ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 21,22,23

കൈര്‍ലിങ്ങ്ഗൈസ്ത്രീന്‍ ഗുണാനേതാ-
നതീതോ ഭവതി പ്രഭോ
കിമാചാരഃ കഥം ചൈതാം-
സ്ത്രീന്‍ ഗുണാനതിവര്‍ത്തതേ

ശ്രീ ഭഗവാനുവാച:
പ്രകാശം ച പ്രവൃത്തീം ച
മോഹമേവ ച പാണ്ഡവ!
ന ദ്വേഷ്ടി സംപ്രവൃത്താനി
ന നിവൃത്താനി കാങ്‍ക്ഷതി

ഉദാസീനവദാസീനോ
ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവ
യോ വതിഷ്ഠതി നെങ്ഗതേ

അല്ലയോ പ്രഭോ ഈ ത്രിഗുണങ്ങള്‍ക്കുമപ്പുറത്ത് കടന്നവന്‍ എന്തു ലക്ഷണങ്ങളോട് കൂടിയിരിക്കുന്നു. അവന്‍ ഏതുതുവിധ ആചാരത്തോട്കൂടിയവനാണ് അവന്‍ എങ്ങനെയാണ് ത്രിഗുണങ്ങളെ മറികടക്കുന്നത്?

അല്ലയോ പാണ്ഡവ, സത്വഗുണധര്‍മ്മായ പ്രകാശവും രജോഗുണധര്‍മ്മമായ പ്രവൃത്തിയും തമോഗുണധര്‍മ്മവുമായ മോഹവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ ആര്‍ അവയെ ഉള്ളുകൊണ്ട് വെറുക്കാതെയിരിക്കുന്നുവോ, അവ ഇല്ലാത്ത സ്ഥിതിയില്‍ അവയെ കാംക്ഷിക്കാതിരിന്നുവോ, അവനത്രെ ഗുണാതീതന്‍.

ഇവന്‍ ഉദാസീനനെപ്പോലെ ഇരിക്കുനതുകൊണ്ട് സത്വര ജസ്തമോഗുണ കാര്യങ്ങളായ സുഖദുഃഖാദികളില്‍ ചഞ്ചലിതനായിപ്പോക്കുന്നില്ലയോ, ഗുണങ്ങള്‍ അവയുടെ ധര്‍മ്മം കാട്ടുന്നുവെന്നല്ലാതെ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന വിവേകജ്ഞാനത്തോടെ ഏവന്‍ സ്ഥിരചിത്തനായി വര്‍ത്തിക്കുന്നുവോ, അവന്‍ ഗുണാതീതനത്രേ.

വീരനായ അര്‍ജ്ജുനന്‍ ആഹ്ലാദത്തിമിര്‍പ്പോടെ ചോദിച്ചു: പ്രഭോ, ഹൃദയത്തില്‍ അടിയുറച്ച ജ്ഞാനം കൈവരിച്ചവന്‍റെ ലക്ഷണങ്ങളെന്തെല്ലാമാണ്? ഗുണാതീതനായ ഒരുവന്‍റെ പെരുമാറ്റം എങ്ങനെയാണ്? അവന്‍ ഏതുപ്രകാരമാണ് ഗുണങ്ങളെ അതിക്രമിക്കുന്നത്? അല്ലയോ കാരുണ്യഗേഹമായ ഭാഗവാനേ, അതെപ്പറ്റിയെല്ലാം എനിക്കു വിശദീകരിച്ചു തന്നാലും.

