ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 7
രജോ രാഗാത്മകം വിദ്ധി
തൃഷ്ണാസങ്ഗസമുദ്ഭവം
തന്നിബിധ്നാതി കൗന്തേയ
കര്‍മ്മസങ്ഗേന ദേഹിനം.
അല്ലയോ കുന്തീപുത്ര! രജോഗുണം രാഗ (ആശ) സ്വരൂപമാണെന്നും തൃഷ്ണയും സങ്ഗത്തേയും ഉണ്ടാക്കുന്നതാണെന്നും അറിയുക. അത് കര്‍മ്മങ്ങളിലുള്ള ആസക്തികൊണ്ട് ദേഹത്തോട് കൂടിയിരിക്കുന്ന ആത്മാവിനെ ബന്ധിക്കുന്നു.
ആത്മാവിനെ എപ്പോഴും രഞ്ജിപ്പിക്കുന്നതുകൊണ്ടാണ് ഇതിനെ രജോഗുണം എന്ന് വിളിക്കുന്നത്. ഈ വസ്തുത രജോഗുണത്തിന് അറിയുകയും ചെയ്യാം, രജോഗുണത്തിന്‍റെ സ്വാധീനത്തിലമരുന്ന മനസ്സില്‍ ഇന്ദ്രിയഭോഗങ്ങള്‍ക്ക് വേണ്ടിയുള്ള അഭിലാഷം നിത്യഹരിതമായ താരുണ്യത്തോടെ നിലനില്‍ക്കും. എത്ര ചെറിയ പഴുതില്‍ക്കൂടിയായാലും ഒരുവന്‍റെ അന്തഃകരണത്തില്‍ രജോഗുണം കയറിപ്പറ്റിയാല്‍, അത് ഇന്ദ്രിയവിഷയങ്ങളുടെ പിന്നാലെ പായാന്‍ പ്രേരിപ്പിക്കുകയും ജീവാത്മാവ് വിഷയചിന്താപവനന്‍റെ പുറത്ത് കയറി സവാരി ചെയ്യുകയും ചെയ്യും.
യാഗാഗ്നിയില്‍ കൂടുതലായി നെയ്യൊഴിക്കുമ്പോള്‍ അത് ആളികത്തുന്നു. ചെറുതും വലുതുമായ എല്ലാറ്റിനെയും അത് എരിക്കുന്നു. നെയ്യ് മതിയേ മതിയേയെന്നു അഗ്നി ഒരിക്കലും പറയുകയില്ല. അതുപോലെയാണ് രജോഗുണിയുടെ കാര്യവും. ആഗ്രഹങ്ങള്‍ ഒന്നിനുപിറകെ ഒന്നൊന്നായി അധികരികുന്നു. അവന്‍റെ അഭിലാഷങ്ങള്‍ അനവധിയാണ്. എല്ലാം അവന്‍ ഇഷ്ടപ്പെടുന്നു. സുഖത്തിനുള്ള ദുഃഖം പോലും സഹിക്കാന്‍ അവന്‍ തയ്യാറാകുന്നു. അവന്‍റെ തൃഷ്ണ നിസീമമായതുകൊണ്ട് ഇന്ദ്രവൈഭവംപോലും അവന് നിസ്സാരമാണ്. മഹാമേരു പര്‍വ്വതം അടര്‍ന്നു അവന്‍റെ കൈകളില്‍ പതിച്ചാലും അവന് തൃപ്തി ഉണ്ടാവുകയില്ല. അപ്പോള്‍ അതിനെക്കാള്‍ വലുതിനെയായിരിക്കും അവന്‍ കാംക്ഷിക്കുന്നത്. ഒരു കവടി (ഏറ്റവും ചെറിയ നാണയം) ക്കുവേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ സന്നദ്ധനാകുന്നു. അവന്‍ ഒരു വൈക്കോല്‍ത്തുരുമ്പ് ലഭിക്കുമ്പോള്‍ ഹ്രഷ്ടനാകുന്നു. കൈയിലുള്ളത് ചിലവഴിച്ചു കഴിഞ്ഞാല്‍ നാളത്തേക്ക് വേണ്ടുന്നതിനെയോര്‍ത്ത് അവന്‍ ആകാംക്ഷാഭരിതനാകുന്നു. അതിലേക്കായി പുതിയ പുതിയ സംരംഭങ്ങളില്‍ മുഴുകുന്നു. സ്വര്‍ഗ്ഗത്തിലെത്തുമ്പോഴുള്ള അവന്‍റെ ജീവിതരീതിയെപ്പറ്റി അവന് ആശങ്കയുണ്ട്. അവിടുത്തെ ജീവിതവിജയത്തിനു വേണ്ടി അവന്‍ യജ്ഞങ്ങള്‍ നടത്തുന്നു; വ്രതങ്ങള്‍ അനുഷ്ഠിക്കുന്നു; കിണറുകളും കുളങ്ങളും നിര്‍മ്മിക്കുന്നു. അവന്‍ ഫലദായകങ്ങളായ കാമ്യകര്‍മ്മങ്ങളല്ലാതെ മറ്റൊന്നും ചെയ്യുകയില്ല. ഗ്രീഷ്മകാലാന്ത്യത്തില്‍ അനവതരം ആഞ്ഞടിക്കുന്ന അനിലനെപ്പോലെ, അവന്‍ അഹോരാത്രം അദ്ധ്വാനിക്കുന്നു . മത്സ്യത്തിന്‍റെ ജലത്തിലുള്ള ചലനവും കാമിനിയുടെ കടക്കണ്‍ നോട്ടവും ഒരുപോലെ ചഞ്ചലമാണ്. ഇതിനെ രണ്ടിനേയും വെല്ലുന്ന വിധത്തിലാണ് അവന്‍റെ മനശ്ചാഞ്ചല്യം. മിന്നല്‍പിണര്‍ പോലും അവന്‍റെ മനോവേഗതയുടെ മുന്നില്‍ മുട്ടുകുത്തും. സാംസാരിക ജീവിതവും സ്വര്‍ഗ്ഗീയജീവിതവും ഒരുപോലെ ആസ്വദിക്കണമെന്നുള്ള ഉല്‍ക്കടെച്ഛയോടെ അവന്‍ കര്‍മ്മാഗ്നിയിലേക്ക് കുതിച്ചു ചാടുന്നു. തന്മൂലം ദേഹത്തില്‍ നിന്ന് വ്യത്യസ്തമായ ജീവാത്മാവ് തൃഷ്ണയാകുന്ന പാശത്താല്‍ ദേഹവുമായി ബന്ധനസ്ഥനാവുകയും, സംസാരജീവിത്തത്തിന്‍റെ ഭാണ്ഡം കഴുത്തില്‍ ചുറ്റിക്കൊണ്ട് ജീവിതയാത്ര തുടരുകയും ചെയ്യുന്നു. ഇതാണ് ജീവാത്മാവിനെ ദേഹത്തില്‍ തളച്ചിടുന്ന ഭീകര രാജോഗുണബന്ധനം.
ഇനിയും തമോഗുണത്തിന്‍റെ ജാലങ്ങളെപ്പറ്റി പറയാം.