സ്വാമി വിവേകാനന്ദന്‍

19. വിശേഷാവിശേഷലിങ്ഗമാത്രാലിങ്ഗാനി
ഗുണപര്‍വ്വാണി.
വിശേഷാവിശേഷലിങ്ഗമാത്രാലിങ്ഗാനി വിശേഷങ്ങള്‍ (കാര്യ മാത്രങ്ങളായ അഞ്ചു ഭൂതങ്ങളും പതിനൊന്നിന്ദ്രിയങ്ങളും) അവിശേഷങ്ങള്‍ (കാര്യമാത്രങ്ങളുടെ പ്രകൃതികളായ – കാരണങ്ങളായ – അഹംകാരവും, അഞ്ചു തന്മാത്രങ്ങളും) ലിങ്ഗമാത്രം (മൂലപ്രകൃതിയുടെ ആദ്യത്തെ കാര്യം മഹത്തത്ത്വം) അലിങ്ഗം (മൂലപ്രകൃതി) ഇവ, ഗുണപര്‍വാണി സത്ത്വരജസ്തമോഗുണങ്ങളുടെ അവസ്ഥാ വിശേഷങ്ങളാകുന്നു.
വിശേഷം, അവിശേഷം ലിംഗമാത്രം, അലിംഗം എന്നിവയാകുന്നു സത്ത്വരജസ്തമോഗുണങ്ങളുടെ അവസ്ഥാവിശേഷങ്ങള്‍.

യോഗസമ്പ്രദായത്തിന്നവലംബം സാംഖ്യദര്‍ശനമാണെന്നു മുമ്പേ പറഞ്ഞിട്ടുണ്ട്. ഇവിടെ ഒരിക്കല്‍ക്കൂടി സാംഖ്യോക്തമായ പ്രപഞ്ചവിജ്ഞാനത്തെ ഓര്‍മ്മിപ്പിക്കാം. സാംഖ്യമതപ്രകാരം, പ്രകൃതിയാണ് പ്രപഞ്ചത്തിന്റെ ഉപാദാനകാരണവും നിമിത്തകാരണവും. ഈ പ്രകൃതി സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു പദാര്‍ത്ഥങ്ങളുടെ, അഥവാ ഗുണങ്ങളുടെ, സ്വരൂപമാകുന്നു. ജഗത്തില്‍ അന്ധകാരമായി, അജ്ഞാനമായി, ഗുരുത്വ (കന)മുള്ളതായി എന്തെല്ലാമുണ്ടോ അതെല്ലാം തമസ്സാണ്: ക്രിയയെല്ലാം രജോഗുണം: സത്ത്വം എന്നതു ശാന്തതയും പ്രകാശവും ലഘുത്വവും (കനമില്ലായ്മ) ആകുന്നു. സൃഷ്ടിക്കുമുമ്പുള്ള പ്രകൃതിയെ ‘അവ്യക്തം’ എന്നു സാംഖ്യന്മാര്‍ പറയുന്നു: വ്യക്തമല്ലാത്തത്, നാമരൂപങ്ങളാല്‍ വ്യാകരിക്കപ്പെടാത്ത അവ്യാകൃതാവസ്ഥ, എന്നാണര്‍ത്ഥം. ആ അവസ്ഥയില്‍ ഈ മൂന്നു ഗുണങ്ങളും ശരിക്കു സമനിലയില്‍ വര്‍ത്തിക്കുന്നു. അനന്തരം, ഈ സാമ്യത്തിനു ഭംഗമുണ്ടാകുന്നതോടുകൂടി ഗുണങ്ങള്‍ തമ്മില്‍ വിവിധം സംഘടിച്ചു പ്രപഞ്ചമായി പരിണമിക്കുന്നു. ഓരോ മനുഷ്യനിലും ഈ മൂന്നു ഗുണങ്ങളുണ്ട്. സത്ത്വഗുണം വര്‍ദ്ധിക്കുമ്പോള്‍ ജ്ഞാനം പ്രകാശിക്കുന്നു. രജസ്സിന്റെ ആധിക്യത്തില്‍ കര്‍മ്മവും, തമസ്സിന്റെ ആധിക്യത്തില്‍ അന്ധകാരവും ജാഡ്യവും ആലസ്യവും അജ്ഞാനവും വന്നുചേരുന്നു.

