51. തസ്യാപി നിരോധേ സര്‍വനിരോധാ –
ന്നിര്‍ബീജഃ സമാധിഃ.
തസ്യ അപി = (അഭ്യാസദാര്‍ഢ്യംകൊണ്ട്), അതിന്റെ (സംപ്രജ്ഞാതത്തിന്റെ)യും, നിരോധേ = നിരോധത്തോടുകൂടി, സര്‍വ നിരോധാത് = എല്ലാ ചിത്തവൃത്തികളും അവയുടെ കാരണത്തില്‍ ഒതുങ്ങുകയാല്‍: നിര്‍ബീജഃ =നിര്‍ബീജമായ, സമാധിഃ = സമാധി, (ഉത്പദ്യതേ = ഉണ്ടാകുന്നു.)
ഇതരസംസ്‌കാരങ്ങളെ നിരോധിക്കുന്ന ഈ സംസ്‌കാരത്തിന്റെയും നിരോധത്തോടുകൂടി എല്ലാം നിരുദ്ധമാകുന്നതിനാല്‍ നിര്‍ബീജസമാധി ഉണ്ടാകുന്നു.
നമ്മുടെ ലക്ഷ്യം ആത്മസാക്ഷാത്കാരമാണെന്ന വസ്തുത ഓര്‍മ്മയുണ്ടല്ലോ. നമുക്കിപ്പോള്‍ ആത്മാവിനെ കാണാന്‍ കഴിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ അതു പ്രകൃതിയുമായി കലര്‍ന്ന്, മനഃശരീരങ്ങളോട് അഭേദമായ നിലയിലാണ് അനുഭവപ്പെടുന്നത്. ശരീരമാണ് ആത്മാവെന്ന് അവിദ്വാനു തോന്നുന്നു. മനസ്സാണ് ആത്മാവെന്നു വിദ്വാന്‍ വിചാരിക്കുന്നു. എന്നാല്‍ രണ്ടു കൂട്ടരും തെറ്റിദ്ധരിക്കയാണ്. ആത്മാവ് ഈവക വിഷയങ്ങളുമായി ഇടകലര്‍ന്നുപോകാന്‍ കാരണമെന്ത്? ചിത്തത്തില്‍ അനേകതരത്തിലുള്ള വൃത്തികള്‍ ഉദിച്ച് ആത്മാവിനെ ആവരണം ചെയ്യുന്നു. ഈ വൃത്തികളില്‍ക്കൂടി വരുന്ന ആത്മാവിന്റെ ഒരീഷത്‌സ്ഫുരണമേ നമുക്കു കിട്ടുന്നുള്ളു. അങ്ങനെ, ചിത്തവൃത്തി കോപരൂപമായാല്‍ ആത്മാവിനെ കോപിയായി നാം കാണുന്നു. അപ്പോള്‍, ‘ഞാന്‍ കോപിയാണ്’ എന്നു കരുതുന്നു. അതുപോലെ, വൃത്തി സ്നേഹരൂപമായാല്‍, അതില്‍ പ്രതിഫലിച്ച നിലയിലാണു നാം നമ്മളെ കാണുന്നത്. അപ്പോള്‍ നാം സ്നേഹിക്കുന്നുവെന്നു പറയുന്നു. ഇനി, ചിത്തവൃത്തി ദൗര്‍ബ്ബല്യരൂപമായാല്‍, ആത്മാവ് അതില്‍ പ്രതിബിംബിക്കുമ്പോള്‍, നാം ദുര്‍ബലന്മാരാണെന്നു കരുതുന്നു. ഇങ്ങനെ നാനാതരത്തിലുള്ള ആത്മപ്രത്യയങ്ങളും അതിനെ ആവരണം ചെയ്യുന്ന ഈ സംസ്‌കാരങ്ങളില്‍നിന്നാണുണ്ടാകുന്നത്. ചിത്തഹ്രദത്തില്‍ ഒരൊറ്റ തരംഗമെങ്കിലും ഉണ്ടായിരിക്കുന്ന കാലത്തോളം ആത്മാവിന്റെ യഥാര്‍ത്ഥസ്വരൂപം അനുഭവപ്പെടുകയില്ല. സര്‍വ്വവൃത്തികളും ശാന്തമാകുന്നതുവരെ പരമാര്‍ത്ഥമായ സ്വസ്വരൂപസാക്ഷാത്ക്കാരം ഉണ്ടാകയില്ല. അതുകൊണ്ടാണ് ആദ്യം ഈ വൃത്തികളെന്നു പറഞ്ഞാല്‍ എന്താണെന്നു പതഞ്ജലി മഹര്‍ഷി നമ്മെ പഠിപ്പിക്കുന്നത്. രണ്ടാമത് അവയെ നിരോധിക്കാനുള്ള ഉത്തമോപായവും, മൂന്നാമത് അഗ്‌നി അഗ്‌നിയെ ഗ്രസിക്കും പോലെ മറ്റെല്ലാ വൃത്തികളെയും നിരോധിക്കത്തവണ്ണം അതി പ്രബലമായ ഒരു വൃത്തിയെ ഉത്പാദിപ്പിക്കേണ്ട സമ്പ്രദായവും ഉപദേശിക്കുന്നു. ഒന്നുമാത്രം ശേഷിച്ചിരിക്കെ അതിനെ നിരോധിക്കാന്‍ എളുപ്പമാണ്. അങ്ങനെ അതും നിരുദ്ധമാകുമ്പോള്‍ ഉണ്ടാകുന്ന സമാധിയെ നിര്‍ബീജം എന്നു പറയുന്നു. അതില്‍ ഒന്നും അവശേഷിക്കുന്നില്ല. അവിടെ പുരുഷന്‍ സ്വസ്വരൂപേണ, സ്വകീയ മഹിമയില്‍, പ്രകാശിക്കുന്നു. അപ്പോള്‍ മാത്രമേ ആത്മാവ് ഒരു സംഘാതമല്ലെന്നു നാം അറിയൂ. ജഗത്തില്‍ നിത്യമായ കേവലവസ്തു ആത്മാവൊന്നുമാത്രമാണ്. ആകയാല്‍ അതിനു ജനനമോ മരണമോ സംഭാവ്യമല്ല. സനാതനവും ചൈതന്യമാത്രവുമായ ആത്മവസ്തു അമൃതവും അവ്യയവുമാകുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 291-292]