ശ്രീ രമണമഹര്‍ഷി
ജനുവരി 7, 1937
മരണഭയം എങ്ങനെ ഒഴിവാക്കാമെന്നു ചോദിച്ച ഒരു ഹിന്ദി ഭക്തനോട്:
രമണ മഹര്‍ഷി: മരണത്തെപ്പറ്റി ഓര്‍മ്മിക്കുന്നതിന് മുമ്പ് നിങ്ങള്‍ ജനിച്ചോ എന്നാരായൂ. ജനിച്ചവര്‍ മാത്രമേ മരിക്കേണ്ടിയുള്ളൂ. ഉറക്കത്തെക്കാള്‍ കടുപ്പമല്ല മരണം.
ചോദ്യം: ഉറക്കത്തിലെങ്ങനെയാണ്?
മഹര്‍ഷി: ഇതു ഉറക്കത്തില്‍ തന്നെ ചോദിക്കണം. ഉറക്കത്തിന്‍റെ അനുഭവത്തെ നിങ്ങള്‍ ഉണര്‍ന്നശേഷമന്വേഷിക്കുന്നു. എന്നിട്ട് ഞാന്‍ സുഖമായുറങ്ങി എന്ന് പറയുകയും ചെയ്യുന്നു.
ചോ: ആ അവസ്ഥയെ അനുഭവിച്ചറിയാനുള്ള ഉപായമെന്താണ്?
മഹര്‍ഷി: നാമതിനെ മായ കാരണമെന്ന് വിളിക്കും. കാരണം ഇതു മറ്റവസ്ഥകളില്‍ നമ്മുക്കു പഴക്കമുള്ള അന്തഃകരണത്തിന് എതിരെ ഉള്ളതാണ്. മറ്റുവിധത്തില്‍, ഉറക്കത്തില്‍ നാം ആനന്ദാത്മാ എന്നും ഉണര്‍ച്ചയില്‍ വിജ്ഞാനാത്മാ എന്നും അറിയുന്നു. ഒന്നിനെത്തന്നെ അവസ്ഥാഭേദമനുസരിച്ച് പേരുമാറിപ്പറയും.
ചോ: മായാകാരണത്താല്‍ ആനന്ദാനുഭവത്തെപ്പറ്റി ഉദാഹരണസഹിതം പറയാമോ?
മഹര്‍ഷി: ‘ഞാന്‍ സുഖമായുറങ്ങി’ എന്ന് എന്തനുഭവത്തില്‍കൂടി പറഞ്ഞോ അതിനെത്തന്നെ മായാകാരണം എന്ന് പറഞ്ഞു. വെള്ളത്തില്‍ വീണ സാധനം മുങ്ങി എടുക്കുന്നവര്‍ വെള്ളത്തിനു വെളിയില്‍ വന്നിട്ടേ അതിനെപ്പറ്റി പറയാന്‍ കഴിയൂ. അതുപോലെ ഉറക്കത്തില്‍ മുഴുകിയവന്‍ ഉണര്‍ന്നശേഷമേ ആ അനുഭവത്തെപ്പറ്റി പറയാന്‍ കഴിയൂ.
ചോ: ഉറങ്ങുമ്പോള്‍ ഭയമില്ല. ഉണരുമ്പോള്‍ ഭയം ഉണ്ടാവുന്നതെങ്ങനെ?
മഹര്‍ഷി: ഏതിനെപ്പറ്റിയാണ് ഭയം?
ചോ: ഈ ദേഹം, ലോകം, കര്‍മ്മം. ഈശ്വരന്‍, ഇന്ദ്രിയാദിവിഷയങ്ങള്‍.
മഹര്‍ഷി: എന്നാല്‍ അവയെ നോക്കാതിരുന്നാല്‍ മതിയല്ലോ.
ചോ: നോക്കാതെ എന്തു ചെയ്യണം?
മഹര്‍ഷി: ‘ആത്മാവേ ഞാന്‍’ എന്നിരുന്നാല്‍ മതി. ആത്മാവിനു ജനനമില്ല. അതിനാല്‍ മരണവുമില്ല. തന്മൂലം മരണഭയം വേണ്ടതാനും.