ഒരു ഭക്തന്‍: വാസന നിശ്ശേഷം ഒഴിഞ്ഞാലല്ലേ സാക്ഷാല്‍ക്കാരം സംഭവിക്കുകയുള്ളൂ?
മഹര്‍ഷി: വാസന രണ്ടുവിധം. 1) ബന്ധഹേതുകം – അജ്ഞാനബന്ധം മൂലമുള്ളത്. 2) ഭോഗഹേതുകം – വിവേകികള്‍ക്കു സുഖത്തെ പ്രദാനം ചെയ്യുന്നത്. രണ്ടാമത്തേത് സാക്ഷാല്‍ക്കാരത്തെ തടസ്സം ചെയ്യുന്നില്ല.
ചോ: സാക്ഷാല്‍ക്കരിച്ചവര്‍ വീണ്ടും ജനിക്കുന്നുണ്ടോ? വാമദേവന്‍, ജഡഭരതന്‍ തുടങ്ങിയവരെപ്പോലെ.
മഹര്‍ഷി: സാക്ഷാല്‍ക്കരിച്ചവര്‍ വീണ്ടും ജനിക്കുന്നില്ല. പുനര്‍ജനനം ബന്ധം നശിക്കാത്ത വാസനമൂലമാണ് ഉണ്ടാവുന്നത്. സാക്ഷാല്‍ക്കരിക്കുമ്പോള്‍ വാസന അവശേഷിക്കാതെ ഒടുങ്ങും.
ചോ: അവര്‍ കേവല നിര്‍വ്വികല്പത്തെ പ്രാപിക്കുന്നു. സഹജ നിര്‍വ്വികല്പത്തെയല്ല. അല്ലേ?
മഹര്‍ഷി: അതെ.
ചോ: സുഖപരമായ വാസനമാത്രമേ സാക്ഷാല്‍ക്കാരത്തെ തടയാതിരിക്കുന്നുള്ളുവെങ്കില്‍, അതുപോലെ തന്‍റെ ആനന്ദത്തിനു കോട്ടംവരാതെ ലോക സംഭവങ്ങളെ നിരീക്ഷണം ചെയ്തുകൊണ്ടിരിക്കുന്നുവെങ്കില്‍, അത്രത്തോളം ആഭിമുഖ്യമേ ബന്ധമായിത്തീരുന്നുള്ളൂ. ശരിയാണോ?
മഹര്‍ഷി: ശരിയാണ്. അഭിനിവേശം ബന്ധമാണ്. അഹന്ത നശിക്കുമ്പോള്‍ അതൊഴിയും.
ചോ: സാക്ഷാല്‍ക്കാരത്തിനു ഗുരുസഹായം ആവശ്യമാണ്.
മഹര്‍ഷി: ഗുരു മറ്റാരുമല്ല, ആത്മാവ് തന്നെയാണ്.
ചോ: ശ്രീകൃഷ്ണന് സാന്ദീപനിയും ശ്രീരാമന് വസിഷ്ഠനും ഗുരുക്കന്‍മാരായിരുന്നല്ലോ.
മഹര്‍ഷി: അതൊക്കെ ബാഹ്യഗുരുക്കന്‍മാരാണ്. ബാഹ്യഗുരു ശിഷ്യനെ അന്തര്‍മ്മുഖമാക്കി ചെയ്യുന്നു. ഒടുവില്‍ ശിഷ്യനു തന്‍റെ ആത്മദര്‍ശനമുണ്ടാവുമ്പോള്‍ ബഹിര്‍മുഖമായി കണ്ട ഗുരു തന്‍റെ ആത്മാവിനന്യമല്ലെന്ന് ബോധ്യമാവും.
ചോ: ഞാനെന്‍റെ ജീവനേയും ആത്മാവിനെയും അര്‍പ്പിച്ചു കഴിഞ്ഞു. എന്‍റെ സത്യം എനിക്കറിയാം.
മഹര്‍ഷി: അതു സത്യമാണെങ്കില്‍ ഈ ചോദ്യമുണ്ടാകുമായിരുന്നില്ല.
ചോ: സത്യമാണ്. ഞാന്‍ എല്ലാം വിട്ടു. എന്നിട്ടും ഈ പ്രശ്നം അവശേഷിക്കുന്നു.
മഹര്‍ഷി: ഗുരുകാരുണ്യം നിത്യമാണ്. അതു സ്ഥിരമാണ്. നിങ്ങള്‍ പറയുന്നതിലെ ഇടര്‍ച്ച കാണുകയുള്ളൂ. പിശകു മറ്റെവിടെ ഇരിക്കും.