സ്വാമി വിവേകാനന്ദന്‍

10. തേ പ്രതിപ്രസവഹേയാഃ സൂക്ഷ്മാഃ
സൂക്ഷ്മാഃ ക്രിയായോഗാനുഷ്ഠാനത്താല്‍ സൂക്ഷ്മങ്ങളായിത്തീര്‍ന്ന, തേ (ക്ലേശാഃ) ആ ക്ലേശങ്ങള്‍, പ്രതിപ്രസവഹേയാഃ പ്രതിപ്രസവംകൊണ്ട് (പ്രതിലോമപരിണാമത്താല്‍, കാര്യത്തെ കാരണത്തില്‍ ലയിപ്പിക്കുന്ന ക്രമത്തില്‍) ഹേയങ്ങള്‍ തള്ളപ്പെടത്തക്കവ ആകുന്നു.
സൂക്ഷ്മമായിരിക്കുന്ന ആ സംസ്‌കാരങ്ങളെ, കാരണത്തില്‍ ലയിപ്പിച്ചു ജയിക്കണം.

സംസ്‌കാരങ്ങളെന്നു പറഞ്ഞതു ഭാവിയില്‍ സ്ഥൂലമായി പരിണമിക്കാനിരിക്കുന്ന സൂക്ഷ്മക്ലേശങ്ങളാണ്. ഈ സംസ്‌കാരങ്ങളെ എങ്ങനെ നിരോധിക്കാം? കാര്യത്തെ കാരണത്തില്‍ ലയിപ്പിക്കുന്ന ഉപായത്താല്‍ ചിത്തത്തെ അതിന്റെ കാരണമായ അസ്മിതയില്‍ ലയിപ്പിക്കുമ്പോഴേ സൂക്ഷ്മസംസ്‌കാരങ്ങള്‍ സമൂലം നശിക്കൂ. ഇവയെ ധ്യാനംകൊണ്ടു നശിപ്പിക്കാവതല്ല.

11. ധ്യാനഹേയാസ്തദ്‌വൃത്തയഃ.
തദ്‌വൃത്തയഃ ആ ക്ലേശങ്ങളുടെ (സുഖദുഃഖമോഹാത്മകങ്ങളായ സ്ഥൂല)വൃത്തികള്‍, (ക്രിയായോഗംകൊണ്ടു തനുവാക്കിയതിനുശേഷം) ധ്യാനഹേയാഃ ധ്യാനം-വിവേകഖ്യാതി (പരിസംഖ്യാനം), എന്ന അഗ്‌നി – കൊണ്ടുതന്നെ ക്രമേണ ദഗ്ധബീജഭാവത്തെ പ്രാപിപ്പിക്കേണ്ടതാണ്.
അവയുടെ (സ്ഥൂല)വൃത്തികള്‍ ധ്യാനത്താല്‍ ത്യാജ്യങ്ങളാകുന്നു.

ഈ വൃത്തികളുടെ ഉദയത്തെ നിരോധിക്കാനുള്ള മഹോപായങ്ങളിലൊന്നാണു ധ്യാനം. ധ്യാനാഭ്യാസത്താല്‍ ഈ വൃത്തികളെ കീഴടക്കത്തക്ക മനഃശക്തി സിദ്ധിക്കും. ധ്യാനം ഒരു സ്വഭാവമായിത്തീരുംവരെ, നിങ്ങളിച്ഛിക്കാതെതന്നെ മനസ്സു ധ്യാനസ്ഥിതമാകുംവരെ, അനേകം ദിവസമോ മാസമോ സംവത്‌സരമോ തുടര്‍ച്ചയായി അഭ്യസിച്ചുപോന്നാല്‍ ഈ ക്രോധത്തെയും വൈരത്തെയും ജയിച്ചടക്കാം.

