ശ്രീ രമണമഹര്‍ഷി
ജനുവരി 20, 1937

ഭഗവാന്‍ പറഞ്ഞു: എന്‍റെ കാലുകള്‍ തിരുമ്മപ്പെട്ടെങ്കിലും വേദനയൊന്നും ഉണ്ടായില്ല. സഞ്ചാരത്തിനു പറ്റുമെങ്കില്‍ അവ മരവിച്ചുപോയാലും തരക്കേടില്ല. നൂതനമായി കണ്ടുപിടിക്കപ്പെട്ട ഒരു രശ്മിപ്രകാശത്തില്‍ക്കൂടി മറ്റുള്ളവരെ കാണാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് ആ പ്രകാശം കാണിക്കുന്നവനെ കണാനൊക്കുകയില്ല. സിദ്ധന്‍മാരും ഇങ്ങനെയാണ്. അവര്‍ക്കു മറ്റുള്ളവരെ കാണാം. മറ്റുള്ളവര്‍ക്ക് അവരെ കണ്ടുകൂടാ. പ്രഭുലിംഗസിദ്ധര്‍ ഉത്തരദിക്കുകളില്‍ സഞ്ചരിക്കുമ്പോള്‍ ഗോരക്നാഥിനെ കണ്ടുമുട്ടി. ഗോരക്നാഥ് കായശക്തിയുള്ള ആളാണ്‌. ഒരു വാള്‍ കൊണ്ട് സ്വന്തം കൈവെട്ടിയപ്പോള്‍ വാള് മടങ്ങിയതേയുള്ളൂ, കൈയ്യില്‍ മുറിവുണ്ടായില്ല. പ്രഭുലിംഗം തന്‍റെ ദേഹത്ത് വാള്‍കൊണ്ടു വെട്ടിക്കൊള്ളാന്‍ അനുവദിച്ചു. ആകാശത്ത് വെട്ടിയതുപോലിരുന്നു. വാള്‍ പ്രഭുലിംഗത്തിന്‍റെ ദേഹത്ത് സ്പര്‍ശിക്കുകപോലും ചെയ്തില്ല. അതിശയിച്ചുപോയ ഗോരക്നാഥ് പ്രഭുലിംഗത്തിന്‍റെ ശിഷ്യനായിത്തീര്‍ന്നു.

രമണമഹര്‍ഷി പിന്നീട് കാവ്യകണ്ഠഗണപതിയെ പമാര്‍ശിച്ചു ഒരു മണിക്കൂര്‍നേരം സംസാരിച്ചു. ഗണപതിമുനി നിമിഷകവിയാണ്‌. അദ്ദേഹം ഉമാസഹസ്രം, ഹരസഹസ്രം എന്നിവ എഴുതിയതും വിദ്യാര്‍ഥികളെ പഠിപ്പിച്ചതും ഭട്ട ശ്രീ നാരായണശാസ്ത്രികളെ വാദത്തില്‍ തോല്‍പ്പിച്ചതും ബഹുമാനപുരസ്സരം പ്രസ്താവിച്ചു.

ജനുവരി 21, 1937
335
കാമവികാരത്തെ ഒഴിക്കുന്നതെങ്ങനെയെന്നൊരു ഭക്തന്‍ ചോദിച്ചു.

രമണമഹര്‍ഷി: ആണ്‍പെണ്‍ ഭേദബുദ്ധി മാറണം. ഇതിന് ദേഹാത്മബുദ്ധി ഒഴിയണം. നിരന്തരമായ ആത്മവിചാരണകൊണ്ട് ഇത്‌ സാധിക്കാം. ആനന്ദം തന്‍റെ സഹജാവസ്ഥയാണ്. അതു ബാഹ്യവിഷയങ്ങളില്‍ നിന്നും കിട്ടേണ്ടതല്ല. ആന്തരചൈതന്യത്തിന്‍റെ സ്വഭാവവും സ്വരൂപവുമാണത്. ഇങ്ങനെ ആനന്ദത്തിന്‍റെ ഉറവിടം തന്നകത്തുള്ളതാണെന്ന് ബോധിച്ചാല്‍ എല്ലാ ഭേദബുദ്ധിയും മാറി ആനന്ദത്തിനുവേണ്ടി ആശ്രയിക്കാതിരിക്കും.