സ്വാമി വിവേകാനന്ദന്‍

44. ഏതയൈവസവിചാരാ നിര്‍വിചാരാ ച
സൂക്ഷ്മവിഷയാ വ്യാഖ്യാതാ.
ഏതയാ ഏവ = ഇതിനാല്‍ത്തന്നെ (മേല്‍ സര്‍വിതര്‍ക്ക സമാധികളെ വിവരിച്ചപ്രകാരംതന്നെ), സൂക്ഷ്മവിഷയാ = സൂക്ഷ്മ തത്ത്വങ്ങളെ വിഷയീകരിക്കുന്ന (തന്മാത്രകള്‍, ഇന്ദ്രിയങ്ങള്‍, അന്തഃകരണം മുതലായവയെ ആലംബനമാക്കുന്ന), സവിചാരാ നിര്‍വിചാരാച = സവിചാരാസമാധിയും നിര്‍വിചാരസമാധിയും, വ്യാഖ്യാതാ (ഭവതി) = വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.

ഇപ്രകാരംതന്നെ സൂക്ഷ്മവിഷയങ്ങളെ വിഷയീകരിക്കുന്ന സവിചാരനിര്‍വിചാരസമാധികളും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. തൊട്ടുമുമ്പു വിവരിച്ച അഭ്യാസരീതിയെത്തന്നെ വീണ്ടും ആവര്‍ ത്തിക്കുന്നു. ഒരു വ്യത്യാസമുള്ളത്, മുമ്പു പറഞ്ഞ സമാധികളില്‍ (സവിതര്‍ക്കനിര്‍വിതര്‍ക്കങ്ങളില്‍) ആലംബനങ്ങള്‍ സ്ഥൂലവും, പ്രകൃതത്തില്‍ അവ സൂക്ഷ്മവുമാകുന്നു എന്നുമാത്രം.

45. സൂക്ഷ്മവിഷയത്വം ച അലിംഗപര്യവസാനം.
സൂക്ഷ്മവിഷയത്വം ച = (സവിചാരനിര്‍വിചാരങ്ങളിലെ) സൂക്ഷ്മവിഷയത്വം ആകട്ടെ, അലിംഗപര്യവസാനം = അലിംഗമായ പ്രധാനത്തില്‍ പര്യവസാനിക്കുന്നു.
സൂക്ഷ്മവിഷയങ്ങള്‍ പ്രധാനത്തോടെ അവസാനിക്കുന്നു.

സ്ഥൂലവിഷയങ്ങളെന്നു പറയുന്നതു സ്ഥൂലമഹാഭൂതങ്ങളും അവയില്‍നിന്നുണ്ടാകുന്ന കാര്യങ്ങളും മാത്രമാണ്. സൂക്ഷ്മവിഷയങ്ങള്‍ തന്മാത്രകളെന്നു പറയുന്ന സൂക്ഷ്മഭൂതങ്ങള്‍തൊട്ടു തുടങ്ങുന്നു. എല്ലാ ഇന്ദ്രിയങ്ങളും സര്‍വ്വേന്ദ്രിയസാമാന്യമൂലമായ മനസ്സും അഹങ്കാരവും, സര്‍വ്വപ്രപഞ്ചഭാവങ്ങള്‍ക്കും അഭിവ്യഞ്ജകമായ ബുദ്ധിയും (മഹത്തത്ത്വം) പ്രകൃതി അഥവാ അവ്യക്തം എന്നറിയപ്പെടുന്ന സത്ത്വരജസ്തമോഗുണസാമ്യമായ പ്രധാനവും – എല്ലാം സൂക്ഷ്മ വിഷയകോടിയിലന്തര്‍ഭവിക്കുന്നു. പുരുഷന്‍ മാത്രമാണ് ഇതിലുള്‍പ്പെടാതെയുള്ളത്.

46. താ ഏവ സബീജഃ സമാധിഃ.
താഃ ഏവ = മുന്‍പറഞ്ഞവ (സമാപത്തികള്‍) തന്നെ, സബീജഃ = ബീജ(വിഷയ)ത്തോടുകൂടിയ, സമാധിഃ = (സംപ്രജ്ഞാത) സമാധി ആകുന്നു.
ഈ സമാധികളെല്ലാം ബീജമുള്ളവയാകുന്നു.
ഇവ പൂര്‍വ്വകര്‍മ്മബീജങ്ങളെ നശിപ്പിക്കായ്കയാല്‍ മോക്ഷപ്രദമല്ല. എങ്കില്‍ ഇവകൊണ്ട് യോഗിക്കുണ്ടാവുന്ന പ്രയോജനമെന്തെന്ന് അടുത്ത സൂത്രം പ്രതിപാദിക്കുന്നു.

