു പ്രത്യേക ലക്ഷണമാണ്.

അല്ലയോ അര്‍ജ്ജുന, ക്ഷേത്രവും ക്ഷേത്രജ്ഞനും – പ്രകൃതിയും പുരുഷനും തമ്മിലുള്ള ഈ ഉഭയയോഗത്തെപ്പറ്റി നീ ശരിക്കും മനസ്സിലാക്കിയിരിക്കണം. എന്തുകൊണ്ടെന്നാല്‍ ജീവാത്മവിന്‍റെ സഹജസ്വഭാവമാണിത്. ഈ യോഗം കൊണ്ടാണ് പുരുഷന്‍ തന്‍റെ പ്രാക്തനസ്വഭാവം വിസ്മരിക്കുന്നതും, പലവിധ രൂപങ്ങളും ധരിക്കുന്നതും. ഭ്രാന്തനായ ഒരു ദരിദ്രന്‍ താന്‍ രാജാവായെന്നു തെറ്റിദ്ധരിചച്ച്, ‘നോക്കുക, ഇതാ രാജാവ് എഴുന്നള്ളുന്നു’ എന്ന് പറയുന്നത് പോലെയോ മോഹാലസ്യത്തില്‍ നിന്ന് മുക്തനായ ഒരുവന്‍ താന്‍ സ്വര്‍ഗ്ഗത്തില്‍ പോയിരുന്നുവെന്നു പറയുന്നതുപോലെയോ, മതിഭ്രമത്തില്‍ നിന്നുണ്ടാകുന്ന ധാരണയാണിത്. അജ്ഞാനിയുടെ ദൃഷ്ടി ആത്മസ്വരൂപത്തില്‍ നിന്ന് തെന്നി താഴത്ത് പതിക്കുമ്പോള്‍ ദൃശ്യപ്രപഞ്ചത്തില്‍ കാണുന്ന ദൃശ്യങ്ങളെല്ലാം അവന്‍റെ തന്നെ സൃഷ്ടികളാണെന്നു അവന്‍ പറയും. ഒരേ ഒരുവന്‍ സ്വപ്നമോഹത്താല്‍ മതി മറന്ന് അവനെത്തന്നെ അനവധിരൂപങ്ങളില്‍ സ്വപനം കണ്ടുവെന്നു വരാം. അജ്ഞാനിയുടെ സ്ഥിതിയും അതുപോലെയാണ്. അവന്‍റെ ജീവാത്മാവ് ആത്മസ്ഥിതിഭാവത്തെ വിസ്മരിക്കുമ്പോള്‍ അതിന്‍റെ കാതലായ എല്ലാ സ്വഭാവത്തെയും വിസ്മരിക്കുന്നു. സ്വപ്നത്തില്‍ സത്യമാണെന്ന് അനുഭവിക്കുന്ന കാര്യങ്ങള്‍ ജാഗ്രതാവസ്ഥയില്‍ മിഥ്യയാണെന്ന് ബോദ്ധ്യപ്പെടും. അര്‍ജ്ജുനാ, ഈ വസ്തുതയെപ്പറ്റി നിനക്ക് ദൃഡമായ ബോദ്ധ്യമുണ്ടായിരിക്കണം.

