സ്വാമി വിവേകാനന്ദന്‍

13. സതി മൂലേ തദ്വിപാകോ ജാത്യായുര്‍ഭോഗാഃ.
മൂലേ സതി കാരണമായ ക്ലേശം ഉണ്ടായിരിക്കെ, തദ്‌വിപാകഃ അതാതു കര്‍മ്മങ്ങളുടെ ഫലപ്രാപ്തി, (ഭവതി ഏവ ഉണ്ടാകുകതന്നെ ചെയ്യുന്നു.) (സ ച അത്) ജാത്യായുര്‍ഭോഗാഃ ജാതി (ജന്മ; ദേവമനുഷ്യാദി), ആയുസ്സ്, ഭോഗം (സുഖദുഃഖാനുഭവങ്ങള്‍) ഇവയാകുന്നു.
വേര് കിടക്കെ, ജന്മം, ആയുസ്സ്, സുഖദുഃഖാനുഭവങ്ങള്‍ എന്ന രൂപത്തില്‍ ഫലപ്രാപ്തി ഉണ്ടാകുന്നു.

മൂലം, അതായത് കാരണമായ സംസ്‌കാരങ്ങള്‍, കിടക്കെ, അവ കാര്യ(ഫല)രൂപേണ അഭിവ്യക്തങ്ങളായിവരും. കാരണം വിലയിച്ചു കാര്യമാവുകയും, ആ കാര്യം പിന്നെയും സൂക്ഷ്മീഭവിച്ച് അനന്തരകാര്യത്തിനു കാരണമാവുകയും ചെയ്യുന്നു. ആകയാല്‍, ഹേതുവിരിക്കെ ഫലം അവശ്യം വന്നുചേരുമെന്നാണ് ഈ സൂത്രം പറയുന്നത്. അതിലൊന്നു ജാതിരൂപമായ ഫലമാണ്; ഒരുവന്‍ മനുഷ്യനാവാം, വേറൊരുവന്‍ ദേവനാവാം. മറ്റൊരുവന്‍ മൃഗമാവാം: ഇനിയൊരുവന്‍ അസുരനാവാം. ഇനി ആയുര്‍വിഷയത്തിലും കര്‍മ്മം പലതരത്തില്‍ ഫലിക്കുന്നു; ഒരാള്‍ അമ്പതു കൊല്ലം ജീവിക്കുന്നു: വേറൊരാള്‍ നൂറുകൊല്ലം: മറ്റൊരാള്‍ പുരുഷപ്രായമെത്തും മുമ്പുതന്നെ, രണ്ടാം വയസ്സില്‍ മരിക്കുന്നു. ജീവിതത്തിലുള്ള ഈ വ്യത്യാസങ്ങളെല്ലാം പൂര്‍വ്വകര്‍മ്മത്താല്‍ നിയതമാണ്. ഒരുവന്‍ സുഖാനുഭവത്തിനു മാത്രമായി ജനിച്ചതുപോലെ തോന്നും: അവന്‍ കാട്ടിന്‍ നടുവില്‍ ചെന്നൊളിച്ചാലും, സുഖം അവന്റെ പിന്നാലെ അവിടെയെത്തും. വേറൊരുവന്‍ എങ്ങോട്ടുപോയാലും ദുഃഖം അവനെ വിട്ടുമാറുന്നില്ല, ഏതൊന്നും അവനു ദുഃഖപ്രദമാണ്. ഇതെല്ലാം അവരവരുടെ പൂര്‍വ കര്‍മ്മഫലമാകുന്നു. യോഗശാസ്ത്രപ്രകാരം ധര്‍മ്മ(പുണ്യ) കര്‍മ്മങ്ങള്‍ക്കു സുഖവും, അധര്‍മ്മ(പാപ)കര്‍മ്മങ്ങള്‍ക്കു ദുഃഖവും ഫലമായി വന്നുചേരുന്നു. അധര്‍മ്മം ചെയ്യുന്ന ആരും അതിന്റെ ദുഃഖരൂപമായ ഫലം അവശ്യം അനുഭവിച്ചേ തീരൂ.

14.തേ ഹ്ലാദപരിതാപഫലാഃ
പുണ്യാപുണ്യഹേതുത്വാത്.
തേ അവ (ആ ജാത്യാദികള്‍), പുണ്യാപുണ്യഹേതുത്വാത് പുണ്യം (സത്കര്‍മ്മം) അപുണ്യം (ദുഷ്‌കര്‍മ്മം) എന്ന ഹേതുക്കളോടു കൂടിയവയാകയാല്‍, ഹ്‌ലാദപരിതാപഫലാഃ = സുഖം ദുഃഖം എന്നീ ഫലങ്ങളോടുകൂടിയവയാകുന്നു.
പുണ്യമോ പാപമോ കാരണമായി അവ സുഖമോ ദുഃഖമോ ആയി ഫലിക്കുന്നു.

15. പരിണാമതാപസംസ്‌കാരദുഃഖൈര്‍ഗുണവൃത്തി –
വിരോധാച്ച ദുഃഖമേവ സര്‍വം വിവേകിനഃ.
പരിണാമതാപസംസ്‌കാരദുഃഖൈഃ പരിണാമം (ഇപ്പോഴത്തെ സുഖം പിന്നെ ദുഃഖമായിത്തീരല്‍), താപം (സുഖാനുഭവകാലത്തില്‍ വന്നേക്കാവുന്ന വിഘ്‌നങ്ങളില്‍ ദ്വേഷം) സംസ്‌കാരം (ഭോഗത്തെ ഓര്‍മ്മിപ്പിക്കുന്ന ഗുണവിശേഷം) – ഈ ദുഃഖങ്ങളെക്കൊണ്ടും, ഗുണവൃത്തിവിരോധാത്ച സത്ത്വാദികഗുണങ്ങളുടെ സുഖദുഃഖ മോഹാവസ്ഥകള്‍ക്കുള്ള അന്യോന്യവിരോധം ഹേതുവായിട്ടും, വിവേകിനഃ ക്ലേശാദികളുടെ നില അറിഞ്ഞിട്ടുള്ള വിവേകിക്ക്, സര്‍വ്വം എല്ലാ ഭോഗസാധനവും വിഷമിശ്രാന്നംപോലെ, ദുഃഖം ഏവ = ദുഃഖംതന്നെ.