സാംഖ്യമതപ്രകാരം, ത്രിഗുണാത്മകപ്രകൃതിയുടെ അത്യുച്ച പരിണാമത്തെ മഹത് അഥവാ ബുദ്ധി എന്നു പറയുന്നു. ഈ സമഷ്ടിബുദ്ധിയുടെ അംശമാണു വ്യഷ്ടിഗതമായ ഓരോ മനുഷ്യബുദ്ധിയും. സാംഖ്യന്മാരുടെ അന്തഃകരണവിജ്ഞാന പ്രകാരം, മനസ്സിന്റെ ധര്‍മ്മത്തിനും ബുദ്ധിയുടെ ധര്‍മ്മത്തിനും തമ്മില്‍ സൂക്ഷ്മമായ അന്തരമുണ്ട്. മനസ്സിന്റെ ധര്‍മ്മം വിഷയങ്ങളെ ഗ്രഹിച്ചുകൊണ്ടുപോയി ബുദ്ധിക്ക്, വ്യഷ്ടിമഹത്തിന്, സമര്‍പ്പിക്കുകയാണ്. പിന്നീടു ബുദ്ധിയാണ് അവയെ വിവേചിച്ചുനിശ്ചയിക്കുന്നത്. മഹത്തത്ത്വത്തില്‍നിന്ന് അഹങ്കാരവും, അതില്‍നിന്നു സൂക്ഷ്മഭൂതങ്ങളായ തന്മാത്രകളും ഉത്പന്നമാകുന്നു. സൂക്ഷ്മഭൂതങ്ങള്‍ സംഘടിച്ചാണു ബാഹ്യമായ സ്ഥൂലഭൂതങ്ങള്‍ – ബാഹ്യപ്രപഞ്ചം – ഉണ്ടാവുന്നത്. ബുദ്ധിമുതല്‍ താഴോട്ട് ഏറ്റവും സ്ഥൂലമായ പാറക്കഷ്ണംവരെയുള്ളയുള്ള സര്‍വ്വവും ഒരേ ഒരു വസ്തുവിന്റെ (ത്രിഗുണപ്രകൃതിയുടെ) വികാരങ്ങളാണെന്നത്രേ സാംഖ്യസിദ്ധാന്തം. അവയ്ക്കു തമ്മിലുള്ള ഭേദം, സ്ഥൂലമോ സൂക്ഷ്മമോ എന്ന സ്ഥിതിഭേദംമാത്രം. സൂക്ഷ്മം കാരണവും സ്ഥൂലം കാര്യവുമാകുന്നു. സാംഖ്യ ശാസ്ത്രപ്രകാരം, സമസ്തപ്രകൃതിക്കും അതീതമാണു പുരുഷന്‍. അതു പ്രാകൃത(ജഡ)മേയല്ല. ബുദ്ധി, മനസ്സ്, തന്മാത്രകള്‍, മഹാഭൂതങ്ങള്‍ തുടങ്ങിയ പ്രകൃതിതത്ത്വങ്ങളിലൊന്നിനോടും പുരുഷനു സാദൃശ്യമില്ല, സജാതീയത്വമില്ല. ഇവയില്‍നിന്നെല്ലാം അത്യന്തഭിന്നം, സ്വഭാവേനതന്നെ കേവലം വ്യതിരിക്തം. ആകയാല്‍ പുരുഷന്‍ അമൃത(മൃതിരഹിത)മാണെന്നാകുന്നു അവരുടെ സിദ്ധാന്തം. എന്തുകൊണ്ടെന്നാല്‍ അതൊരു സംഘാതമല്ല. അസംഹതമായ ഒന്നിനു മൃതിയുണ്ടാവാനും തരമില്ല. സാംഖ്യ മതത്തില്‍ പുരുഷന്മാര്‍ അനേകമാകുന്നു.

