ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 18

ഊര്‍ദ്ധ്വം ഗച്ഛന്തി സത്ത്വസ്ഥാ
മദ്ധ്യേ തിഷ്ഠന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാ
അധോ ഗച്ഛന്തി താമസാഃ

സത്ത്വഗുണ സമ്പന്നന്മാര്‍ ഉപരിലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണപ്രധാനികള്‍ മനുഷ്യലോകത്തില്‍ത്തന്നെ ജനിക്കുന്നു. നികൃഷ്ടമായ വൃത്തിയില്‍ സ്ഥിതിചെയ്യുന്ന തമോഗുണപ്രധാന്മാരാകട്ടെ അധോലോകത്തെ (നരകത്തെ) പ്രാപിക്കുന്നു.

സന്തുഷ്ടരായി സല്‍ഗുണജീവിതം നയിക്കുന്ന സത്വസ്ഥരുടെ ഭൗതികജീവിതം അവസാനിക്കുമ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തിലെത്തി സ്വര്‍ഗ്ഗാദിപതികളാകുന്നു. അതുപോലെ രജോഗുണപ്രധാനികളായി ജീവിച്ചു മൃതിയടയുന്നവര്‍ മര്‍ത്ത്യലോകത്തില്‍ വീണ്ടും ജന്മമെടുക്കുന്നു. അവിടെ അവരെല്ലാം ദേഹമാകുന്ന ഭാജനത്തില്‍ സുഖദുഃഖങ്ങളാകുന്ന കിച്ചടി ഭക്ഷിക്കുന്നു. മരണത്തിന്‍റെ പാതയില്‍ നിന്ന് അവര്‍ക്കു ഒഴിഞ്ഞുമാറാന്‍ സാദ്ധ്യമല്ല. അതുപോലെ തമോഗുണത്തില്‍ വളര്‍ന്ന്‍ ശാരീരിക സുഖങ്ങളില്‍ മുഴുകി കഴിയുന്നവര്‍ മരിക്കുമ്പോള്‍ അവര്‍ക്ക് നരകഭൂമിയിലേക്കുള്ള അനുജ്ഞാപാത്രം ലഭിക്കുന്നു.

അല്ലയോ പാണ്ഡുപുത്ര, യഥാര്‍ത്ഥ വസ്തുവിന്‍റെ – പരം പൊരുളിന്‍റെ – മേലധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിഗുണങ്ങളുടെ പ്രവര്‍ത്തന സ്വഭാവവും, അവയും യഥാര്‍ത്ഥ വസ്തുവുമായുള്ള ആപേക്ഷികബന്ധവും നിനക്ക് ഞാന്‍ വ്യക്തമായി വിശദീകരിച്ചുതന്നു. പരബ്രഹ്മം യഥാര്‍ത്ഥത്തില്‍ അവ്യയമായി സ്ഥിതിചെയ്യുന്നു. അത് അതിന്‍റെ ചങ്ങാതികളായ ത്രിഗുണങ്ങളുടെ ഭാവങ്ങളെ സന്ദര്‍ഭാനുസൃതം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു രാജാവ് മറ്റൊരു രാജാവിനെ കീഴ്ടക്കിയെന്നോ, താന്‍ പാരാജയപ്പെട്ടുവെന്നോ സ്വപ്നം കണ്ടുവെന്നു വരാം, എന്നാല്‍ ഇതെല്ലാം ഒരേ ആളിന്‍റെ മനോധര്‍മ്മം മാത്രമാണ്. രാജാവിന്‍റെ യഥാര്‍ത്ഥ സ്ഥിതിയെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ല. അതുപോലെ ത്രിഗുണങ്ങളുടെ ഉത്തമവും മദ്ധ്യമവും അധമവുമായ ഗതിഭേദങ്ങള്‍ ഗുണവൃത്തിയില്‍ നിന്നുണ്ടാകുന്നതാണ്. ഗുണങ്ങളെ അടര്‍ത്തിയെടുത്ത് മാറ്റിക്കഴിയുമ്പോള്‍ മൌലികവസ്തുവായ പരമാത്മാവു മാത്രം ശേഷിക്കുന്നു.