ശ്രീ രമണമഹര്‍ഷി
ജനുവരി 18, 1937

അഖിലലോകശാന്തി സംഘത്തില്‍പ്പെട്ട റൂര്‍ണാ ജെന്നിംഗ്സ് എന്ന അമേരിക്കക്കാരി ലോകശാന്തി കൈവരുത്തുന്നതെങ്ങനെയെന്നു ചോദിക്കുകയുണ്ടായി.
രമണമഹര്‍ഷി: സാക്ഷാല്‍ സ്വരൂപമേ ശാന്തിയാണെന്ന് അനുഭവം കൊണ്ടറിയുമെങ്കില്‍ അതിന് പരിശ്രമമെന്തിന്? എങ്ങുമുള്ള ശാന്തിയെ നാം അറിയാനൊക്കുന്നില്ലെങ്കില്‍ അതിനെ വ്യാപിക്കുന്നതെങ്ങനെ?

ചോ: ഭാരതരാജ്യം അജ്ഞാനത്തെ വിജ്ഞാനരീത്യാ സ്ഥാപിക്കുന്നതല്ലേ?
മഹര്‍ഷി: ആത്മാവും ജ്ഞാനവുമെല്ലാം നാം തന്നെ. കാര്യകാരണസഹിതം വിശദീകരിക്കാനൊന്നുമില്ല.

ചോ: ഭഗവാന്‍ പറയുന്നതിന്‍റെ സത്യം മനസ്സിലാകുന്നു. എങ്കിലും അനുഭവത്തിനു സാധനാക്രമങ്ങള്‍ ആവശ്യമാണല്ലോ.
മഹര്‍ഷി: അതുകളെപ്പറ്റിയുള്ള ചിന്തയില്ലാതിരിക്കുന്നതാണ് ആത്മാനുഭവം. ആത്മാവിനെ അന്വേഷിക്കുന്നത് സ്വന്തം കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാലയെക്കാണുന്നില്ല എന്നു പറയുന്നതു പോലെയാണ്. ശരീരമാകട്ടെ, ലോകമാകട്ടെ, ഈശ്വരനാകട്ടെ തന്നെ വിട്ടിരിക്കുന്നതേ ഇല്ല. എല്ലാം തന്നിലടങ്ങിയിരിക്കുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും ഈ അറിവോന്നേ പരിഹാരം.

ചോ: തമിഴ് ശാസ്ത്രങ്ങളില്‍ മുപ്പാഴ് ( മൂന്നു ശൂന്യങ്ങള്‍) എന്ന് പറയുന്നതെന്താണ്?
മഹര്‍ഷി: തത് – ത്വം – അസി എന്ന മഹാകാവ്യത്തിലെ മൂന്നു തത്വങ്ങള്‍ 1) ഈശ്വരതുരിയം 2)ജീവതുരിയം 3) അസി തുരിയം എന്നീ മൂന്നിനെയും കുറിക്കുന്നു എന്നുപറയും. ജാഗ്രത്, സ്വപ്നം, സുഷുപ്തികളുടെ അധിഷ്ടാനത്തെ തുരിയുമെന്നു പറയുന്നു.

ചോ: ആദ്യത്തെ രണ്ടും ശരി. മൂന്നാമത്തേതെന്താണ്?
മഹര്‍ഷി: വ്യാപക സ്വഭാവത്തെ ജാഗ്രത്തെന്നും സ്വപ്രകാശസ്വഭാവത്തെ സ്വപ്നമെന്നും അതിരറ്റ പരിപൂര്‍ണത്വത്തെ സുഷുപ്തി എന്നും പറയുന്നു. ഈ എല്ലാത്തിന്‍റെയും അധിഷ്ഠാന തത്വത്തെ അസിതുരിയം എന്നുപറയുന്നു. ഇവയെല്ലാം വാഗ്ജാലമാണ്. ഇതുകളുടെ പേരില്‍ കാലത്തെ വൃഥാകളയാതെ അന്തര്‍മുഖനായിരുന്നു ആരും തന്‍റെ സത്യത്തെ ഉണരേണ്ടതാണ്. ഈശ്വരനെപ്പറ്റിപ്പോലും ചിന്തിക്കേണ്ട കാര്യമില്ല. താന്‍ തന്നല്ലോ ലോകത്തെക്കാണണം. അതിനാധാരം ഈശ്വരനാണെന്നെന്തിനനൂഹിക്കണം? ഏറ്റവും പ്രത്യക്ഷമായിരിക്കുന്ന തന്നെ അറിയാതെ മറ്റുള്ളവയെപ്പറ്റി ചിന്തിക്കുന്നത് അജ്ഞാനമാണ്. തന്നെ അറിഞ്ഞാല്‍പ്പിന്നെ അറിയാന്‍ തനിക്കന്യമായി ഒന്നുമില്ലെന്ന് ബോധിക്കാം.