ദുഃഖത്തില്‍ പര്യവസാനം, ഭോഗം നഷ്ടപ്പെട്ടേക്കുമെന്ന ഭയം, ഭോഗസംസ്‌കാരങ്ങളില്‍നിന്നു പുതിയ തൃഷ്ണകളുടെ ഉദയം – ഇതൊക്കെ ദുഃഖമാകയാലും, ഗുണങ്ങളുടെ വൃത്തികള്‍ പരസ്പരവിരുദ്ധങ്ങളാകയാലും വിവേകിക്കു സര്‍വ്വവും ദുഃഖംപോലെതന്നെ.
ഗുണദോഷവിവേചനത്തില്‍ സമര്‍ത്ഥനും സന്മതിയുമായ പുരുഷന്‍ സുഖമെന്നും ദുഃഖമെന്നും പറയുന്ന എല്ലാ വിഷയങ്ങളുടെയും സ്വഭാവത്തെ സുസൂക്ഷ്മം പരിശോധിച്ചറിയുന്നുവെന്നു യോഗികള്‍ പറയുന്നു. അവ സര്‍വപ്രാണിസാധാരണമാണെന്നും ഓരോന്നും തുടര്‍ന്നു മറ്റേതില്‍ ലയിക്കുകയാണെന്നും വിവേകിക്കു കാണാം. മനുഷ്യന്‍ ആയുഷ്‌ക്കാലം നീളെ മിഥ്യാദീപ്തിയെ (കൊള്ളിപ്പിശാചിനെ) പിന്തുടരുകയാണ്. അവന്റെ ആശകള്‍ ഒരിക്കലും നിറവേറുന്നില്ല. ചുറ്റുമുള്ള ആളുകള്‍ പ്രതിനിമിഷം മരിക്കുന്നതു കണ്ടിട്ടും തനിക്കു മരണമില്ലെന്നു ഓരോരുത്തനും വിചാരിക്കുന്നതാണു ജീവിതത്തിലെ അത്യാശ്ചര്യകരമായ വസ്തുതയെന്നു യുധിഷ്ഠിരമഹാരാജാവ് ഒരിക്കല്‍ പറയുകയുണ്ടായി. മൂഢജനങ്ങളുടെ നടുവിലിരുന്ന്, നാം മാത്രമാണ് അതില്‍ പെടാത്ത വിദ്വാന്മാരെന്ന്, നമ്മളോരോരുത്തനും വിചാരിക്കുന്നു. നാനാതരത്തിലുള്ള ക്ഷണികാനുഭവങ്ങളുടെ മദ്ധ്യേ നമ്മുടെ സ്നേഹം മാത്രമാണു ശാശ്വതസ്നേഹമെന്നു നാം ഭ്രമിക്കുന്നു. അതെങ്ങനെയാവും? സ്നേഹംപോലും സ്വാര്‍ത്ഥപ്രേരിതമാണെന്നാണു യോഗി പറയുന്നത്, ഭാര്യാഭര്‍ത്താക്കന്മാരിലും പുത്രമിത്രാദികളിലുമുള്ള സ്നേഹംപോലും ഒടുവില്‍ നശിക്കുന്നതായി കാണുന്നു. അപക്ഷയം ജീവിതത്തിലുള്ള സര്‍വ്വത്തെയും ഗ്രസിക്കുന്നു. സര്‍വ്വവസ്തുക്കളും, സ്നേഹംകൂടി, മനുഷ്യനെ വിട്ടുപിരിയുമ്പോള്‍മാത്രമാണ്, ഈ ലോകം എത്ര മിഥ്യയായി സ്വപ്നതുല്യമായിരിക്കുന്നുവെന്ന് ഒരു മിന്നല്‍പോലെ അവന്റെ മനസ്സില്‍ പ്രകാശിക്കുന്നത്. അപ്പോള്‍ അവനില്‍ വൈരാഗ്യം സ്ഫുരിക്കുന്നു: പരതത്ത്വത്തിന്റെ ഒരീഷന്മാത്രദര്‍ശനം ലഭിക്കുന്നു. ഇഹത്തെ ത്യജിക്കുന്നതുകൊണ്ടേ പരം ലഭിക്കൂ: ഇതു മുറുകെപ്പിടിക്കുന്നതുകൊണ്ട് അത് ഒരിക്കലും നേടാവതല്ല. ഇന്ദ്രിയസുഖഭോഗങ്ങളെ ത്യജിക്കാതെ മഹത്ത്വം സമ്പാദിച്ചിട്ടുള്ള ഒരു മഹാത്മാവും ഇന്നുവരെ ഉണ്ടായിട്ടില്ല. പ്രകൃതി ഗുണങ്ങളുടെ പരസ്പരസംഘട്ടനം എപ്പോഴും ദുഃഖത്തിനു കാരണമാകുന്നു. ഒന്ന് ഒരു വഴിക്കും മറ്റൊന്നു മറ്റൊരു വഴിക്കും നമ്മെ വലിച്ചുകൊണ്ടുപോകുന്നതിനാല്‍ ശാശ്വതസുഖം ഇവിടെ സംഭാവ്യമേയല്ല.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 306-309]