12. ക്ലേശമൂലഃ കര്‍മ്മാശയോ ദൃഷ്ടാദൃഷ്ടജന്മവേദനീയഃ.
ക്ലേശമൂലഃ ക്ലേശമാകുന്ന കാരണത്തോടുകൂടിയതാണ്, കര്‍മ്മാശയഃ കര്‍മ്മജന്യമായ ആശയം – ധര്‍മ്മാധര്‍മ്മങ്ങളാകുന്ന സംസ്‌കാരവിശേഷം അഥവാ ഗുണവിശേഷം (കര്‍മ്മാശയം ക്ലേശ മൂലമാകുന്നു.) (സഃ ആ കര്‍മ്മാശയം) ദൃഷ്ടാദൃഷ്ടജന്മ വേദനീയഃ ദുഷ്ടജന്മവേദനീയവും അദൃഷ്ടജന്മ വേദനീയവും ആകുന്നു.
ക്ലേശങ്ങളിലാണു കര്‍മ്മാശയത്തിന്റെ (സംസ്‌കാരങ്ങളുടെ) വേര്. അവ അനുഭവപ്പെടുന്നതു ദൃഷ്ടമായ ഈ ജന്മത്തിലോ അദൃഷ്ടമായ (മറു) ജന്മത്തിലോ ആണ്.

‘കര്‍മ്മാശയം’ എന്നതുകൊണ്ടു സംസ്‌കാരസഞ്ചയത്തെയാണ് അര്‍ത്ഥമാക്കുന്നത്. നാം കര്‍മ്മം ചെയ്യുമ്പോള്‍ മനസ്സു വൃത്തിരൂപേണ പരിണമിക്കുമെങ്കിലും കര്‍മ്മം അവസാനിക്കുമ്പോള്‍ വൃത്തിയും നശിക്കുന്നതായി നാം വിചാരിക്കുന്നു. എന്നാല്‍ വൃത്തി നശിക്കുന്നില്ല. സൂക്ഷ്മമായിത്തീരുന്നേ ഉള്ളു: അതവിടെത്തന്നെ ശേഷിക്കുന്നു. നാം ആ കര്‍മ്മത്തെ സ്മരിക്കുമ്പോള്‍ അതുണര്‍ന്നു വീണ്ടും വൃത്തിയായി പരിണമിക്കുന്നു. അതുകൊണ്ടു നിശ്ചയിക്കാം അതവിടെയുണ്ടായിരുന്നുവെന്ന്. ഇല്ലായിരുന്നുവെങ്കില്‍ നമുക്കതിന്റെ സ്മരണയുണ്ടാകുമായിരുന്നില്ല. അങ്ങനെ ശുഭമോ അശുഭമോ ആയ ഓരോ വിചാരവും ഓരോ പ്രവൃത്തിയും അന്തരംഗത്തില്‍ അടിഞ്ഞു സൂക്ഷ്മ സംസ്‌കാരമായി സഞ്ചയിക്കപ്പെടുന്നു. സുഖകരവും ദുഃഖകരവുമായ രണ്ടുവക വിചാരങ്ങളും ക്ലേശങ്ങള്‍തന്നെ. എന്തുകൊണ്ടെന്നാല്‍, അവ കാലാന്തരത്തില്‍ ക്ലേശാവഹങ്ങളായിത്തീരുമെന്നു യോഗികള്‍ പറയുന്നു. ഇന്ദ്രിയജന്യമായ സുഖങ്ങളെല്ലാം അവശ്യം ദുഃഖപര്യവസായികളത്രേ. എല്ലാ വിഷയഭോഗങ്ങളും ഭോഗതൃഷ്ണയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഫലം ദുഃഖവുമാകുന്നു. മനുഷ്യന്റെ ആശയ്ക്ക് അതിരില്ല. അവന്‍ ആശിച്ചാശിച്ച് ഒടുവില്‍ ആശ നിറവേറ്റാന്‍ വയ്യാത്ത ഘട്ടമെത്തുന്നു. അതിന്റെ ഫലം ദുഃഖമാണല്ലോ. അതുകൊണ്ടാണു യോഗികള്‍ ശുഭമോ അശുഭമോ ആയ സംസ്‌കാരസഞ്ചയത്തെ ക്ലേശമായി കരുതുന്നത്. അവ ആത്മാവിന്റെ മുക്തിമാര്‍ഗ്ഗത്തെ പ്രതിബന്ധിക്കുന്നവയാണ്.

