ശ്രീ രമണമഹര്‍ഷി
ജനുവരി 17, 1937
ഒരു യൂറോപ്യന്‍ സന്ദര്‍ശകന്‍: ലോകവ്യവഹാരങ്ങളില്‍ വ്യഷ്ടിജീവന്മാര്‍ കുടുങ്ങിപ്പോകുന്നല്ലോ. അവര്‍ അവരുടെ ആത്മീയ ലോകത്തായിരുന്നുവെങ്കില്‍ ദുഃഖമില്ല. അവര്‍ക്കു മോചനവും ലഭിക്കുമായിരുന്നു.
രമണമഹര്‍ഷി: ലോകം ആത്മമയം തന്നെയാണ്. നിങ്ങള്‍ നിങ്ങളെ ദേഹമാണെന്നു കരുതുന്നതിനാല്‍ ഈ ആത്മലോകത്തെ സ്ഥൂലലോകമെന്നും അന്യത്തെ ആത്മലോകമെന്നും പറയുകയാണ്.
ചോ: ഉപാധിരഹിതനായ ജീവന്മാര്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചയും സ്വാതന്ത്ര്യവും ലഭിക്കുന്നുണ്ടോ?
മഹര്‍ഷി: ജീവന്മാര്‍ നിജപ്രകൃതിയില്‍ ഉപാധി രഹിതനാണ്. നിങ്ങള്‍ സ്വയം ഉപാധിരഹിതനാണെന്ന് കരുതുന്നതിനാല്‍ മറ്റുള്ളവരും അപ്രകരമാണെന്ന് തോന്നുന്നതാണ്. ഉപാധിരഹിതര്‍ക്കും സൂക്ഷ്മശരീരമുണ്ട്. അവര്‍ക്കു നിങ്ങള്‍ അതിരു കല്പിക്കുന്നിടത്തോളം അവര്‍ അവരുടെ സൂക്ഷ്മോപാധികളില്‍ ചേര്‍ന്നിരിക്കും.
ഉറക്കത്തില്‍ സ്വപ്നം കാണുന്നു. അപ്പോള്‍ കണ്ട ശരീരങ്ങളും ലോകവും സത്യമാണെന്നുറയ്ക്കുന്നു. ഉറങ്ങുന്നതിനു മുമ്പുണ്ടായിരുന്ന ശരീരവും ലോകവും മിഥ്യയായിപ്പോകുന്നു. ഉണരുമ്പോള്‍ സ്വപ്നത്തില്‍ കണ്ടതെല്ലാം മിഥ്യ. ഇങ്ങനെ മാറി മാറി ഉണ്ടായി ഇല്ലാതാകുന്നവ സത്യമല്ല. എപ്പോഴും ഒന്നുപോലെ ഇരിക്കുന്നതേ സത്യമാവൂ. അതിനാല്‍ അസത്യമായ അവസ്ഥാത്രയങ്ങളിലും ഭേദമായിരിക്കുന്ന നിര്‍വ്വികാര ചൈതന്യമായ ഞാന്‍ മാത്രം സത്യം. ഈ എന്നെ മറയ്ക്കുന്നത് മനസാണ്. ഈ മനസ്സാരെന്നു ദത്തശ്രദ്ധനായന്വേഷിച്ചു കൊണ്ടിരുന്നാല്‍ അതൊഴിഞ്ഞു ശുദ്ധചൈതന്യവസ്തു അനായാസേന പ്രത്യക്ഷമാവും.
ചോ: മനസ്സു ബുദ്ധിയില്‍ നിന്നു ഉളവാകുന്നു എന്നുപറയുന്നു.?
മഹര്‍ഷി: ബുദ്ധി ശരീരത്തിന്‍റെ ഒരു ഭാഗമാണ്. ശരീരം മനോമയവുമാണ്. മനസ്സു തന്നെ ശരീരത്തെയും ബുദ്ധിയെയും സങ്കല്‍പ്പിച്ച് താന്‍ ബുദ്ധിയില്‍ ഉളവായതാണെന്നും കാണിക്കുന്നു.