ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 24
സമദുഃഖസുഖഃ സ്വസ്ഥഃ
സമാലോഷ്ടാശ്മ കാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീര-
സ്തുല്യ നിന്ദാത്മസംസ്തുതി
ആരാണോ സ്വസ്വരൂപമായ ആത്മാവില്‍ സ്ഥിതിചെയ്യുന്നവനായും, സുഖദുഃഖങ്ങളില്‍ സമചിത്തനായും, അചഞ്ചലനായും, മണ്‍കട്ട, കല്ല്, സ്വര്‍ണ്ണം എന്നിവയെ തുല്യമായി വിചാരിക്കുന്നവനായും, ഇഷ്ടാനിഷ്ടങ്ങളെ തുല്യമായി കരുതുന്നവനായും, തന്നെ നിന്ദിച്ചാലും സ്തുതിച്ചാലും രണ്ടിലും സമഭാവത്തോടുകൂടിയവനായും വര്‍ത്തിക്കുന്നത് അവന്‍ ഗുണാതീതനാണ്.
അല്ലയോ അര്‍ജ്ജുന, വസ്ത്രത്തില്‍ നൂലല്ലാതെ മറ്റെന്തെങ്കിലും ദൃശ്യമാണോ? അതുപോലെ ഞാനുമായി താദാത്മ്യം പ്രാപിച്ച ഒരുവന്‍ എല്ലാ ചരാചരങ്ങളുമടങ്ങിയ വിശ്വത്തെ എന്‍റെ രൂപം മാത്രമായിട്ടാണ് ദര്‍ശിക്കുന്നത്. ഈശ്വരന്‍ തന്‍റെ ഭക്തന്മാര്‍ക്കും ശത്രുക്കള്‍ക്കും ഒരേ മുക്തിതന്നെ നല്‍കി അവരെ അനുഗ്രഹിക്കുന്നില്ലേ? അതുപോലെ സുഖവും ദുഃഖവും തുല്യവുമായ രണ്ടു തട്ടുകളുള്ള ത്രാസ് പോലെയാണ് ഗുണാതീതന്‍ ഗണിക്കുന്നത്. പ്രാപഞ്ചികജീവിത ജലപ്രവാഹത്തില്‍പെട്ട ഒരു മത്സ്യമെന്ന നിലയില്‍ അവനില്‍ ദേഹഭാവമുണ്ടെന്നും അവന്‍ സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നുവെന്നും തോന്നിയേക്കാം. എന്നാല്‍ അവന്‍ നെല്ലില്‍നിന്ന് അരിപോലെ ദേഹബുദ്ധി ഉപേക്ഷിച്ച് സ്വസ്വരൂപസ്ഥിതിയിലാണു വര്‍ത്തിക്കുന്നത്. കളകളാരവവും പുറപ്പെടുവിച്ചു കൊണ്ട് സംക്ഷുബ്ധമായി ഒഴുകുന്ന ഗംഗാനദി സാഗരത്തോടോത്തു ചേരുമ്പോള്‍ അതിന്‍റെ കളകളാരവവും സംക്ഷുബ്ധാവസ്ഥയും നില്യ്ക്കുന്നതുപോലെ, പരമാത്മാവുമായി ഐക്യം പ്രാപിച്ച ഒരുവന്‍ ക്ഷോഭം കൈവെടിഞ്ഞ് സമചിത്തതനായിത്തീരുന്നു. അവന്‍ ദേഹത്തിലിരിക്കുമ്പോഴും സുഖവും ദുഃഖവും ഒന്നുപോലെയാണ്. ഗാഡനിദ്രയിലാണ്ടുകിടക്കുന്ന ഒരുവന് ഉഗ്രസര്‍പ്പത്തിന്റെയോ, അപ്സരസ്ത്രീയായ ഉര്‍വ്വശിയുടെയോ സ്പര്‍ശനം ഭേദമില്ലാത്തത് പോലെ ആത്മസ്വരൂപസ്ഥിതനായ ഒരുവനെ ദ്വന്ദ്വഭാവം സപര്‍ശിക്കുകയേ ഇല്ല. അവന് ചാണകവും സ്വര്‍ണ്ണവും ഒരുപോലെയാണ്. രത്നവും കരിങ്കല്ലും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സ്വര്‍ഗ്ഗം അവന്‍റെ ഗേഹത്തിലെത്തിയാലും വ്യാഘ്രം അവനെ വഴിയില്‍ വെച്ച് ആക്രമിച്ചാലും അവന്‍റെ ആത്മബുദ്ധിക്ക് ഭംഗം സംഭവിക്കുകയില്ല. മരിച്ച ഒരുവന്‍ ജീവിക്കുകയില്ല; വറുത്ത വിത്ത് കിളിര്‍ക്കുകയുമില്ല. അതുപോലെ അവന്‍റെ സമബുദ്ധി ഒരിക്കലും താറുമാറാകുകയില്ല. അവനെ ബ്രഹ്മദേവന് തുല്യനാണെന്ന് പറഞ്ഞു സ്തുതിച്ചാലും നീചനാണെന്ന് പറഞ്ഞു നിന്ദിച്ചാലും, കത്തിക്കാനോ അണയ്ക്കാനോ കഴിയാത്ത ഭസ്മം പോലെ പ്രശംസയും നിന്ദയും അവനെ ബാധിക്കുകയില്ല സൂര്യഗോളത്തില്‍ അന്ധകാരമോ കൊളുത്തിവെച്ച വിളക്കോ ഇല്ലാത്തതുപോലെ സ്തുതിയും നിന്ദയും അവനില്‍ ആമോദമോ ആതങ്കമൊ ഉണ്ടാക്കുകയില്ല; സുഖദുഃഖങ്ങളുടെ ഭാവും അവനില്ല.