നമ്മുടെ കര്‍മ്മങ്ങള്‍ക്കെല്ലാം സൂക്ഷ്മമൂലമായ ഈ സംസ്‌കാരങ്ങള്‍തന്നെയാണു വീണ്ടും, ഈ ജന്മത്തിലോ ഭാവിജന്മങ്ങളിലോ, സുഖദുഃഖരൂപമായ ഫലങ്ങളെ ഉത്പാദിപ്പിക്കുവാന്‍ ഹേതുവാകുന്നത്. ഈ സംസ്‌കാരങ്ങള്‍ പ്രബലങ്ങളായിരിക്കുന്ന വിശേഷസന്ദര്‍ഭങ്ങളില്‍ അതിവേഗം ഫലവത്താകുന്നു. അത്യുത്കടമായ മഹാപാപമോ അതുപോലെ അതിവിശിഷ്ടമായ പുണ്യമോ ചെയ്താല്‍ അതിന്റെ ഫലം ഈ ജന്മത്തില്‍ത്തന്നെ നിഷ്പന്നമാകും. അതിപ്രബലമായ ശുഭസംസ്‌കാരശക്തി സമ്പാദിക്കാന്‍ കഴിയുന്നവര്‍ക്ക്, മരിക്കാതെ ഈ ജന്മത്തില്‍ത്തന്നെ സ്വന്തം മനുഷ്യശരീരങ്ങളെ ദേവശരീരങ്ങളാക്കി മാറ്റുവാന്‍ സാധിക്കുമെന്നാണു യോഗികളുടെ വാദം. അതിന് അനേകദൃഷ്ടാന്തങ്ങള്‍ അവരുടെ ശാസ്ത്രഗ്രന്ഥങ്ങളിലുണ്ട്. ആ യോഗികള്‍ അവരുടെ ശരീരഘടകവസ്തുക്കളെത്തന്നെ മാറ്റിക്കളയുന്നു: ഇനിയൊരിക്കലും രോഗമുണ്ടാവാത്ത വിധം ശരീരധാതുക്കളെ പുനഃസംവിധാനം ചെയ്യുന്നു. മാത്രമല്ല, മരണമെന്നു പറയുന്നതും അവര്‍ക്കുണ്ടാകുന്നില്ല. എന്തുകൊണ്ടങ്ങനെ വന്നുകൂടാ? ആഹാരം എന്നതിനു ശരീരവിജ്ഞാനപ്രകാരം, സൂര്യപ്രഭവമായ പ്രാണശക്തിയുടെ സാത്മീകരണം എന്നാണര്‍ത്ഥം. ആ ശക്തി സസ്യങ്ങളില്‍ എത്തുന്നു, സസ്യങ്ങളെ ജന്തുക്കള്‍ ഭക്ഷിക്കുന്നു ജന്തുക്കളെ മനുഷ്യരും. നാം സൂര്യനില്‍നിന്ന് അത്രമാത്രം ശക്തിയെ സംഗ്രഹിച്ചു സാത്മീകരിക്കുന്നുവെന്നാണ് അതിന്റെ താത്ത്വികമായ അര്‍ത്ഥം. ഇതാണു വസ്തുതയെങ്കില്‍, ശക്തിസാത്മീകരണത്തിന് ഒരു രീതിയേ ഉണ്ടാകാവൂ എന്നു വെയ്ക്കുന്നതെന്തിന്? നമ്മുടെ രീതിയല്ല സസ്യങ്ങളുടേത്. ഭൂമിയുടെ ശക്തിസാത്മീകരണരീതി നമ്മുടേതില്‍നിന്നു ഭിന്നമാണ്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ എല്ലാവരും ശക്തിയെ സാത്മീകരിക്കുന്നുണ്ട്. യോഗികള്‍ പറയുന്നത്, തങ്ങള്‍ക്കു മനോബലംകൊണ്ടുതന്നെ ശക്തിയെ സാത്മീകരിക്കാമെന്നാണ്. അവര്‍ക്കു സാധാരണരീതികളെ ആശ്രയിക്കാതെ വേണ്ടത്ര ശക്തി സംഗ്രഹിക്കാന്‍ സാധിക്കും. എട്ടുകാലി സ്വദേഹധാതുവില്‍നിന്നു നൂലുണ്ടാക്കി വലകെട്ടിയിട്ട് അതിനാല്‍ ബദ്ധമാവുന്നു. അതിന് ആ വലനൂലില്‍ക്കൂടിയല്ലാതെ എങ്ങും പോകാന്‍ വയ്യ. അതുപോലെ നമ്മളും നമ്മുടെ ധാതുദ്രവ്യം കൊണ്ട് ഈ നാഡീജാലത്തെ നിര്‍മ്മിച്ച് അതില്‍ക്കൂടിയല്ലാതെ പ്രവര്‍ത്തിക്കാന്‍ വയ്യാത്ത നിലയിലായിരിക്കുന്നു. നാം അങ്ങനെ അവയാല്‍ ബദ്ധരായേ തീരൂ എന്നില്ലെന്നാണു യോഗികളുടെ അഭിപ്രായം.

