ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 16, 17
കര്‍മ്മണഃ സുകൃതസ്യാഹുഃ
സാത്ത്വികം നിര്‍മ്മലം ഫലം
രാജസ്തു ഫലം ദുഃഖ-
മജ്ഞാനം തമസഃ ഫലംസത്ത്വാത് സഞ്ജായതേ ജ്ഞാനം
രാജസോ ലോഭാ ഏവ ച
പ്രമോദമോഹൗ തമസോ
ഭവതോഽ ജ്ഞാനമേവ ച
സുകൃതകര്‍മ്മങ്ങളുടെ ഫലം നിര്‍മ്മലമായ സാത്വികവും രാജസകര്‍മ്മത്തിന്‍റെ ഫലം ദുഃഖവും താമസകര്‍മ്മത്തിന്‍റെ ഫലം അജ്ഞാനവുമാണെന്ന് തത്ത്വദര്‍ശികള്‍ പറയുന്നു.
സത്ത്വഗുണത്തില്‍ നിന്ന് ജ്ഞാനവും രജസ്സില്‍ നിന്ന് ഒടുങ്ങാത്ത ആഗ്രഹവും ഉണ്ടാകുന്നു. തമോഗുണത്തില്‍ നിന്ന് തെറ്റും തെറ്റിദ്ധാരണയും ഉണ്ടാകുന്നു. കൂടാതെ അജ്ഞാനവും ഉണ്ടാകുന്നു.
ഇക്കാരണത്താല്‍ നന്മയില്‍നിന്ന് ഉടലെടുക്കുന്ന കര്‍മ്മങ്ങളെ സല്ക്കര്‍മ്മങ്ങളെന്നു വേദങ്ങള്‍ പറയുന്നു. പരിശുദ്ധമായ സല്ക്കര്‍മ്മങ്ങളില്‍ നിന്ന് അനായാസേന ലഭിക്കുന്ന സുഖവും ജ്ഞാനവും നിറഞ്ഞ അന്യൂന്യമായ ഫലം സത്വഗുണഫലം എന്ന് അറിയപ്പെടുന്നു. രജോഗുണത്തില്‍ നിന്നും രൂപം കൊള്ളുന്ന എല്ലാ കര്‍മ്മങ്ങളും കാഴ്ചയ്ക്ക് ചേതോഹരവും ബാഹ്യമായി സുഖം നല്‍കുന്നതും ആയിരിക്കും. എന്നാല്‍ അവ കാട്ടുവെള്ളരിയുടെ കമനീയമായ കായ്കള്‍പോലെ കയ്പേറിയതും ദുഃഖഭൂയിഷ്ഠവുമായിരിക്കും. തമോഗുണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫലങ്ങളാകട്ടെ, വേയ്പിന്‍ കായ്പോലെ മനോജ്‌ഞമാണെങ്കിലും പാഷാണം പോലെ തിക്ത്മായിരിക്കും,. വിഷവൃക്ഷങ്ങള്‍ വിഷവാഹിനികളായ ഫലങ്ങളെ മാത്രം വിളയിക്കുന്നതുപോലെ തമോഗുണത്തില്‍ നിന്ന് ഉദ്ഭൂത്മാകുന്ന എല്ലാ കര്‍മ്മങ്ങളും അജ്ഞാനമാകുന്ന ഫലത്തെയാണ് ഉത്പാദിപ്പിക്കുന്നത്.
അല്ലയോ അര്‍ജ്ജുന, പകലിന്‍റെ ഹേതു സൂര്യനായിരിക്കുന്നതുപോലെ ജനനത്തിന്‍റെ ഹേതു സത്ത്വഗുണമാണ്. ലോഭത്തിനു കാരണം രജോഗുണമാണ്. ലോഭിയായവന്‍ പരമാത്മസ്വരൂപത്തെ വിസ്മരിക്കുന്നു. തന്മൂലം താന്‍ ദേഹമാണെന്നുന്നു കരുതുകയും അത് ദ്വൈതഭാവത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു.
അല്ലയോ ബുദ്ധിമാനായ അര്‍ജ്ജുന, മോഹം, അജ്ഞാനാം, പ്രമോദം എന്നീ മൂന്നു ദോഷങ്ങളും തമോഗുണത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. നിന്‍റെ വിവേചനാശക്തിക്ക് കരതലാമലകം പോലെ സപഷ്ട്മായി ഗോചീരഭവിക്കത്തക്കവണ്ണം ഈ മൂന്നു ഗുണങ്ങളുടെയും ലക്ഷണങ്ങള്‍ ഞാന്‍ പ്രത്യേകമായി വിശധമാക്കിത്തന്നു. ഇപ്രകാരം രജസ്സും തമസ്സും ഗുണങ്ങള്‍ മനുഷ്യന്‍റെ സമാര്‍ഗ്ഗബോധത്തെ നശിപ്പിച്ചു അവനെ അധഃപതനത്തിലേക്ക് നയിക്കുമ്പോള്‍ സത്ത്വഗുണം മാത്രമാണ് ഒരുവനെ ജ്ഞാനത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതുകൊണ്ടാണ് പലരും ഇഹലോകജീവിതത്തിലൊട്ടാകെ സത്ത്വഗുണ തത്ത്വങ്ങളെ പിന്തുടരുന്നത്. അവര്‍ എല്ലാം പരിത്യജിച്ചു ചതുര്‍ത്ഥാശ്രമ ജീവിതം നയിച്ച് ആത്മജ്ഞാനം നേടി പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.