ഈ പ്രശ്നത്തില്‍ സങ്കീര്‍ണ്ണത ഒഴിവാക്കാന്‍ ഇത് മറ്റൊരു വിധത്തില്‍ വിശദീകരിക്കാം. അത് നിനക്ക് അനുഭവിച്ചറിയാന്‍ കഴിയും. ഈ അവിദ്യ – അജ്ഞാനം – എന്‍റെ ഗൃഹിണിയാണ്. അവള്‍ അനാദിയും നിത്യഹരിതയായ തരുണിയും അനിര്‍വചീനയമായ ഗുണങ്ങളോട്കൂടിയവളും ആണ്. അവളുടെ ആകാരവും വ്യാപ്തിയും അപരിമേയമാണ്. അജ്ഞാനത്താല്‍ നിദ്രാവശഗരാകുന്നവരുടെ അരികില്‍ അവള്‍ സ്ഥിതി ചെയ്യുന്നു. സ്വസ്വരൂപബോധം കൊണ്ട് ഉണര്‍ന്നിരിക്കുന്നവരില്‍ നിന്നും അവള്‍ വളരെ അകലെയാണ്. ഞാന്‍ (സ്വസ്വരൂപജ്ഞാനം) ഉറങ്ങുമ്പോള്‍ അവള്‍ ഉണര്‍ന്നിരിക്കുന്നു. എന്നില്‍ നിന്നെടുക്കുന്ന സത്ത്വം കൊണ്ട് (എന്നോടുള്ള ആശ്രയം കൊണ്ട്) അവള്‍ ഗര്‍ഭം ധരിക്കുന്നു. ജഗദ്‌രൂപത്തിലുള്ള അഷ്ടവികാരഭ്രൂണം അവളുടെ ഗര്‍ഭപാത്രത്തില്‍ വളരുന്നു. ഉഭയസംഗം കൊണ്ട് ആദ്യം ഉണ്ടാകുന്നത് ബുദ്ധിതത്ത്വമാണ്. ബുദ്ധിതത്ത്വത്തില്‍ നിന്ന് മനസ്സ് സൃഷ്ടിക്കപ്പെടുന്നു. മനസ്സിന്‍റെ ചങ്ങാതി മമതയെന്നു പേരുള്ള ഒരു യുവസുന്ദരിയാണ്. അവരുടെ ചേര്‍ച്ചകൊണ്ട് അഹങ്കാരതത്ത്വം ജനിക്കുന്നു. ഇതോടൊപ്പം പഞ്ചമഹാഭൂതങ്ങളും ദൃശ്യമാകുന്നു. ഈ ഘടകങ്ങളെല്ലാം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായി ബന്ധപ്പെട്ടതാകയാല്‍ ഈ ഘടങ്ങളോടൊപ്പം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും ഉടലെടുക്കുന്നു. ഇപ്രകാരം സൂക്ഷ്മപ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ട അഷ്ടവികാരങ്ങളും പഞ്ചമഹാഭൂതങ്ങളും വിഷയേന്ദ്രിയങ്ങളും ത്രിഗുണങ്ങളോടൊപ്പം ചേര്‍ന്ന് ഗര്‍ഭപിണ്ഡം ഉണ്ടാകുന്നു. തത്സമയം വാസനാബദ്ധമായ സൂക്ഷ്മജീവന്‍ അതിന്‍റെ പ്രാരാബ്ധമനുസരിച്ച് ഗര്‍ഭപിണ്ഡത്തില്‍ പ്രവേശിക്കുന്നു. ഇങ്ങനെയാണ് ജീവാത്മാവിന്‍റെ ഉല്‍പ്പത്തി.

വിത്തിനുള്ളില്‍ വൃക്ഷം സൂക്ഷമാകാരത്തില്‍ സ്ത്ഥിതിചെയ്യുന്നു. വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ വിത്ത് മുളച്ചു വൃക്ഷത്തിന്‍റെ അങ്കുരം പുറത്ത് വരുന്നു. അതുപോലെ മനസ്സില്‍ കുടികൊള്ളുന്ന സൂക്ഷ്മാകാരത്തിലുള്ള അവിദ്യ ഞാനുമായുള്ള സംഗം കൊണ്ട് വിവിധലോകങ്ങളുടെ അങ്കുരങ്ങളെ സൃഷ്ടിക്കുന്നു. അല്ലയോ, അര്‍ജ്ജുന, ഈ ഗര്‍ഭഗോളം എപ്രകാരമാണ് സമ്പുഷ്ടമകുന്നതെന്നറിഞ്ഞാലും. ഈ ഗര്‍ഭഗോളത്തില്‍ നിന്ന് അണ്ഡജം, സ്വേദജം, ഉദ്ഭിജം, ജരായുജം എന്നിങ്ങനെ നാലുവിധത്തിലുള്ള ജീവജാലങ്ങള്‍ അവയുടെ ജനനരീതി അനുസരിച്ച് ഉത്പത്തിയെടുക്കുന്നു. ആകാശവും വായുവും പ്രബലമായി, ഭ്രൂണമായി ബന്ധപ്പെട്ടുണ്ടാകുന്നത് അണ്ഡജം. രജസ്സും തമസ്സും പ്രബലമായുള്ള ഗര്‍ഭപാത്രത്തെ അഗ്നിയും ജലവും പരിപോഷിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് സ്വേദജം. താമസ്സിനോടും അതിനോടു ബന്ധപ്പെട്ട എല്ലാ തിന്മകളോടും ചേര്‍ന്നുണ്ടാകുന്നതാണ് ഉദ്ഭിജം. ജലവും ഭൂമിയും അതിനെ പരിപോഷിപ്പിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മ്മേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ചേര്‍ന്നുള്ള ജീവജാലങ്ങളാണ് ജരായുജം.

