ശൈവസിദ്ധാന്തത്തെപറ്റി ശ്രീരമണമഹര്‍ഷി
ശൈവസിദ്ധാന്തത്തെപറ്റി ശ്രീരമണമഹര്‍ഷി ഇപ്രകാരം പറഞ്ഞു. ഒരാള്‍ ഗരുഡോഹം എന്ന് ധ്യാനിച്ചാല്‍ അയാള്‍ ഗരുഡനായിത്തീരുകയില്ല. പക്ഷേ സര്‍പ്പവിഷം മാറ്റാനുപകരിക്കും. ശിവോഹം ഭാവനയും ഇതുപോലെയാണ്. ഒരാള്‍ ശിവനായിത്തീരുകയില്ല. എന്നാല്‍ വിനാശകരമായ അഹന്ത മാറും. അങ്ങനെ പരിശുദ്ധാത്മാവായ് ശിവാനുഭൂതിമാനായി പ്രകാശിക്കും. ഇതാണ് മോക്ഷനിലയെന്നു ശൈവസിദ്ധാന്തികള്‍ പറയുന്നു. ഇവിടെ താനെന്ന ബോധം ഒഴിയുന്നില്ല. അതും ഒഴിഞ്ഞാലേ സമ്പൂര്‍ണ്ണ മോചനമാവൂ.
അരവിന്ദബോസ് ‘ദേഹബോധം വന്നതിനുശേഷം’ എന്നിങ്ങനെ പറഞ്ഞാരംഭിച്ച ഉടനെ:
രമണമഹര്‍ഷി: ദേഹബോധമെന്താണെന്നാദ്യം പറയൂ. ബോധം വിട്ടു നാമിരിക്കുന്നോ? ദേഹബോധത്താല്‍ ദേഹമുണ്ടെന്നറിയുന്നു. ഞാന്‍ എന്ന ബോധത്തിന് ശേഷമാണ് ദേഹമുണ്ടെന്നറിയുന്നത്. അഹംബോധം അഹംസ്ഫൂര്‍ത്തിയില്‍ നിന്നും ജനിക്കുന്നു. എപ്പോഴും ഉള്ളത് ആ ആത്മബോധമൊന്നാണ്. അതു ആനന്ദമയം. അതുകൊണ്ടാണ് ആത്മാവു ആര്‍ക്കും പ്രിയമായിരിക്കുന്നത്.
ചോ: എന്നാല്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നതെന്തിനാണ്?
മഹര്‍ഷി: ദേഹത്തോടെ ഇരിക്കുന്നത് ദുഃഖകരമായതിനാല്‍ അതിനെ ഒഴിച്ചുവിടാനാഗ്രഹിക്കുന്നു. എന്നാല്‍ ദുഃഖം തരുന്നത് മനസാണ്. വിവേകികള്‍ ഒഴിക്കാന്‍ ശ്രമിക്കുന്നത് മനസിനെയാണ്. മനസ്സിനുകാരണമായ അഹന്തയെ ഒഴിച്ചാല്‍ മനസ് മായും. അവിടെ അഖണ്ഡാത്മസ്ഫൂര്‍ത്തി അന്യത്വമറ്റ് പ്രകാശിക്കും. ആത്യന്തിക ദുഃഖനിവൃത്തിയും ആനന്ദപ്രാപ്തിയുമിതാണ്.