47. നിര്‍വിചാരവൈശാരദ്യേിധ്യാത്മപ്രസാദഃ.
നിര്‍വിചാരവൈശാരദ്യേ (സതി) = (മുന്‍പറഞ്ഞ) നിര്‍വിതര്‍ക്കത്തിന്റെ വൈശാരദ്യം (അത്യന്തസ്വച്ഛസ്ഥിയാകുന്ന വൃത്തികളുടെ പ്രവാഹം) ഉണ്ടാകുമ്പോള്‍, അദ്ധ്യാത്മപ്രസാദഃ = അദ്ധ്യാത്മത്വത്തിന്റെ സാക്ഷാത്കാരം – ആത്മസാക്ഷാത്കാരം -ഉണ്ടാകുന്നു.
നിര്‍വിചാരസമാധി നിര്‍മ്മലമാകുമ്പോള്‍, ചിത്തം സ്ഥിരീഭവിക്കുന്നു.

48. ഋതംഭരാ തത്ര പ്രജ്ഞാ.
തത്ര = നിര്‍വിചാരവൈശാരദ്യമുളവായാല്‍, (യോഗിനഃ = യോഗിക്ക്), ഋതംഭരാ = ഋതംഭര എന്ന, പ്രജ്ഞാ = പ്രജ്ഞ (സമുത്പദ്യതേ = ഉണ്ടാകുന്നു.)
അതിലുള്ള പ്രജ്ഞയെ ‘ഋതംഭര’ എന്നു പറയുന്നു.

അടുത്ത സൂത്രത്തില്‍ ഇതു സ്പഷ്ടമാകും.

49. ശ്രുതാനുമാനപ്രജ്ഞാഭ്യാമന്യവിഷയാ
വിശേഷാര്‍ത്ഥത്വാത്.
(സാ = ആ ഋതംഭരപ്രജ്ഞ) വിശേഷാര്‍ത്ഥത്വാത് = വിശേഷത്തെ വിഷയീകരിക്കുന്നതിനാല്‍, ശ്രുതാനുമാനപ്രജ്ഞാഭ്യാം = ആഗമജന്യവും അനുമാനജന്യവുമായ ജ്ഞാനത്തില്‍നിന്ന്, അന്യവിഷയാ = ഭിന്നവിഷയത്തോടുകൂടിയതാകുന്നു.

ശ്രുതാനമാനങ്ങള്‍വഴി ലഭിക്കുന്ന ജ്ഞാനം സാമാന്യവിഷയകമാണ്. ഇപ്പറഞ്ഞ സമാധിയിലെ പ്രജ്ഞശ്രുതാനുമാനങ്ങള്‍ക്ക് അഗമ്യങ്ങളായ ഭൂമികകളെ അവഗാഹനം ചെയ്യുകയാല്‍ എത്രയും അധികം ഉത്കൃഷ്ടമാണ്.

ഭാവം ഇതാണ്; സമാന്യവിഷയകമായ ജ്ഞാനം പ്രത്യക്ഷാനുമാനങ്ങള്‍കൊണ്ടും പ്രാമാണികരായ ആപ്തപുരുഷന്മാരുടെ വചനം മുഖേനയും വേണം നമുക്കു സിദ്ധിക്കാന്‍. പ്രാമാണികന്മാര്‍ എന്നതുകൊണ്ടു യോഗികള്‍ അര്‍ത്ഥമാക്കുന്നത്, വേദശാസ്ത്രങ്ങളില്‍ രേഖപ്പെടുത്തിയ തത്ത്വങ്ങളെ സാക്ഷാത്കരിച്ച ഋഷീശ്വരന്മാരെയാണ്. ശാസ്ത്രങ്ങള്‍ക്കുള്ള ഏകപ്രാമാണ്യം അവ പ്രാമാണികന്മാരാല്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാകുന്നു എന്നതുതന്നെ. എന്നിരുന്നാലും വേദങ്ങള്‍ നമുക്കു സ്വാനുഭവമുണ്ടാക്കിത്തരാന്‍ സമര്‍ത്ഥങ്ങളല്ലെന്നും യോഗികള്‍ പറയുന്നുണ്ട്. വേദങ്ങളെല്ലാം നമുക്കു പഠിക്കാം. എന്നാലും ഒരനുഭൂതിയും അതുകൊണ്ടുണ്ടാവില്ല. എപ്പോള്‍ നാം അവയിലെ ഉപദേശങ്ങളെ അനുഷ്ഠിച്ചു ശീലിക്കുന്നുവോ അപ്പോള്‍ അവയുടെ തത്ത്വാര്‍ത്ഥം സാക്ഷാത്തായി ദര്‍ശിക്കാവുന്ന അവസ്ഥയില്‍ നാം എത്തും. ആ സ്വാനുഭവം, പ്രത്യക്ഷാനുമാന ങ്ങള്‍ക്കോ യുക്തിവിചാരത്തിനോ പ്രവേശിക്കാനാവത്തതും മറ്റുള്ളവരുടെ സാക്ഷ്യംപോലും നിഷ്പ്രയോജനമാവുന്നതുമായ ഒരവസ്ഥയിലേക്കു തുളച്ചുകയറിച്ചെല്ലുന്നു. ഇതാണ് ഈ സൂത്രത്തിന്റെ താല്പര്യം.

സ്വാനുഭവമാണു യഥാര്‍ത്ഥമതം (ആദ്ധ്യാത്മികത), മറ്റുള്ളതെല്ലാം സഹകാരിസാധനങ്ങള്‍മാത്രം. പ്രസംഗം കേള്‍ക്കുന്നതും പുസ്തകം വായിക്കുന്നതും യുക്തിവിചാരം ചെയ്യുന്നതുമെല്ലാം ഇതിലേക്കുള്ള കളമൊരുക്കല്‍മാത്രം. അവ മതമല്ല. യുക്തിയുടെ സമ്മതമോ വിസമ്മതമോ ഒന്നും ആദ്ധ്യാത്മികതയല്ല. ഇന്ദ്രിയവിഷയങ്ങള്‍ നമുക്കു പ്രത്യക്ഷമായിരിക്കും പോലെ അതിലുമധികം പ്രകൃഷ്ടതരമാം വണ്ണം, ആദ്ധ്യാത്മികതയും നമുക്കു നേരിട്ട് അനുഭവിക്കാവുന്നതാണെന്നത്രേ യോഗശാസ്ത്രത്തിന്റെ മൗലികസിദ്ധാന്തം. ഈശ്വരന്‍, ആത്മാവ് തുടങ്ങിയ ആദ്ധ്യാത്മികതത്ത്വങ്ങള്‍ ബാഹ്യേന്ദ്രിയങ്ങള്‍ക്കു വിഷയമല്ല: ഈശ്വരനെ കണ്ണുകൊണ്ടു കാണാനോ കൈകൊണ്ടു തൊടാനോ സാദ്ധ്യമല്ല. മാത്രമല്ല, അതീന്ദ്രിയവിഷയങ്ങളെപ്പറ്റി യുക്തിവിചാരം ചെയ്യാനും സാധ്യമല്ലെന്നു നമുക്കറിയാം. യുക്തി എത്രയും അനിശ്ചിതമായ ഒരവസ്ഥയില്‍ നമ്മെ തള്ളി വിടുകയേ ചെയ്യൂ. ജീവിതം നീളെ നമുക്കു യുക്തിവാദം ചെയ്തുകൊണ്ടിരിക്കാം; ലോകം എത്രയോ സഹസ്രാബ്ദങ്ങളായി അതു തന്നെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നതും. ഫലമോ? ആദ്ധ്യാത്മികതത്ത്വങ്ങളെ സമര്‍ത്ഥിപ്പാനോ ഖണ്ഡിപ്പാനോ നമുക്കു ശേഷിയില്ലെന്നു നാം ഒടുവില്‍ കണ്ടെത്തുന്നു. പ്രത്യക്ഷവസ്തുക്കളെ ആസ്പദമാക്കി അതിന്‍മേലാണു നമ്മുടെ അനുമാനവിചാരം. അങ്ങനെയിരിക്കെ, അനുമാനത്തിന് ഈ പ്രത്യക്ഷപരിധിക്കുള്ളിലേ വ്യാപരിക്കാനാവൂ, അതിനപ്പുറം പോകാന്‍ ഒരിക്കലും സാധ്യമല്ലെന്നു സ്പഷ്ടം. ആകയാല്‍ സമാധി പ്രജ്ഞയുടെ നിശ്ശേഷവിഷയവും അതീന്ദ്രിയവുമാകുന്നു. മനുഷ്യന് ഇന്ദ്രിയപ്രത്യക്ഷത്തെയും അതിനപ്പുറമുള്ള യുക്തിചിന്തയെയും അതിക്രമിക്കാന്‍ സാധിക്കുമെന്നു യോഗികള്‍ പറയുന്നു. ആ വൈഭവം, പ്രജ്ഞയെപ്പോലും അതിക്രമിക്കുവാന്‍ സമര്‍ത്ഥമായ പ്രജ്ഞാവൈശാരദ്യം (ഋതംഭരത്വം), മനുഷ്യനു സഹജമായിട്ടുണ്ട്. മാത്രമല്ല, സര്‍വ്വപ്രാണികളിലും, സര്‍വ്വ ജീവസൃഷ്ടികളിലും, ആ വൈഭവം അന്തര്‍ലീനമായിട്ടുണ്ട്. ആ ശക്തിയോഗാഭ്യാസത്താല്‍ പ്രബുദ്ധമാകുമ്പോള്‍ മനുഷ്യന്‍ സാമാന്യ യുക്തിസീമകളെ അതിലംഘിച്ച്, സര്‍വയുക്തിചിന്തകള്‍ക്കും അതീതമായ വസ്തുതകളെ അപരോക്ഷമായി ദര്‍ശിക്കുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 286-290]