ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 4
സര്‍വ്വയോനിഷു കൗന്തേയ,
മൂര്‍ത്തയഃ സംഭവന്തി യാഃ
താസാം ബ്രഹ്മ മഹദ്‍യോനി
രഹം ബീജപ്രദഃ പിതാ.
അല്ലയോ കുന്തീപുത്ര, വിവിധരൂപത്തിലുള്ള സര്‍വ്വചരാചരങ്ങളുടെയും ജനനി മഹത്തായ പ്രകൃതിയത്രെ. (ഈശ്വരനായിരിക്കുന്ന) ഞാന്‍ ഗര്‍ഭധാന കര്‍ത്താവായ പിതാവുമാകുന്നു.
ഇക്കാരണത്താല്‍ അല്ലയോ അര്‍ജ്ജുനാ, ഞാന്‍ പിതാവും മായ മാതാവും ജഗത്ത് ശിശുവും ആകുന്നു. ഈ ജഗത്തില്‍ കാണുന്ന അസംഖ്യം ജീവജാലങ്ങളെ കണ്ട് നിന്‍റെ ചിത്തത്തില്‍ യാതൊരു വിധത്തിലുമുള്ള ഭേദബുദ്ധിയും ഉണ്ടാവരുത്. മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍, അഹങ്കാരം, പഞ്ചമഹാഭൂതങ്ങള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളും ഒന്ന് തന്നെയാണ്. ഒരേ ദേഹത്തില്‍ വിവിധ അവയവങ്ങള്‍ കാണുന്നതുപോലെ വൈവിധ്യമാര്‍ന്ന ഈ വിചിത്ര വിശ്വത്തെ നീ ഏകമായി ദര്‍ശിക്കണം. ഒരേ വിത്തില്‍ നിന്ന് മുളച്ച് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷത്തില്‍ ചെറുതും വലുതുമായി അനേകം ശാഖകള്‍ കാണുന്നില്ലേ? ആ ശാഖകളെല്ലാം വൃക്ഷവുമായി ഒരേരീതിയില്‍ സംബന്ധപ്പെട്ടിരിക്കുന്നതുപോലെ ഞാന്‍ എല്ലാമായും ഒരേ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഘടം ഭൂമിയുടെ സന്താനമാണ്. വസ്ത്രം പഞ്ഞിയുടെ പൗത്രനാണ്. എല്ലാ കല്ലോലങ്ങളും സാഗരത്തിന്‍റെ സന്തതികളാണ്. അതുപോലെ ഞാന്‍ എല്ലാ ചരാചരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. വഹ്നിയില്‍ കാണുന്ന ജ്വാലയും വഹ്നിയും ഒന്ന് തന്നെ ആയിരിക്കുന്നതുപോലെ ഈ സമ്പൂര്‍ണ്ണപ്രപഞ്ചം ഞാന്‍ തന്നെയാണ്. ഞാന്‍ അതുമായി സംബന്ധപ്പെട്ടിരിക്കുന്നുവെന്നു തോന്നുന്നത് കേവലം ഭ്രമികമാണ്. ഈ പ്രപഞ്ചത്തിന്‍റെ സൃഷ്‌ടി ഹേതുവായി എന്‍റെ അന്തസ്സാരം അമര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്‍ കരുതിയാല്‍, ഈ പ്രപഞ്ചരൂപമായി പ്രകടിപ്പിച്ചിരിക്കുന്നത് പിന്നെ മറ്റെന്താണ്? മാണിക്യത്തിന് അതിന്‍റെ സ്വന്തം തിളക്കത്തില്‍ മറഞ്ഞുപോകാന്‍ കഴിയുമോ? ആഭരണങ്ങളായി രൂപാന്തരം പ്രാപിക്കുന്നതുകൊണ്ട് സ്വര്‍ണ്ണത്തിനു അതിന്‍റെ സ്വഭാവം നഷ്ടപ്പെടുമോ? വിടര്‍ന്നുവിരിഞ്ഞു നില്കുമ്പോഴും താമര, താമര തന്നെയല്ലേ? അല്ലയോ അര്‍ജ്ജുനാ, സ്വന്തം അവയവങ്ങള്‍ക്ക് ശരീരത്തെ ആച്ഛാദനം ചെയ്യാന്‍ കഴിയുമോ? അവയവങ്ങള്‍ തന്നെയല്ലെ ശരീരം? വിതയ്ക്കപ്പെട്ട ധ്യാനം മുളച്ചു വളര്‍ന്നു അതിന്‍മേല്‍ ധാന്യക്കതിരുണ്ടാകുമ്പോള്‍ വിതച്ചധ്യാനം നഷ്ടപ്പെട്ടുപോയെന്നു ആരെങ്കിലും പറയുമോ? യഥാര്‍ത്ഥത്തില്‍ അതു ഗുണീഭവിക്കുകയല്ലേ ചെയ്തത്? അല്ലയോ പാര്‍ത്ഥ, ഈ ജഗത്തിനെ ഒഴിച്ചുമാറ്റി നിര്‍ത്തി എന്നെ പ്രത്യേകമായി കാണുവാന്‍ നീ ശ്രമിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എല്ലാ ചരാചരങ്ങളുടെയും അകത്തും പുറത്തും കുടികൊള്ളുന്നു. ഹേ വീരാ, ഈ സിദ്ധാന്തത്തെപ്പറ്റി നിന്‍റെ അന്തഃകരണത്തില്‍ ദൃഢവിശ്വാസമുണ്ടായിരിക്കണം.
