രമണമഹര്‍ഷി സംസാരിക്കുന്നു

വിചാരമില്ലെന്നിടത്ത് ശരീരം പ്രതീതമാവുകയില്ല (317)

ശ്രീ രമണമഹര്‍ഷി
ജനുവരി 13 1937

രമണ മഹര്‍ഷി: മനസ് ചുമ്മാതിരിക്കുന്നില്ല എന്നാണു എല്ലാവര്‍ക്കും പരാതി. വിചാരങ്ങളുടെ കൂമ്പാരമാണ് മനസ്സ്. ആത്മാവിനോട് ചേര്‍ന്ന് നിന്നാലേ മനസ്സു ശാന്തമാകൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ ജപം നല്ലതാണ്. തെരുവില്‍ നടന്നുപോകുന്ന ആന ഏതു വാക്കിനും തുമ്പിക്കൈ ആട്ടികൊണ്ടിരിക്കും. ഒരു ചങ്ങല വച്ചു കൊടുത്താല്‍ ആട്ടം നിറുത്തി തുമ്പിക്കൈ ചങ്ങല ചുമന്നുകൊണ്ടുപോകും. അതുപോലെ മനസ്സിന്‍റെ ചാഞ്ചല്യത്തെ തടയാന്‍ ജപം ഉപകരിക്കും.

ഭഗവാന്‍റെ മൊഴികളില്‍ ദത്തശ്രദ്ധനായിരുന്ന ഒരു ഭകതനുണ്ടായ അനുഭവങ്ങള്‍ ഇപ്രകാരം വിവരിക്കപ്പെട്ടു.

“എനിക്കൊരു ശക്തിപ്രവാഹമുണ്ടായത് ശരീരത്തിനുള്ളില്‍ നിന്നെന്നോ വെളിയില്‍ നിന്നെന്നോ നിശ്ചയമില്ല. ദേഹം നല്ലപോലെ മരവിച്ചതായിത്തോന്നി. പിന്നീടതുമാറി. ‘ഞാനാര്’ എന്ന അന്വേഷണം ശക്തിമത്തായുണ്ടായി. ‘ഞാന്‍’ എന്നൊരു ശബ്ദം നീണ്ടുനിന്നു. എങ്ങും ഒരേ വെട്ടവെളി. മറ്റൊന്നുമില്ല. എന്തൊക്കെയോ സംഭവങ്ങള്‍ നടക്കുന്നുവെന്നു അവ്യക്തമായിതോന്നി. ആശ്രമത്തില്‍ വേദപാരായണത്തിനുശേഷം ഭക്തന്മാര്‍ എണീറ്റുനിന്ന് നമസ്ക്കരിക്കുന്നത് കണ്ടു. ഞാനെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ചിന്തകളെല്ലാം എന്നെ കൈവെടിഞ്ഞു ഞാന്‍ വീണ്ടും ശ്യൂനാകാശത്തിലായി. ഭഗവാനെന്നെ വിളിക്കുന്നതുവരെ അവിടെത്തന്നെ നിന്നു. പിന്നീടെനിക്കു സ്മരണയുദിച്ചു. എഴുന്നേറ്റു നിന്ന് നമസ്ക്കരിച്ചു. ആകെ ഒന്നരമണിക്കൂറോളം ഈ ആവേശം എന്നിലുണ്ടായിരുന്നു. അതിപ്പോഴും എന്നെ അലട്ടുന്നു”.

ഇപ്പറഞ്ഞത്‌ കേട്ടുകൊണ്ടിരുന്ന ഭഗവാന്‍ ഒടുവില്‍ പറഞ്ഞു: ഒരാളിനു താന്‍ ശരീരത്തെ വിട്ടുപോയതായിത്തോന്നും. എന്നാല്‍ ശരീരം തന്നെ വിചാരത്തില്‍ കവിഞ്ഞൊന്നുമല്ല. വിചാരമില്ലെന്നിടത്ത് ശരീരം പ്രതീതമാവുകയില്ല. ശരരീമില്ലെങ്കില്‍ അകം-പുറം തോന്നലുമില്ലല്ലോ. എന്നാലും ശീലം കൊണ്ടങ്ങനെ തോന്നിയതാണ്. കടലില്‍ വീണ ഒരു തുണ്ടം ആലിപ്പഴം ജലമായും, തിരയായും, നുരയായും മറ്റും തീരുന്നു. അതുപോലെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു ചൈതന്യസ്ഫുരണം അഹന്തയായി വിജ്രംഭിച്ചിട്ട്‌ മടങ്ങി ഹൃദയത്തോട് ചേരുന്നു.

പാല്‍കടലുപോലെ പരന്നുകിടന്നാലും അതുപോലെ പരന്ന വാ കൊണ്ടതിനെ കുടിക്കാന്‍ കഴിയുന്നില്ല. എത്രയും സൂക്ഷമമായ തൊണ്ടയില്‍കൂടിയേ കുടിക്കാന്‍ കഴിയുകയുള്ളൂ.

നമ്മാള്‍വാര്‍ പറയുകയുണ്ടായി: സാക്ഷാല്‍ക്കരിക്കുന്നതിനുമുമ്പു ഞാന്‍ നിന്നെ അന്വേഷിച്ചു നടന്നു. നീ, എന്‍റെ ആത്മാവാണെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.

Back to top button