ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 6

തത്ര സത്ത്വം നിര്‍മ്മലത്വാത്
പ്രകാശകമനാമയം
സുഖസങ്ഗേന ബധ്നാതി
ജ്ഞാനസങ്ഗേന ചാനഘ

അല്ലയോ പാപരഹിതനായ അര്‍ജ്ജുന! ത്രിഗുണങ്ങളില്‍ നിര്‍മ്മലത ഹേതുവായി, ആത്മജ്യോതിസ്സു കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതും ദുഃഖച്ഛായ കലരാത്തതുമായ സത്ത്വഗുണം സുഖസമ്പത്തിനാലും ജ്ഞാനസമ്പാദനത്തിനാലും ജീവനെ ബന്ധിക്കുന്നു. ( ഞാന്‍ സുഖി, ഞാന്‍ ജ്ഞാനി എന്നിങ്ങനെയുള്ള മനോധര്‍മ്മങ്ങളെ അവയില്‍ അഭിമാനിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രജ്ഞനില്‍ യോജിപ്പിക്കുന്നുവെന്നര്‍ത്ഥം)

ഒരു വേടന്‍ വലയെറിഞ്ഞു മാനിനെ പിടിക്കുന്നതുപോലെ സത്ത്വഗുണമാകുന്ന വേടന്‍ സുഖവും ജ്ഞാനവുമാകുന്ന വല ജീവാത്മാവാകുന്ന ഹരിണത്തിന്‍റെ മേല്‍ വീശിയെറിഞ്ഞു അതിനെ വലയ്ക്കുള്ളിലാക്കുന്നു. ആത്മജ്ഞാനത്തിന്‍റെ അനുഭവമില്ലാത്ത, ശബ്ദജ്ഞാനം മാത്രം കൈമുതലായുള്ള, ജീവാത്മാവ് തന്‍റെ ജ്ഞാനത്തില്‍ അഹങ്കരിക്കുകയും കൈകാലുകള്‍ കുടഞ്ഞു അമിതമായി ആഹ്ലാദിക്കുകയും തന്‍റെ സ്വതസ്സിദ്ധമായ ആനന്ദത്തില്‍ നിന്ന് അകന്നകന്നു പോവുകയും ചെയ്യുന്നു. അവന്‍റെ ലൗകികജ്ഞാനത്തിനു ലഭിക്കുന്ന അംഗീകാരത്തില്‍ അവന്‍ സന്തുഷ്ടനും സന്തോഷവാനും ആകുന്നു. അവന്‍ അതു വിവിധതരത്തില്‍ പ്രകടിപ്പിക്കുകയും താന്‍ ഒരു ധന്യാത്മാവാണെന്നു കരുതുകയും ചെയ്യുന്നു. അവന്‍ വീമ്പു പറയും: എന്നെപ്പോലെ സന്തോഷവാന്‍ ആരുണ്ട്‌? ഞാന്‍ എത്ര ഭാഗ്യവാനാണ്?

അഷ്ടസാത്വികഭാവങ്ങള്‍ അവന്‍റെ മനസ്സില്‍ അലതല്ലും. ഇവിടെയും കാര്യം അവസാനിക്കുന്നില്ല. അവന്‍റെ ലൗകികജ്ഞാനത്തില്‍ നിന്നുയരുന്ന വിദ്വത്വഭൂതം അവനെ പിടികൂടുന്നു. ആത്മജ്ഞാനത്തെ അവന്‍ വിസ്മരിക്കുന്നു വിഷയാവബോധം അവനെ ഊതിവീര്‍പ്പിക്കുന്നു. അതു ആകാശത്തോളം വ്യസ്തൃതമാണെന്ന് അവന്‍ സങ്കല്പിക്കുന്നു.

ഒരു രാജാവ് യാചകനാണെന്ന് സ്വപ്നംകണ്ടു ഭിക്ഷ യാചിക്കുമ്പോള്‍ താന്‍ പ്രതീക്ഷിച്ചതിലും അധികമായി എന്തെങ്കിലും കിട്ടിയെന്നു വന്നാല്‍ അതില്‍ അമിതമായി ആഹ്ലാദിക്കുകയും താന്‍ ഇന്ദ്രപദവിയിലെത്തിയെന്നു വിചാരിക്കുകയും ചെയ്യുന്നു. അതുപോലെ ദേഹാതീതനായ ആത്മാവ് ആത്മതത്വത്തെപ്പറ്റി വിസ്മരിക്കുയും ദേഹവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്പോള്‍. അവന്‍റെ ബാഹ്യജ്ഞാനം അവന്‍ ശരീരമാണെന്ന്‍ വിഭാവനം ചെയ്യുന്നതിന് അവനെ പ്രേരിപ്പിക്കുകയും അതിന്‍റെ വെളിച്ചത്തില്‍ അവന്‍ മേനി പറയുകയും ചെയ്യുന്നു. അവന്‍ സംസാരസംബന്ധമായ എല്ലാ പ്രവൃത്തിശാസ്ത്രങ്ങളിലും പാണ്ഡിത്യം നേടുന്നു, യജ്ഞവിദ്യയില്‍ നൈപുണ്യം സമ്പാദിക്കുന്നു. അവന്‍റെ ജ്ഞാനം വാനത്തോളം ഉയര്‍ന്നുവെന്നും സ്വര്‍ഗ്ഗസംബന്ധിയായ ജ്ഞാനം പോലും അവന്‍ കൈവരിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും അവന്‍ കരുതുന്നു. തന്നെക്കാള്‍ കവിഞ്ഞ ജ്ഞാനി വേറെയില്ലെന്ന് അവന്‍ പൊങ്ങച്ചം പറയും. അവന്‍റെ മാനസികഗഗനത്തില്‍ അവന്‍റെ ചാതുര്യചന്ദ്രന്‍ വിരാജിക്കുന്നുവെന്നു അവന്‍ ആത്മപ്രശംസ ചെയ്യും. ഇപ്രകാരം സത്വഗുണം സുഖവും ജ്ഞാനവും ആകുന്ന പാശം കൊണ്ട് ജീവാത്മാവിനെ ബന്ധിച്ചു നിസ്സഹായനായ അവനെ, അലങ്കരിച്ചുകൊണ്ട് നടക്കുന്ന പ്രദര്‍ശനക്കാളയെപ്പോലെ, പിടിച്ചുവലിച്ചുകൊണ്ട് നടക്കുന്നു.

ഇനിയും രജോഗുണം എങ്ങനെയാണ് ആത്മാവിനെ ബന്ധിക്കുന്നതെന്ന് ഞാന്‍ പറയാം.