അര്‍ജ്ജുനന്‍റെ ചോദ്യങ്ങള്‍ കേട്ടു ഷഡ്ഗുണരാജാവായ ഭഗവാന്‍ അരുള്‍ ചെയ്തു:

അര്‍ജ്ജുനാ, നിന്‍റെ ചോദ്യം തികച്ചും വിചിത്രമായിരിക്കുന്നു. അതു വളരെ നിസ്സാരമായിപ്പോയി. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു എങ്ങനെ നിശ്ചലമാകുമെന്നോ സത്യം എങ്ങനെ അസത്യമാകുമെന്നോ ചോദിക്കുന്നതുപോലെ അസംബന്ധമാണ് നിന്‍റെ ചോദ്യം. ഒരുവന്‍ ഗുണാതീതനാണെന്ന് പറയുമ്പോള്‍ തന്നെ അവന്‍ ഗുണങ്ങളെ മറികടന്നവനാണെന്നല്ലേ അതിന്‍റെ അര്‍ത്ഥം? ഗുണങ്ങളുമായി സംബന്ധപ്പെടാനിടയായാല്‍ പോലും ഗുണാതീതന് അതിന്‍റെ സ്വാധീനവലയത്തില്‍ നിന്ന് അകന്ന് മാറാന്‍ കഴിയും. അവനില്‍ എന്തെങ്കിലും ഗുണങ്ങളുള്ളതായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അതു സത്യമല്ല. എന്നാല്‍ എല്ലായ്പ്പോഴും ഗുണങ്ങളുമായി ബന്ധപ്പെട്ടു കഴിയാനിടയാകുന്ന ഒരു ഗുണാതീതന്‍, ഗുണങ്ങള്‍ക്കു വശഗനാണോ അല്ലയോ എന്നറിയുന്നത് എങ്ങനെയാണെന്നാണ് നിന്‍റെ സംശയമെങ്കില്‍ അതിനര്‍ത്ഥമുണ്ട്. നിന്‍റെ ചോദ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് നിന്‍റെ സംശയങ്ങള്‍ നീക്കിത്തരുന്നതിനുവേണ്ട വിവരണം ഞാന്‍ നല്‍കാം. അപ്രകാരമുള്ള ഒരുവന്‍റെ ലക്ഷണങ്ങള്‍ വിശദീകരിക്കാം. ശ്രദ്ധിച്ചു കേട്ടുകൊള്ളുക

അല്ലയോ പാണ്ഡപുത്ര, ഗുണാതീതനില്‍ രജോഗുണത്തിന്‍റെ ഉല്‍ക്കര്‍ഷം ഉണ്ടാകുമ്പോള്‍ പ്രവൃത്തി അവനെ വലയം ചെയ്യുന്നു. അവന്‍റെ ദേഹത്തില്‍ കര്‍മ്മാങ്കുരങ്ങള്‍ മുളയ്ക്കുകയും അവന്‍ ഭൗതികകാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ താന്‍ കര്‍മ്മം ചെയ്യുന്നുവെന്നുള്ള അഭിമാനമോ താന്‍ കര്‍ത്താവാണെന്നുള്ള അഹങ്കാരമോ അവനില്ല. താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും അവന്‍ അതില്‍ ഖേദിക്കുകയില്ല.

ഗുണാതീതനില്‍ സത്വഗുണം പ്രബലീഭവിക്കുമ്പോള്‍ അവന്‍റെ ഇന്ദ്രിയങ്ങള്‍ ജ്ഞാനപ്രകാശം കൊണ്ട് പൂരിതമാകുന്നു. എന്നാല്‍ അവന്‍റെ വിദ്വത്വത്തില്‍ അവന്‍ ഹര്‍ഷഭരിതാകുന്നില്ല. അവനില്‍ തമോഗുണം അധികരിക്കുമ്പോള്‍ അവന്‍ അസന്തുഷടനാകുന്നില്ല. മോഹഭ്രമം അവനെ വിഴുങ്ങുകയില്ല. അജ്ഞാനത്തോട് അവന്‍ അനിഷ്ടം ഭാവിക്കുയോ അജ്ഞാനത്തെ അംഗീകരിക്കുയോ ചെയ്യുകയില്ല. മോഹവേളയില്‍ അവന്‍ ജ്ഞാനം സമ്പാദിക്കാന്‍ ഇച്ഛിക്കുകയില്ല. കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതില്‍ അവന്‍ തല്‍പരനല്ല. എന്നാല്‍ എന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടയായാല്‍ അവന്‍ ദുഖിക്കുകയുമില്ല.

