ചോദ്യം: എന്നാല്‍ ഈശ്വരനെപ്പറ്റി എല്ലാവരും സംസാരിക്കുന്നതെന്ത്?
രമണമഹര്‍ഷി: നിങ്ങള്‍ ഈ ലോകത്തെ കാണുന്നു. ഈ ലോകം എങ്ങനെയുണ്ടായി എന്നറിയാനാഗ്രഹിക്കുന്നു. എല്ലാം ഈശ്വരന്‍ സൃഷ്ടിച്ചതാണെന്നു പറയുന്നു. നിങ്ങളെയും എല്ലാത്തിനെയും ഈശ്വരന്‍ സൃഷ്ടിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കൊരു സംതൃപ്തിയും ആശ്വാസവും തോന്നുന്നു. ഇതു സാക്ഷാത്കാരമല്ല. നിങ്ങള്‍ നിങ്ങളെത്തന്നെ സാക്ഷാത്‌ക്കരിച്ചാലെ സാക്ഷാത്കാരമാവുന്നുള്ളൂ.
വൃത്തിപ്രഭാകരം എഴുതുന്നതിനുമുമ്പ് തല്‍ക്കര്‍ത്താവ് 395000 ഗ്രന്ഥങ്ങള്‍ പഠിച്ചുപോലും. എന്തു പ്രയോജനം? അവ സാക്ഷാത്കാരത്തെ തരുമോ? വിചാരസാഗരം യുക്തികളുടെയും സാങ്കേതിക പദങ്ങളുടെയും ഒരു വനമാണ്. ഇത്തരം പര്യടന ഗ്രന്ഥങ്ങളെക്കൊണ്ടെന്തു കാര്യം? ഇതെല്ലാം വ്യര്‍ത്ഥമാണെന്നറിയുന്ന ജ്ഞാനി ഇതുകളെ പ്രോത്സാഹിപ്പിക്കുകയില്ല. തന്നെപ്പറ്റിയുള്ള അന്വേഷണം മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ.
പ്രത്യഭിജ്ഞ = പ്രതി + അഭിജ്ഞ
അഭിജ്ഞ പ്രത്യക്ഷജ്ഞാനമാണ്. പ്രതി – മുന്‍കൂട്ടി അറിയാവുന്നതിനെ സൂചിപ്പിക്കുന്നു
ഇതു ഒരാനയാണ് – പ്രത്യക്ഷജ്ഞാനം
ഇതു ആ ആനയാണ് – പ്രത്യഭിജ്ഞാജ്ഞാനം
സാങ്കേതിക ഗ്രന്ഥങ്ങളില്‍ നിത്യസത്യങ്ങളെ സാക്ഷാല്‍ക്കരിക്കുന്നതിനു പ്രത്യഭിജ്ഞയെ ഉപയോഗിച്ച് വരുന്നു. ശൂന്യം, അതിശൂന്യം, മഹാശൂന്യം എല്ലാം ഒന്ന് തന്നെ.