ഈ നാലു ഭൂതയോനികള്‍ കരചരണങ്ങളായും, സ്ഥൂലമഹാപ്രകൃതി മസ്തകമായും, പ്രവൃത്തി അതിന്‍റെ ഉദരമായും, നിവൃത്തി അതിന്‍റെ പിന്‍ഭാഗമായും, അഷ്ട്ടദേവയോനി വക്ഷസ്സായും, ആനന്ദം നിറഞ്ഞ സ്വര്‍ഗ്ഗം അതിന്‍റെ ഗളസ്ഥലമായും മൃത്യുലോകം മദ്ധ്യപ്രദേശമായ അരയായും, പാതാളലോകം നിതംബമായും കാണുന്ന അത്ഭുതസ്ഥിതിയിലുള്ള ഒരു ശിശു പ്രകൃതിയില്‍ നിന്ന് ജനിക്കുന്നു. അതിന്‍റെ വളര്‍ച്ച ജഗത്രയങ്ങളെ സൃഷ്ടിക്കുന്നു. സ്വര്‍ഗ്ഗങ്ങളും ഉപവര്‍ഗ്ഗങ്ങളുമായി അതിലുള്ള എണ്‍പത്തിനാലുലക്ഷം വിശേഷസ്വരൂപങ്ങള്‍ അതിന്‍റെ അവയവങ്ങളുടെ സന്ധികളാണ്. അതിന്‍റെ ശക്തി ദിനം തോറും വര്‍ദ്ധിച്ചു വരുന്നു. പ്രകൃതി ഇതിന്‍റെ ശരീരഭാഗങ്ങള്‍ക്കെല്ലാം രത്നാഭരണങ്ങളാകുന്ന നാനാനാമങ്ങള്‍ കൊടുത്ത് അലങ്കരിക്കുകയും തന്‍റെ മായാമോഹമാകുന്ന മുലപ്പാലൂട്ടി ഈ ശിശുവിനെ വളര്‍ത്തുകയും ചെയ്യുന്നു. വിവിധലോകങ്ങളാകുന്ന, ഈ ബാലന്‍റെ കരചരണങ്ങളിലെ വിരലുകളെ അവള്‍ അഹംഭാവത്തിന്‍റെ അംഗുലീയം അണിയിക്കുന്നു. ഇപ്രകാരം അചിന്ത്യമായ വിധത്തില്‍ മനോരഞ്ജിതമായി, ചരവും അചരവും ഉള്‍ക്കൊള്ളുന്ന, വിശ്വരൂപത്തിലുള്ള ഈ ഏകബാലനെ സൃഷ്ടിച്ച പ്രകൃതി അവളുടെ പ്രഭാവത്തില്‍ ഹൃഷ്ടമായി ഊറ്റം കൊള്ളുന്നു. ഈ അത്ഭുതബാലന്‍റെ പ്രാതഃകാലം ബ്രഹ്മാവും മദ്ധ്യാഹ്നകാലം വിഷ്ണുവും സായംകാലം ശിവനുമാണ്. വിളയാടി ക്ഷീണിക്കുമ്പോള്‍ ഈ ബാലന്‍ പ്രളയതല്പത്തില്‍ ശയിച്ചു നിദ്രകൊള്ളുന്നു. അടുത്ത യുഗത്തിന്‍റെ ഉദയത്തില്‍ അവന്‍ ഭേദജ്ഞാനത്തോടെ ഉണര്‍ന്നേഴുന്നേല്‍ക്കുന്നു. ഒന്നിനുപരി ഒനായിവരുന്ന യുഗങ്ങള്‍ തോറും അവന്‍ മിഥ്യാദൃഷ്ടിയുടെ ഗേഹത്തില്‍ കേളിയാടുന്നു. അവന്‍ സങ്കല്പത്തെ ഇഷ്ടപ്പെടുന്നു. അഹങ്കാരമാണ് അവന്‍റെ കളിക്കൂട്ടുകാരന്‍. യഥാര്‍ത്ഥ ജ്ഞാനം ഒന്നുകൊണ്ടു മാത്രമേ അവന്‍റെ അറുതി വരുത്താന്‍ സാദ്ധ്യമാവൂ. ഈ വിധത്തിലാണ് പ്രകൃതി പ്രപഞ്ചത്തിനെ പ്രസവിച്ചത്. അത് എന്‍റെ അധിഷ്ടാന ശക്ടിയില്‍ക്കൂടി മാത്രമാണ്.