ഗുണങ്ങള്‍ക്ക് ഗണന നല്‍കാത്ത അവന്‍റെ സ്ഥിതി, പ്രഭാതവും മദ്ധ്യാഹ്നവും പ്രദോഷവും ബാധിക്കാത്ത പ്രഭാകരന്റേതു പോലെയാണ്. അവന്‍റെ പ്രകാശം വര്‍ദ്ധിപ്പിക്കുന്നതിനായി അവന്‍ കൂടുതല്‍ ജ്ഞാനം സമ്പാദിക്കേണ്ട ആവശ്യമുണ്ടോ? വാരിധി നിറയ്കുന്നതിനു വര്‍ഷജലം വേണമോ? അതുപോലെ അവന്‍ ചെയുന്ന കര്‍മ്മങ്ങളുടെ കര്‍ത്താവ് അവനാണെന്ന് അവന്‍ എങ്ങനെ അഭിമാനിക്കും? ഹിമത്താല്‍ മൂടപ്പെട്ട ഹിമവാന്‍ ശൈത്യംകൊണ്ട് സീല്‍ക്കാരം പുറപ്പെടുവിക്കുമോ? മായാമോഹത്തിന് അവന്‍റെ ജ്ഞാനത്തെ നശിപ്പിക്കാന്‍ കഴിയുമോ? ഗ്രീഷ്മകാലത്തെ മഹാതാപം മഹാഗ്നിയെ കീഴ്പ്പെടുത്തുമൊ?

ഗുണങ്ങളും അതിന്‍റെ കാര്യങ്ങളും അവന്‍റെ തന്നെ അംശമാണെന്നു അവന് അറിയാവുന്നതുകൊണ്ട്‌ ഗുണാതീതന്‍റെ ചിത്തം ഒരിക്കലും ശാന്തത ഭഞജിക്കുകയില്ല. അവന്‍റെ പ്രാരാബദ്ധം കൊണ്ട് അവന്‍ ദേഹത്തെ ധരിക്കാന്‍ ഇടയായതാണെന്നുള്ള ഉത്തമവിശ്വാസം അവനുണ്ട്. ആകയാല്‍ യാത്രാമദ്ധ്യേ വഴിയമ്പലത്തില്‍ താല്‍ക്കാലികമായി വിശ്രമിക്കുന്ന ഒരു പാന്ഥനെപ്പോലെ അവന്‍ ഉദാസീനനാണ്. ജയമോ പരാജയമോ സംഭവിക്കാതെ, ജേതാവിനെയും പരാജിതനെയും ഒരുപോലെ കാണുന്ന നിഷ്പക്ഷമായ ഒരു യുദ്ധഭൂമിപോലെയാണവന്‍. ഗുണങ്ങള്‍ അവനെ കൈവശപ്പെടുത്തുകയോ അവന്‍ ഗുണങ്ങളെ കൈവശപ്പെടുത്തുകയോ ചെയ്യുന്നില്ല. ഗുണങ്ങളുടെ സ്വാധീന വലയത്തിലമര്‍ന്നു അവന്‍ കര്‍മങ്ങള്‍ ചെയ്യുകയോ, അവയെക്കൊണ്ട് എന്തെകിലും കര്‍മ്മങ്ങള്‍ ചെയ്യിക്കുകയോ ചെയ്യുന്നില്ല. ദേഹത്തിലിരിക്കുന്ന പ്രാണന്‍പോലെയോ, വീട്ടിലെത്തിയ ഒരഥിതി പോലെയോ, പൊതുസ്ഥലത്ത് നിലക്കുന്ന കൊടിമരം പോലെയോ, അവന്‍റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ അവന്‍ നിരുത്സകനാണ്. മൃഗതൃഷ്ണയിലെ തിര്മാലകളുടെ ആക്രമണം മഹാമേരു പര്‍വ്വത്തത്തെ ചാലിപ്പിക്കാത്തതുപോലെ ഗുണങ്ങളുടെ വിളയാടല്‍ അവനെ വിക്ഷോഭിപ്പിക്കുകയില്ല. വ്യോമത്തെ ചലിപ്പിക്കാന്‍ വായുവിനു സാദ്ധ്യമാണോ? അന്ധകാരം എപ്പോഴെങ്കിലും സൂര്യനെ വിഴുങ്ങിയിട്ടുണ്ടോ?

