5.അനിത്യാശുചിദുഃഖാനാത്മസു
നിത്യശുചിസുഖാത്മഖ്യാതിരവിദ്യാ.
അനിത്യാശുചിദുഃഖാനാത്മസു അനിത്യ (ന്മാരായ ദേവ)ന്മാരില്‍, അശുചി (ശുചിയില്ലാത്ത ദേഹാദി)കളില്‍, ദുഃഖ (കരങ്ങളായ ഭോഗ)ങ്ങളില്‍, ആത്മാവല്ലാത്തവയില്‍ (ദേഹാദികളില്‍) യഥാക്രമം, നിത്യശുചിസുഖാത്മഖ്യാതിഃ നിത്യങ്ങളെന്നും ശുചികളെന്നും സുഖങ്ങളെന്നും ആത്മാവെന്നുമുള്ള ബുദ്ധി, അവിദ്യാ അവിദ്യയാകുന്നു.
അനിത്യവും അശുചിയും ദുഃഖവും അനാത്മാവുമായവയെ (യഥാക്രമം) നിത്യവും ശുചിയും സുഖവും ആത്മാവുമായി തോന്നുന്നതാണ് അവിദ്യ.
നാനാതരത്തിലുള്ള ക്ലേശസംസ്‌കാരങ്ങള്‍ക്കെല്ലാം ഏകമൂലം അവിദ്യയാണ്. ഈ അവിദ്യ എന്താണെന്ന് ആദ്യമേ മനസ്സിലാക്കണം. ‘ഞാന്‍ ദേഹമാണ്, നിത്യവും ശുദ്ധവും ബുദ്ധവും ആനന്ദസ്വരൂപവുമായ ആത്മാവല്ല’ എന്നു നമ്മളെല്ലാം വിചാരിക്കുന്നു. അതാണ് അവിദ്യ. നാം മനുഷ്യനെ കാണുന്നതും കരുതുന്നതും ദേഹമായിട്ടാകുന്നു. ഇതാണു മഹാമോഹം (ഏറ്റവും വലിയ തെറ്റിദ്ധാരണ).
6. ദൃഗ്ദര്‍ശനശക്ത്യോരേകാത്മതൈവാസ്മിതാ
ദൃഗ്ദര്‍ശനശക്ത്യോഃ ദൃക്ശക്തിയുടെ (ചേതനമായ പുരു ഷന്റെ)യും ദര്‍ശനശക്തിയുടെ (സാത്ത്വികമായ അന്തഃകരണത്തിന്റെ)യും, ഏകാത്മതാ ഇവ അവിവേകത്തില്‍നിന്നുണ്ടായ താദാത്മ്യഭ്രമം, അസ്മിതാ അസ്മിതയാകുന്നു.
ദ്രഷ്ടാവിനും ദര്‍ശനകരണത്തിനും തമ്മിലുള്ള താദാത്മ്യമാണ് അസ്മിത.
