ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 25

മാനാപമാനയോസ്തുല്യ-
സ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ
ഗുണാതീതഃ സ ഉച്യതേ

മാനത്തെയും അപമാനത്തെയും തുല്യമായി കരുതുന്നവനും മിത്രപക്ഷത്തേയും ശത്രുപക്ഷത്തെയും ഒരേ നിലയില്‍ കാണുന്നവനും സകലവിധ പ്രയത്നങ്ങളെയും ഉപേക്ഷിച്ചവനും ആരോ അവന്‍ ഗുണാതീതനത്രെ.

സൂര്യന്‍ പകലിനെപ്പറ്റി മാത്രമേ അറിയുന്നുള്ളൂ. രാത്രിയെപ്പറ്റി യാതൊന്നും സൂര്യനറിവില്ല. ഗുണാതീതനായ ഒരുവനും അപ്രകാരമാണ്. അവനെ ഒരു ദേവനായി കരുതി ആരാധിച്ചാലും, ചോരനായി കരുതി ദണ്ഡിച്ചാലും, അനേകം വൃക്ഷഭങ്ങളുടെയും ഗജങ്ങളുടെയും അകമ്പടിയോടെ രാജാവായി അഭിഷേകിച്ചാലും, സുഹൃത്തുക്കള്‍ അടുത്തിരുന്നാരാധിച്ചാലും, വൈരികള്‍ ആക്രമിച്ചാലും അവന്‍ എല്ലാം തുല്യമായി കരുതുകയും എല്ലാറ്റിനെയും ഒന്നായി കാണുകയും ചെയ്യുന്നു. ഓരോ ഋതുക്കളും വരുകയും പോവുകയും ചെയ്യുമ്പോഴും ആകാശം നിര്‍ബ്ബാധിതമായിരിക്കുന്നതുപോലെ, അവന്‍റെ മനസ്സിനെ ഭേദവിചാരങ്ങള്‍ ബാധിക്കുകയില്ല. അവനിലുള്ള മറ്റൊരു പ്രത്യേക ലക്ഷണം കര്‍മ്മത്തിന്‍റെ അഭാവമാണ്. അവന്‍ കര്‍മ്മങ്ങള്‍ ചെയ്യുകയോ ലൌകികവ്യാപാരങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. അവന്‍ കൈവരിച്ചിട്ടുള്ള ജ്ഞാനാഗ്നിയില്‍ അവന്‍റെ കര്‍മ്മഫലം അവന്‍ എരിച്ചു കളയുന്നു. ദൃഷ്ടവും അദൃഷ്ടവുമായ ഇഹലോകപരലോകഭോഗങ്ങളില്‍ അവന് പ്രാപ്തമായവയെ മാത്രം അവന്‍ അനുഭവിക്കുന്നു. അവന്‍ സന്തോഷത്തില്‍ ആഹ്ലാദിക്കുകയോ സന്താപത്തില്‍ വിഷാദിക്കുകയോ ചെയ്യുന്നില്ല. എല്ലാ സങ്കല്പങ്ങളെയും ആഗ്രഹങ്ങളെയും പൊഴിച്ചുകളഞ്ഞ അവന്‍റെ അന്തഃകരണം ഒരു പാറപോലെയാണ്. ഇനിയും എന്തിനാണ് കൂടുതല്‍ വിശദീകരിക്കുന്നത്. ഇപ്രകാരം വര്‍ത്തിക്കുന്ന ഒരുവന്‍ മാത്രമാണ് ത്രിഗുണങ്ങളെയും അതിക്രമിച്ച് ഗുണാതീതനായിത്തീര്‍ന്നിട്ടുള്ളത്.

ഇനിയും ഗുണാതീതവസ്ഥയെ പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്താണെന്നു ഞാന്‍ നിനക്ക് പറഞ്ഞു തരാം.