ഇതുപോലെ ഗുണങ്ങള്‍ ഒരുവിധത്തിലും ഗുണാതീതനെ ബാധിക്കുകയില്ല. ഉണര്‍ന്നിരിക്കുന്ന ഒരുവന്‍ സ്വപ്നം കാണാത്തതുപോലെ ഗുണാതീതനായ ഒരുവന്‍ ഒരിക്കലും ഗുണങ്ങളാല്‍ ബന്ധിതനാവുകയില്ല. അകലെ നിന്ന് പാവക്കൂത്ത് കാണുന്ന ഒരുവനെപ്പോലെ ഗുണാതീതന്‍ (സ്വസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട്) തന്നിലും ചുററ്റിലുമുള്ള ത്രിഗുണലീലകളെ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഗുണാതീതനായ ഒരുവന്‍റെ സത്ത്വഗുണവാസനകള്‍ സല്ക്കര്‍മ്മങ്ങളില്‍ വ്യാപരിക്കുമ്പോഴും രജോഗുണവാസനകള്‍ രജോവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും തമോഗുണവാസനകള്‍ മോഹത്തില്‍ മുഴുകിയിരിക്കുമ്പോഴും ഈ ഗുണധര്‍മ്മങ്ങളെല്ലാം ജീവാത്മാവിന്‍റെ പ്രാഭവംകൊണ്ടാണ് നടക്കുന്നതെന്ന് അവന്‍ അറിയുന്നു. ഇതു, എല്ലാറ്റിനും സാക്ഷിമാത്രമായിരിക്കുന്ന കര്‍മ്മസാക്ഷിയുടെ ശക്തികൊണ്ട് ലോകവ്യവഹാരങ്ങളെല്ലാം നടക്കുന്നതുപോലെയാണ്. സാഗരത്തില്‍ വേലിയേറ്റമുണ്ടാകുന്നതും, ചന്ദ്രകാന്തക്കല്ലില്‍ നിന്ന് ജലം പൊടിയുന്നതും, കുമുദബാന്ധവന്‍റെ പ്രതാപം തെളിയിക്കുന്നു. എന്നാല്‍ നിശാപതി ഇതിലൊന്നിലും പങ്കില്ലാതെ നിര്‍വ്വികാരനായി നില്‍ക്കുകയാണ്. വായു ശക്തമായി വീശുമ്പോഴും നിശ്ച്ലമായിരിക്കുമ്പോഴും ആകാശം അചഞ്ചലമായി നിലകൊളുന്നു. അതുപോലെ ഗുണങ്ങള്‍ കോലാഹലം സൃഷ്ടിക്കുമ്പോഴും ഗുണാതീതന്‍ അക്ഷോഭ്യനായിരിക്കും. അല്ലയോ അര്‍ജ്ജുന! ഗുണങ്ങളെ അതിക്രമിച്ച് കടന്ന ഒരുവന്‍റെ ലക്ഷണങ്ങളാണ് ഞാന്‍ വിവരിച്ചത്. ഇനിയും അവന്‍റെ അനുഷ്ഠാനങ്ങള്‍ എന്തൊക്കെയാണെന്ന് പറയാം.