ഇതുപോലെയാണു വിദ്യുച്ഛക്തിയും. ലോകത്തിന്റെ ഏതൊരു ഭാഗത്തേക്കും വൈദ്യുതപ്രവാഹത്തെ അയയ്ക്കാം. എന്നാല്‍ നമുക്കതിനു കമ്പികള്‍ വേണം. പ്രകൃതിയാകട്ടെ, എത്ര മഹത്തായ വിദ്യുത്പ്രവാഹത്തെയും ഒരു കമ്പിയുടെയും സഹായമില്ലാതെ പ്രസരിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടു നമുക്കും അതുപോലെ പാടില്ല? നമുക്കു മാനസികവൈദ്യുതിയെ പ്രസരിപ്പിക്കാം. മനസ്സെന്നു പറയുന്നത് ഏതാണ്ടു വിദ്യുച്ഛക്തിപോലെയുള്ള ഒന്നുതന്നെയാണ്. ഈ നാഡീപ്രവാഹത്തില്‍ കുറച്ചു വിദ്യുച്ഛക്തിയുണ്ടെന്നു സ്പഷ്ടം. എന്തു കൊണ്ടെന്നാല്‍, അതിനു ധ്രുവീകരണമുണ്ട്, അതു വൈദ്യുത ധര്‍മ്മങ്ങളെല്ലാം അനുസരിക്കുന്നുണ്ട്. നമുക്കിപ്പോള്‍ ഈ നാഡീമാര്‍ഗ്ഗമായിട്ടേ വൈദ്യുതപ്രസരണം സാധിക്കൂ. ഇവയുടെ സഹായമില്ലാതെ മാനസികവൈദ്യുതിയെ എന്തുകൊണ്ട് അയച്ചുകൂടാ? അതു തികച്ചും സാദ്ധ്യമാണെന്നും പ്രയോഗക്ഷമമാണെന്നും യോഗികള്‍ പറയുന്നു. അതു സാദ്ധ്യമാകുമ്പോള്‍ നിങ്ങള്‍ക്കു സമസ്തജഗത്തിലും വ്യാപരിക്കാം, ഏതു ശരീരത്തിലും എവിടെയും നാഡീവ്യൂഹത്തെ അപേക്ഷിക്കാതെ പ്രവര്‍ത്തിക്കാം. ഒരു ജീവന്‍ നാഡീവ്യൂഹത്തില്‍ക്കൂടി വ്യാപരിക്കുമ്പോള്‍ അവന്‍ ജീവിക്കുന്നു എന്നും, ആ വ്യാപാരം നിലച്ചാല്‍ മരിച്ചു എന്നും പറയുന്നു. എന്നാല്‍ ഈ നാഡികളെ അപേക്ഷിച്ചോ അപേക്ഷിക്കാതെയോ ഏതു രീതിയിലും പ്രവര്‍ത്തിക്കാന്‍ സമര്‍ത്ഥനാണ് ഒരുവനെങ്കില്‍, അവനെ സംബന്ധിച്ചിടത്തോളം ജനനവും മരണവും അര്‍ത്ഥശൂന്യമാണ്, അവന്‍ ജനനമരണങ്ങള്‍ക്കതീതനാണ്.

