ഒരു ഭക്തന്‍: ഭഗവാന്‍ മുന്‍പ് പറഞ്ഞു, മിഥ്യയും സത്യവും ഒന്നുതന്നെയാണ്. അതു ശരിയാകുന്നതെങ്ങനെ?
രമണ മഹര്‍ഷി: ശങ്കരന്‍റെ മായാവാദാത്തെ ശരിക്കു മനസ്സിലാക്കാതെ തന്ത്രികളും പണ്ഡിതന്മാരും മറ്റും എതിര്‍ക്കുന്നു. (1) ബ്രഹ്മം സത്യം (2) ജഗത്തു മിഥ്യ (3) ജഗത്തു ബ്രഹ്മമാണ് – ഇതാണ് ശങ്കരന്‍ പറയുന്നത്, രണ്ടാമത്തേത് പറഞ്ഞിട്ട് നിറുത്താതെ മൂന്നാമത്തേതുകൂടി കൂട്ടിച്ചേര്‍ക്കണം. അതിന്‍റെ അര്‍ത്ഥം ജഗത്തു ബ്രഹ്മത്തിന്റെ അംശമാണെന്നും അതിനാല്‍ അതിനെ ബ്രഹ്മത്തിനന്യമായി കാണുന്നത് മിഥ്യയാണെന്നാണ്.
എതിര്‍വാദക്കാര്‍ ശങ്കരന്‍റെ ‘കയറ്റില്‍ പാമ്പ്’ ഉദാഹരണത്തെ എതിര്‍ക്കുന്നു. എന്നാല്‍ അദ്ദേഹം ആ ഉദാഹരണം കൊണ്ട് മതിയാക്കുന്നില്ല. അദ്ദേഹത്തിന്‍റെ ‘മരുമരീചിക’ ഉദാഹരണത്തെ കൂടി പരിശോധിക്കണം. മരീചിക തോന്നലാണെന്നറിഞ്ഞ ശേഷം മരീചിക അവിടെ ഉണ്ടായിരുന്നാലും ഒരാള്‍ ഭ്രമിച്ച് വെള്ളം കുടിക്കാനോടുന്നില്ല. ലോകം മിഥ്യയാണെന്നറിഞ്ഞ ശേഷവും ആ തോന്നല്‍ തുടര്‍ന്നുണ്ട്. അതിനെ ബ്രഹ്മത്തിനന്യമെന്നു കരുതാതിരുന്നാല്‍ മതി.
ലോകം ആര്‍ക്ക് തോന്നപ്പെടുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. നിങ്ങളെന്തു പറയും? ആത്മാവിനെന്ന് പറയണം. അല്ലെങ്കില്‍ ബോധരൂപിയായ ആത്മാവിന്‍റെ അസാന്നിധ്യത്തില്‍ ലോകം തോന്നപ്പെടുമോ? ആതാവിനന്യമായിരിക്കുമ്പോള്‍ ലോകം സത്യമായും അന്യമായിരുന്നാല്‍ മിഥ്യയായും ഭവിക്കുന്നു.
പ്രപഞ്ചം ബ്രഹ്മത്തിന്റെ അംശമാണെന്നു എതിര്‍പക്ഷക്കാരും സമ്മതിക്കുന്നുണ്ട്. മരുമരീചിക ദാഹത്തെ ശമിപ്പിക്കുന്നില്ല. അതിനാല്‍ അസത്യം തന്നെ. എന്നാല്‍ പ്രപഞ്ചം പ്രയോജന പരമായതിനാല്‍ അതു സത്യമാണെന്നു കരുതാമെന്നവര്‍ പറയുന്നു. അതും ഇതും എങ്ങനെ ശരിയാവും? സ്വപ്നദാഹത്തെ സ്വപ്നജലം ശമിപ്പിക്കും. എന്നാല്‍ ഉണരുമ്പോഴേ രണ്ടും അസത്യമായി തീരുന്നില്ലേ? അതുകൊണ്ട് ഏതോതരത്തില്‍ പ്രയോജനപ്പെട്ടത് നിമിത്തം തോന്നിയതു സത്യമാണെന്നു പറയാന്‍ പാടില്ല. എപ്പോഴും ഉള്ളത് സത്യവും ഉണ്ടായി ഇല്ലാതാകുന്നത് അസത്യവുമാണ്.