ദൃക്ശക്തി വാസ്തവത്തില്‍ നിര്‍മ്മലവും സദാശിവവും അനന്തവും അമൃതവുമായ പുരുഷസ്വരൂപമാണ്. അതാണു മനുഷ്യന്റെ ആത്മാവ്. ഇനി എന്തൊക്കെയാണു ദര്‍ശനശക്തികള്‍? ചിത്തം അഥവാ അന്തഃകരണം, നിശ്ചയാത്മികമായ ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങള്‍ – ഇവയാണു പുരുഷനു ബാഹ്യലോകത്തെ (വിഷയങ്ങളെ) ദര്‍ശിക്കുവാനുള്ള കരണങ്ങള്‍. ഈ കരണങ്ങളുമായി ആത്മാവിനുണ്ടാകുന്ന താദാത്മ്യ പ്രതീതിയാണ് അസ്മിത എന്ന ഭ്രമം: ‘ഞാന്‍ മനസ്സാണ്, ഞാന്‍ വിചാരിക്കുന്നു, എനിക്കു സുഖമാണ്, ഞാന്‍ കോപിക്കുന്നു’ എന്നും മറ്റും നാം പറയാറുള്ളതുതന്നെ ദൃഷ്ടാന്തം. (ദൃക്‌സ്വരൂപമായ) നമുക്ക് എങ്ങനെ കോപിക്കാന്‍ കഴിയും? എങ്ങനെ ദ്വേഷമുണ്ടാകും? (ആത്മാവല്ലാത്ത, നമ്മുടെ സ്വരൂപത്തില്‍ നിന്നന്യമായ, ഒന്നിനോടുള്ള നമ്മുടെ താദാത്മ്യഭ്രമമാണ് അതിനു ഹേതു: ആ ഭ്രമം കളയണം.) ദൃക്ശക്തിയാണു നമ്മുടെ സ്വരൂപം (ആത്മാവ്) എന്ന് അറിയണം. അതു നിര്‍വ്വികാരമാണ്. അങ്ങനെയാണെങ്കില്‍, അത് ഒരിക്കല്‍ സുഖിയും പിന്നൊരിക്കല്‍ ദുഃഖിയുമായിരിക്കുന്നതെങ്ങനെ? അത് അരൂപവും അഖണ്ഡവും സര്‍വ്വഗതവുമാകുന്നു. അതിനെ വികാരപ്പെടുത്താന്‍ എന്തുണ്ട്? അതു സര്‍വ്വനിയമങ്ങള്‍ക്കുമതീതമാണ്. അതിനെ ബന്ധിക്കാന്‍ എന്തിനു കഴിയും? പ്രപഞ്ചത്തിലുള്ള യാതൊന്നിനും അതിന്‌മേല്‍ കാര്യോത്പാദനസാമര്‍ത്ഥ്യമില്ല എന്നാല്‍ അവിവേകം നിമിത്തം നാം അന്തഃകണവുമായി താദാത്മ്യം പ്രാപിച്ചിട്ടു സുഖമോ ദുഃഖമോ അനുഭവിക്കുന്നതായി വിചാരിക്കുന്നു.
7.സുഖാനുശയീ രാഗഃ.
സുഖാനുശയീ സുഖത്തിലിരിക്കുന്ന ബുദ്ധിവൃത്തി, രാഗഃ രാഗം
സുഖത്തെ തുടര്‍ന്നുനില്ക്കുന്നതാണു രാഗം.
ചില വിഷയങ്ങള്‍ സുഖകരമായി തോന്നുകയും മനസ്സ് ഒരു ധാരപോലെ അതിന്റെ നേര്‍ക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഇങ്ങനെ സുഖകേന്ദ്രത്തെ അനുഗമിക്കുന്ന തരത്തിലുള്ള മനോഭാവത്തെയാണു രാഗം എന്നു പറയുന്നത്. സുഖം കാണാത്ത ദിക്കിലൊന്നും നമുക്കു രാഗമുണ്ടാവില്ല. ചിലപ്പോള്‍ വളരെ വിചിത്രങ്ങളായ വിഷയങ്ങളിലും നമുക്കു സുഖം തോന്നും. എന്നാലും ഈ നിയമം ശരിയായിത്തന്നെയിരിക്കും. എവിടെയെല്ലാം നാം സുഖം കാണുന്നുവോ അവിടെയെല്ലാം നമുക്കു രാഗമുണ്ടാകുന്നു.
8.ദുഖാനുശയീ ദ്വേഷഃ
ദുഃഖാനുശയീ ദുഃഖത്തിലിരിക്കുന്ന ബുദ്ധിവൃത്തി, ദ്വേഷഃ ദ്വേഷം.
ദുഖത്തെ തുടര്‍ന്നുനില്ക്കുന്നതാണു ദ്വേഷം.
നമുക്കു ദുഃഖപ്രദമായ വിഷയത്തില്‍നിന്നു സത്വരം ഒഴിഞ്ഞുപോകാന്‍ നാം ആഗ്രഹിക്കുന്നുണ്ടല്ലോ.