ജഗത്തിലുള്ള സര്‍വശരീരങ്ങളും തന്മാത്രകളാല്‍ നിര്‍മ്മിതമാണ്. അവയ്ക്കു തമ്മിലുള്ള ഭേദം തന്മാത്രകളെ സംവിധാനം ചെയ്ത രീതിയില്‍മാത്രം. ശരീരവിധാതാവു നിങ്ങള്‍ തന്നെയാണെങ്കില്‍, അതിനെ ഏതു രീതിയിലും സംവിധാനം ചെയ്യാം. നിങ്ങളല്ലാതെ മറ്റാരാണ് ഈ ശരീരത്തെ നിര്‍മ്മിച്ചത്? ആരു ഭക്ഷണം കഴിക്കുന്നു? നിങ്ങള്‍ക്കുവേണ്ടി മറ്റൊരാളാണു ഭക്ഷിക്കുന്നതെങ്കില്‍, നിങ്ങള്‍ ഏറെക്കാലം ജീവിക്കില്ല. ആഹാരത്തില്‍നിന്നു രക്തമുണ്ടാക്കുന്നതാര്? നിങ്ങള്‍തന്നെ, നിശ്ചയം. രക്തത്തെ ശുദ്ധീകരിച്ചു ധമനികളില്‍ക്കൂടി പ്രവഹിപ്പിക്കുന്നതാര്? നിങ്ങള്‍തന്നെ. നമ്മളാണു ശരീരത്തിന്റെ നാഥന്മാര്‍, നാംതന്നെ അതില്‍ വസിക്കയും ചെയ്യുന്നു. അതിനെ നവീകരിക്കാനുള്ള ഉപായം നാം മറന്നുപോയെന്നേ ഉള്ളു. നാം യന്ത്രങ്ങളുടെ നിലയിലേക്ക് അധഃപതിച്ചുപോയി. ഇതിന്റെ ഘടകാണുക്കളെ വിന്യസിക്കേണ്ട രീതി നാം മറന്നുകളഞ്ഞു. അതുകൊണ്ടു യന്ത്രങ്ങളെപ്പോലെ ബോധരഹിതനായി ചെയ്യുന്നതിനെ ഇനി ബോധപൂര്‍വ്വം ചെയ്താല്‍ മതി. നമ്മളാണിതിന്റെ നാഥന്മാര്‍, നാംതന്നെ ആ സംവിധാനത്തെ ക്രമപ്പെടുത്തണം. ഇതു സാധിക്കുന്ന മാത്രയില്‍ നമുക്കു ശരീരത്തെ യഥേഷ്ടം നവീകരിക്കാന്‍ കഴിവുണ്ടാകും. പിന്നെ നമുക്കു ജനനമോ മരണമോ രോഗമോ ഉണ്ടാകുന്നതല്ല.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 303-306]