16. ഹേയം ദുഃഖമനാഗതം.
അനാഗതം ദുഃഖം വരാനിരിക്കുന്ന ദുഃഖമാണ്, ഹേയം ത്യാജ്യം (നശിപ്പിക്കത്തക്കത്).
വന്നുകഴിയാത്ത ദുഃഖങ്ങളെയാണു നിവാരണം ചെയ്യേണ്ടത്.
ഏതാനും കര്‍മ്മങ്ങള്‍ നാം അനുഭവിച്ചുകഴിഞ്ഞു. ചിലതിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി ഭാവിയില്‍ ഫലോന്മുഖമാകുന്ന ചിലതുണ്ട്. ആദ്യത്തേതു കഴിഞ്ഞുപോയി. വര്‍ത്തമാനമായ രണ്ടാമത്തേത് അവശ്യം അനുഭവിക്കണം. ഭാവിയില്‍ ഫലവത്താകുവാന്‍ പോകുന്നവയെ മാത്രമേ നമുക്കു ജയിച്ചടക്കാന്‍ സാധിക്കൂ. അതിലേക്കു നമ്മുടെ സര്‍വ്വശക്തികളും വിനിയോഗിക്കണം. പ്രതിപ്രസവദ്വാരാ സംസ്‌കാരങ്ങളെ നിരോധിക്കണമെന്നു പതഞ്ജലിമഹര്‍ഷി മുമ്പു പറഞ്ഞത് (2.10) ഇതുദ്ദേശിച്ചാണ്.
17. ദ്രഷ്ടൃദൃശ്യയോഃ സംയോഗോ ഹേയഹേതുഃ.
ദ്രഷ്ടൃദൃശ്യയോഃ = ദ്രഷ്ടാവായ പുരുഷന്റെയും ദൃശ്യമായ ബുദ്ധിസത്വത്തിന്റെയും, സംയോഗഃ = സംയോഗസംബന്ധമാണ്, ഹേയഹേതുഃ = ഹേയമായ ദുഃഖത്തിന്റെ ഹേതു (കാരണം).
ഹേയത്തിനു മൂലം ദ്രഷ്ടാവിന്റെയും ദൃശ്യത്തിന്റെയും സംയോഗമാകുന്നു.
ആരാണ് ദ്രഷ്ടാവ്? പുരുഷന്‍, അതായത് ആത്മാവ്. ദൃശ്യമോ? അന്തഃകരണം (ബുദ്ധിസത്ത്വം) മുതല്‍ താഴോട്ടു സ്ഥൂലഭൂതങ്ങള്‍വരെയുള്ള സമസ്തപ്രകൃതികാര്യങ്ങളും. സുഖദുഃഖങ്ങളെല്ലാം പ്രകൃതിപുരുഷന്മാരുടെ സംയോഗത്തില്‍നിന്നാണു ജനിക്കുന്നത്. ഈ തത്ത്വശാസ്ത്രപ്രകാരം, പുരുഷന്‍ അസംഗനാണെങ്കിലും പ്രതിബിംബദ്വാരാ പ്രകൃതിയോടു ചേരുമ്പോള്‍ സുഖമോ ദുഃഖമോ അനുഭവിക്കുന്നവനെന്നപോലെ തോന്നുകയാണെന്നോര്‍ക്കണം.
18. പ്രകാശക്രിയാസ്ഥിതിശീലം ഭൂതേന്ദ്രിയാ –
ത്മകം ഭോഗാപവര്‍ഗാര്‍ത്ഥം ദൃശ്യം.
ദൃശ്യം ദൃശ്യം എന്നത്, പ്രകാശക്രിയാസ്ഥിതിശീലം പ്രകാശശീലം (സത്ത്വം), ക്രിയാശീലം (രജസ്സ്), സ്ഥിതിശീലം (തമസ്സ്) എന്നിവയോടുകൂടിയതും, ഭൂതേന്ദ്രിയാത്മകം സ്ഥൂല സൂക്ഷ്മങ്ങളായ ഭൂതങ്ങളും ഇന്ദ്രിയങ്ങളുമായ പരിണാമത്തോടു കൂടിയതും, ഭോഗാപവര്‍ഗാര്‍ഥം ഭോഗവും (സുഖദുഃഖാനു ഭവം) അപവര്‍ഗ്ഗവും (മോക്ഷം) ആയ പ്രയോജനത്തോടുകൂടി യതുമാകുന്നു.
ദൃശ്യം, ജ്ഞാനം ക്രിയ സ്ഥിതി എന്ന സ്വഭാവമുള്ളതും ഭൂതങ്ങളും ഇന്ദ്രിയങ്ങളും ചേര്‍ന്നതും ദ്രഷ്ടാവിന്റെ ഭോഗത്തിനും മോക്ഷത്തിനും വേണ്ടിയുള്ളതുമാകുന്നു.