ഞാന്‍ വിവിധ ശരീരരൂപങ്ങളില്‍ വൈവിധ്യത്തോടെ പ്രകാശിക്കുന്നു. ഞാന്‍ അവയുമായി പ്രകൃതിഗുണങ്ങളാല്‍ ബന്ധിതനായിരിക്കുന്നതുപോലെ തോന്നുന്നുവെന്ന് മാത്രം. ഒരുവന്‍ മരിച്ചതായി സ്വപ്നം കണ്ടുവെന്നു വിചാരിക്കുക. അപ്പോള്‍ അവന്‍ മരണത്തിന്‍റെ ദുഃഖം അനുഭവിക്കുന്നു. എന്നാല്‍ ഇതു കേവലം സ്വകല്പിത ദുഃഖമാണ്. ഒരുവന്‍ കാണുന്നതെല്ലാം മഞ്ഞനിറത്തിലായിരിക്കുമ്പോള്‍ അവന് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ടെന്ന് അവന്‍ അറിയുന്നു. ഈ അറിവ് അവനവന്‍റെ അന്തച്ഛക്ഷുസ്സിന്‍റെ അറിവാണ്. കാര്‍മേഘങ്ങളെ നാം കാണുന്നത് സൂര്യപ്രകാശം കൊണ്ടാണ്. എന്നാല്‍ പ്രസ്തുത കാര്‍മേഘങ്ങള്‍ സൂര്യനെ മറച്ച് സൂര്യന്‍ അദൃശ്യമായിരിക്കുമ്പോഴും ആ വസ്തുത നാം കണ്ടു മനസ്സിലാക്കുന്നത് മറയ്ക്കപ്പെട്ട സൂര്യന്‍റെ പ്രകാശം കൊണ്ട് മാത്രമാണ്. ഒരുവന്‍ തന്‍റെ സ്വന്തം നിഴല്‍ കണ്ടു ഭയപ്പെട്ടെന്നു വരാം. എന്നാല്‍ ഈ നിഴല്‍ അവനില്‍ നിന്ന് വ്യത്യസ്തമാണോ? അതുപോലെ വിവിധരൂപങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും ഞാന്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒഴിഞ്ഞു നില്‍ക്കുന്നു. എങ്കിലും ഗുണങ്ങള്‍കൊണ്ട് ഞാന്‍ അവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുള്ള ധാരണ സൃഷ്ടിക്കപ്പെടുന്നു. അജ്ഞാനം നിമിത്തം ഞാന്‍ ബന്ധിതനാണോ അല്ലയോ എന്നുള്ള വസ്തുത ആളുകള്‍ അറിയുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ ജ്ഞാനം കൈവരിക്കുമ്പോള്‍ ഈ ബന്ധനം നിലനില്‍ക്കുന്നില്ലെന്ന് ബോദ്ധ്യമാകും. ആകയാല്‍ അല്ലയോ അര്‍ജ്ജുന ദേവാ, ഈ ബന്ധനം എന്താണെന്നും ഏതേതു ഗുണങ്ങളാലാണ് ഓരോരുത്തരും ബന്ധിതരാകുന്നതെന്നും, ഞാന്‍ പറയാം. ഈ ഗുണങ്ങള്‍ എത്രയുണ്ടെന്നും, അവയുടെ ധര്‍മ്മങ്ങള്‍ എപ്രകാരമാണെന്നും, അവയുടെ രൂപനാമങ്ങള്‍ എന്തൊക്കെയാണെന്നും അത് എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നും മറ്റുമുള്ളതിന്‍റെ മര്‍മ്മം ഞാന്‍ വിശദീകരിക്കാം.