ദൃശ്യമായ പ്രകൃതി ഭൂതേന്ദ്രിയാത്മകവും – സമസ്തവിശ്വത്തിനും ഉപാദാനഭൂതമായ സ്ഥൂലസൂക്ഷ്മഭൂതങ്ങളും ഇന്ദ്രിയാന്തഃകരണങ്ങളും ചേര്‍ന്നതും – സത്ത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ സ്വരൂപവുമാകുന്നു. ഈ സമസ്തപ്രകൃതിയുടെയും പ്രയോജനമെന്ത്? പുരുഷന്റെ അനുഭവം (ഭോഗം). പുരുഷന്‍ തന്റെ മഹത്തായ ദിവ്യ(ചൈതന്യ)സ്വഭാവത്തെ വിസ്മരിച്ചതുപോലിരിക്കുന്നു. അതിനൊരു കഥയുണ്ട്. ഒരിക്കല്‍ ദേവരാജാവായ ഇന്ദ്രന്‍ ചേറ്റില്‍ നീന്തിത്തിമര്‍ക്കുന്ന ഒരു പന്നിയായി ജീവിക്കാനിടയായി. മൂപ്പര്‍ക്ക് ഒരു പെണ്‍പന്നിയും ഒട്ടനവധി പന്നിക്കുട്ടികളും – ആ ജീവതം തനിക്കു ബഹുസുഖമായി തോന്നി. ഈ ദുരവസ്ഥ കണ്ട് ചില ദേവന്മാര്‍ ഇന്ദ്രന്റെ സമീപത്തു ചെന്നു പറഞ്ഞു; ‘പ്രഭോ, അങ്ങു ദേവദേവനാണ്. സര്‍വദേവന്മാരും അങ്ങയുടെ ആജ്ഞാനുവര്‍ത്തികളാണല്ലോ. എന്തിനിവിടെ കിടക്കുന്നു?’ എന്നാല്‍ ഇന്ദ്രന്‍ പറഞ്ഞു; ‘അതു സാരമില്ല, എനിക്കിവിടെ ബഹുസുഖമാണ്. ഈ പെണ്‍പന്നിയും പന്നിക്കുട്ടികളുമുള്ളപ്പോള്‍ സ്വര്‍ഗ്ഗം എനിക്കു വേണ്ടേ വേണ്ട.’ പാവപ്പെട്ട ദേവന്മാര്‍ കുഴങ്ങി. അവര്‍ കുറച്ചാലോചിച്ചശേഷം ഒടുവില്‍ പന്നികളെ ഓരോന്നായി കൊല്ലാന്‍ നിശ്ചയിച്ചു. എല്ലാം ചത്തൊടുങ്ങിയപ്പോള്‍ ഇന്ദ്രന്‍ ആര്‍ത്തനായി നിലവിളിച്ചുതുടങ്ങി. അവസാനം അവര്‍ ഇന്ദ്രന്റെ സൂകരദേഹത്തെയും പിളര്‍ന്നു. അങ്ങനെ ഇന്ദ്രന്‍ പുറത്തുവന്നപ്പോള്‍, താന്‍ അതുവരെ എന്തൊരു ബീഭത്‌സമായ സ്വപ്നമാണു കണ്ടിരുന്നതെന്നോര്‍ത്തു ചിരിച്ചുപോയി. ‘ഞാന്‍, ദേവദവന്‍, ഒരു പന്നിയായിക്കിടക്കുക! എന്നിട്ടു പന്നിജീവിതംതന്നെ യഥാര്‍ത്ഥജീവിതം എന്നു വിചാരിക്കുക! അതുംപോരാ, ലോകമെല്ലാം പന്നിയെപ്പോലെ ജീവിക്കുമാറകണമെന്നും ആഗ്രഹിക്കുക!’ പുരുഷന്‍ പ്രകൃതിയോടു താദാത്മ്യം പ്രാപിക്കുമ്പോള്‍ താന്‍ നിത്യശുദ്ധനും നിരുപാധികനുമാണെന്ന പരമാര്‍ത്ഥം മറന്നുപോകുന്നു. പുരുഷന്‍ പ്രേമിക്കുകയല്ല, അതു പ്രേമ (ആനന്ദ)സ്വരൂപംതന്നെയാണ്. പുരുഷന്‍ ഉണ്ടായിരിക്കുകയല്ല, അത് ഉണ്മ(സത്)തന്നെയാണ്. അറിയുകയല്ല, അത് അറിവു (ചിത്, ജ്ഞാനം)തന്നെയാണ്. ആത്മാവ് ഉണ്ടെന്നോ, അറിയുന്നുവെന്നോ, പ്രേമിക്കുന്നുവെന്നോ പറയുന്നതു തെറ്റാണ്. സത്തയും ജ്ഞാനവും പ്രേമ(ആനന്ദ)വും പുരുഷന്റെ ഗുണങ്ങളല്ല, അവ പുരുഷസ്വരൂപം (സത്-ചിദ്-ആനന്ദം) തന്നെയാകുന്നു. മറ്റു വസ്തുക്കളില്‍ ഇവ പ്രതിഫലിക്കുമ്പോള്‍ ആ വസ്തുക്കള്‍ക്ക് ഈ ഗുണങ്ങളുണ്ടെന്നു പറയാം. അവ പുരുഷഗുണങ്ങളല്ല. പ്രത്യുത പുരുഷന്‍തന്നെയാകുന്നു. പരമാത്മാവും ഭൂമാവും അജനും അമൃതനുമായ ആ പുരുഷന്‍ സ്വമഹിമയില്‍ പ്രതിഷ്ഠിതനാകുന്നു. എന്നാലിപ്പോള്‍ നിങ്ങള്‍ അതിന്റെ അടുത്തുചെന്ന്, ‘നീ പന്നിയല്ലല്ലോ’ എന്നു പറഞ്ഞാല്‍ അതു ചീറ്റാനും കടിക്കാനും തുടങ്ങും, അത്രമാത്രം അധഃപതിച്ചതാണ് അതിന്റെ സ്ഥിതി.
ഈ മായയില്‍, ഈ സ്വപ്നലോകത്തില്‍, വിഹരിക്കുന്ന നമ്മുടെയെല്ലാം കഥ ഇതുതന്നെ. ഇവിടെ സര്‍വ്വവും ദുഃഖം, കരച്ചിലും പിഴിച്ചിലുമേ എങ്ങുമുള്ളു. ഏതാനും പൊന്‍പന്തു കളിട്ടുരുട്ടുകയും അവയെ കയ്ക്കലാക്കാന്‍ എല്ലാവരുംകൂടി കലശല്‍കൂട്ടുകയുമത്രേ ഈ ജീവിതം. നിങ്ങള്‍ ഒരിക്കലും നിയമബദ്ധരല്ല, നിങ്ങളെ പ്രകൃതി ഒരുകാലത്തും ബന്ധിച്ചിട്ടില്ല എന്നാണു യോഗി പറയുന്നത്. അതു പഠിക്കാനുള്ള ക്ഷമയുണ്ടാകണം. പുരുഷന് എങ്ങനെ ദുഃഖമുണ്ടാകുന്നുവെന്നു യോഗി കാണിച്ചുതരുന്നു; പ്രകൃതിസംയോഗവശാല്‍ പുരുഷനു മനസ്സിനോടും ബാഹ്യവിഷയങ്ങളോടും താദാത്മ്യം വരുന്നതു കൊണ്ടാണ് അവന്‍ ദുഃഖിയാവുന്നത്. എന്നിട്ട്, ഇതില്‍നിന്നു മോചിക്കാനുള്ള വഴി സ്വാനുഭവമാണെന്നും യോഗി പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഈ അനുഭവങ്ങളെല്ലാം ഉണ്ടാകണം. എന്നാല്‍ എത്രയും വേഗം അതു തീര്‍ക്കുക. നാം ഈ വലയില്‍ കുടു ങ്ങിപ്പോയി. ഇനി ഇതില്‍നിന്നു പുറത്തു കടക്കണം. നാം സ്വയമേവ ഈ കെണിയില്‍ പെട്ടതാണ്. നമ്മുടെ പ്രയത്‌നത്താല്‍ത്തന്നെ വേണം ഇതില്‍നിന്നു മോചിക്കുക. അതു കൊണ്ടു ഭാര്യാഭര്‍ത്തൃസ്നേഹവും ബന്ധുപ്രീതിയും ക്ഷുദ്രകാമങ്ങളുമെല്ലാം അനുഭവിച്ചുതീര്‍ത്തേക്കുക. നിങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ഒരു സമയവും വിസ്മരിക്കുന്നില്ലെങ്കില്‍ ഈ അനുഭവങ്ങളില്‍ക്കൂടിയെല്ലാം നിരപായം കടന്നുപോകാം. ഇതൊരു ക്ഷണികാവസ്ഥ മാത്രമാണെന്നും നമുക്കിതു കടന്നുചാടേണ്ടതാണെന്നും ഒരു കാലത്തും മറക്കരുത്. അനുഭവം – സുഖദുഃഖാനുഭവം – ആണു വലിയ ഗുരു. എന്നാല്‍ അത് അനുഭവം മാത്രമാണെന്നോര്‍ക്കുക. അതു നമ്മെ പടിപടിയായി ഉയര്‍ത്തി ഒടുവില്‍ സര്‍വ്വവിഷയങ്ങളും അത്യല്പവും, പുരുഷന്‍ അതിമഹത്തുമാണെന്നു വരുന്ന ഒരവസ്ഥയിലെത്തിക്കും. അപ്പോള്‍, മഹാജലധിയില്‍ ജലബിന്ദുകണക്കെ സമസ്തപ്രകൃതിയും തുച്ഛമായി തനിയെ തിരോഭവിക്കും. നമുക്കു പലേ അനുഭവങ്ങളില്‍ ക്കൂടിയും കടന്നുപോകേണ്ടതുണ്ട്. ഒരിക്കലും ലക്ഷ്യത്തെ മറക്കരുത്.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 309-312]