ഗുണപര്‍വ്വങ്ങള്‍ വിശേഷം അവിശേഷം ലിംഗമാത്രം അലിംഗം എന്നിങ്ങനെ നാലുവിധമാണെന്നുള്ള സൂത്രവാക്യത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാക്കാം. വിശേഷം ഇന്ദ്രിയഗ്രാഹ്യമായ സ്ഥൂലഭൂതങ്ങളാണ്. അവിശേഷശബ്ദംകൊണ്ടു സൂക്ഷ്മഭൂതങ്ങളെ നിര്‍ദ്ദേശിക്കുന്നു. അവ സാധാരണജനങ്ങള്‍ക്ക് ഇന്ദ്രിയഗ്രാഹ്യമല്ല. എന്നാല്‍, കുറേക്കാലം യോഗം ശീലിച്ചാല്‍ നിങ്ങളുടെ ഗ്രഹണശക്തി അതിസൂക്ഷ്മമായി ഭവിക്കും: അപ്പോള്‍ നിങ്ങള്‍ക്കു ഈ തന്മാത്രകളെ പ്രത്യക്ഷീകരിക്കാമെന്നു പതഞ്ജലിമഹര്‍ഷി പറയുന്നു. ഉദാഹരണമായി, ഓരോ മനുഷ്യനു ചുറ്റും ഒരു പ്രഭ (പരിവേഷം) ഉള്ളതായി നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എല്ലാ പ്രാണികളും ഇപ്രകാരമൊരു പ്രഭയെ പ്രസരിപ്പിക്കുന്നുണ്ട്. അതു നമ്മെപ്പോലുള്ളവര്‍ക്കു ദൃശ്യമല്ലെങ്കിലും യോഗികള്‍ക്കു കാണാമെന്നു പറയപ്പെടുന്നു. പൂവില്‍നിന്നു ഘ്രാണയോഗ്യമായ തന്മാത്രകള്‍ നിരര്‍ഗ്ഗളം പ്രസരിച്ചുകൊണ്ടിരിക്കുംപോലെ നമ്മളില്‍നിന്ന് ഈ തന്മാത്രകള്‍ നാലുപാടും വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും നാം പുണ്യമോ പാപമോ ആയ മാത്രാ സഞ്ചയത്തെ വിസര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു. നാം എവിടെ പോയാലും ഈ തന്മാത്രകളാല്‍ അന്തരിക്ഷം വ്യാപ്തമാവും. ഈവിധത്തിലാണു ദേവാലയങ്ങളും പള്ളികളും പണിയിക്കാനുള്ള ഔത്‌സുക്യം മനുഷ്യഹൃദയത്തില്‍ അറിയാതെ കടന്നു കൂടിയത്. മനുഷ്യന്‍ ഈശ്വരനെ പൂജിക്കാന്‍ എന്തിനു ദേവാലയം നിര്‍മ്മിക്കുന്നു? ഈശ്വരനെ പൂജിക്കാന്‍ എവിടെയെങ്കിലും പൂജിച്ചാല്‍പ്പോരേ? ജനങ്ങള്‍ ഈശ്വരപൂജ ചെയ്യുന്ന സ്ഥലം പുണ്യതന്മാത്രകളാല്‍ വ്യാപ്തമാവുന്നുണ്ടെന്ന് അവന്‍ കണ്ടു. അതിന്റെ ഹേതുവെന്തെന്ന് അവനു പക്ഷേ അറിവില്ലായിരിക്കാം. ജനങ്ങള്‍ നിത്യവും അവിടെ പോകുന്നു: അങ്ങനെ പോകുംതോറും അവര്‍ അധികമധികം പുണ്യവാന്മാരായും ആ സ്ഥലത്തിന്റെ പുണ്യത്വം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സത്ത്വഗുണം അധികമില്ലാത്തവന്‍ അവിടെ ചെന്നാല്‍ ആ പുണ്യസ്ഥലം അവനെ വശീകരിച്ച് അവനിലുള്ള സത്ത്വഗുണത്തെ ഉന്‌മേഷിപ്പിക്കും. ഇതാണു പുണ്യക്ഷേത്രങ്ങളുടെയും മറ്റു തീര്‍ത്ഥസ്ഥലങ്ങളുടെയും മൗലികമായ അര്‍ത്ഥം. അവയുടെ പവിത്രത അവിടെ സമ്മേളിക്കുന്ന പുണ്യവാന്മാരെ ആശ്രയിച്ചാണിരിക്കുന്നതെന്നു പ്രത്യേകം ഓര്‍ക്കണം. എന്നാല്‍ മൗലികമായ അര്‍ത്ഥത്തെ മനുഷ്യന്‍ പ്രായേണ മറന്നുകളയുന്നു. അതാണ് അവന്റെ സ്വഭാവത്തിലെ പന്തികേട്. അവന്‍ വണ്ടി പിടിച്ചു കുതിരയുടെ മുമ്പില്‍ കെട്ടുന്നു. മനുഷ്യന്‍ കാരണമാണ് ഈ സ്ഥലങ്ങള്‍ പുണ്യതീര്‍ത്ഥങ്ങളായത്. അനന്തരം, കാര്യങ്ങളായ ഈ തീര്‍ത്ഥങ്ങള്‍ മനുഷ്യരെ തീര്‍ത്ഥീകരിക്കാന്‍ കാരണമാകയും ചെയ്യുന്നു. ദുര്‍ജ്ജനങ്ങള്‍മാത്രമേ അങ്ങോട്ടു ചെല്ലുന്നുള്ളവെങ്കില്‍ ആ സ്ഥലം മറ്റേതു ദേശവുംപോലെ അപുണ്യമാവും. ദേവാലയങ്ങളുടെ പവിത്രത കെട്ടിടം കൊണ്ടല്ല ഉണ്ടാകുന്നത്: പ്രത്യുത, മനുഷ്യരെക്കൊണ്ടാകുന്നു. ഈ വസ്തുത നാം പലപ്പോഴും മറന്നുപോകുന്നു. സത്ത്വഗുണ പ്രധാനരായ ഋഷീശ്വരന്മാര്‍ക്കും മറ്റു പുണ്യപുരുഷന്മാര്‍ക്കും തങ്ങളുടെ സത്ത്വസമ്പത്തിനെ പ്രസരിപ്പിച്ചു പരിസരങ്ങളില്‍ അഹോരാത്രം മഹത്തായ വശീകാരശക്തി ചെലുത്തുവാന്‍ സാധിക്കുന്നതിന്റെ രഹസ്യം ഇതാണ്. തന്റെ സത്ത്വശുദ്ധി മറ്റൊരാള്‍ക്കു തൊട്ടറിയുമാറ് അത്രമേല്‍ ഒരുവനു സാത്ത്വികനാവാം. അവനോടു സമ്പര്‍ക്കമുണ്ടാകുന്ന ഏതൊരുവനും അതുപോലെ ശുദ്ധനാകാം.

അടുത്തതു ലിംഗമാത്രം, അതായത് ബുദ്ധി, അതാണു പ്രകൃതിയുടെ പ്രഥമവികാരം. അതില്‍നിന്നാണു മറ്റു കാര്യങ്ങളെല്ലാം ആവിര്‍ഭവിക്കുന്നത്. ഒടുവിലത്തേതായ അലിംഗം അവ്യക്തതത്ത്വമാകുന്നു. ഈ വിഷയത്തില്‍ ആധുനികഭൗതികവിജ്ഞാനങ്ങള്‍ക്കും അദ്ധ്യാത്മശാസ്ത്രങ്ങള്‍ക്കും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസമുള്ളതു പോലെ തോന്നുന്നു. പ്രപഞ്ചം ചേതനത്തില്‍നിന്ന് ആവിര്‍ഭവിച്ചതാണെന്നാകുന്നു എല്ലാ അദ്ധ്യാത്മശാസ്ത്രങ്ങളുടെയും വാദം. ദേവവിശേഷകല്പനകളൊന്നും കൂടാതെ അദ്ധ്യാത്മവിജ്ഞാനദൃഷ്ട്യാ നോക്കിയാല്‍, സേശ്വരവാദത്തിന്റെ അര്‍ത്ഥം, സൃഷ്ടിക്രമത്തില്‍ ആദ്യമായിരിക്കുന്നതു ചേതനമാണ് എന്നാകുന്നു. ആ ചേതനത്തില്‍നിന്നാണു സ്ഥൂലങ്ങളായ ഭൂതവികാരങ്ങളെല്ലാം ഉണ്ടായത്. ആധുനികതത്ത്വ ചിന്തകന്മാരുടെ അഭിപ്രായത്തില്‍ ചേതനം എന്നതു പരിണാമപരമ്പരയില്‍ അവസാനത്തേതാണ്: അചേതനവസ്തുക്കള്‍ മന്ദംമന്ദം സചേതനജന്തുക്കളായും ജന്തുക്കള്‍ ക്രമേണ മനുഷ്യരായും പരിണമിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. അതായത് ചേതനത്തില്‍നിന്നു മറ്റെല്ലാം ആവിര്‍ഭവിക്കുന്നതിനു പകരം ചേതനം എല്ലാറ്റിനും ഒടുവില്‍ ആവിര്‍ഭവിക്കുന്നുവെന്നാണ് അവരുടെ വാദം. അദ്ധ്യാത്മവിജ്ഞാനത്തിന്റെയും ഭൗതികവിജ്ഞാനത്തിന്റെയും വാദങ്ങള്‍ ഇപ്രകാരം അന്യോന്യ വിരുദ്ധങ്ങളായി തോന്നുമെങ്കിലും, രണ്ടും ശരിയാണ്. എങ്ങനെയെന്നു പറയാം. എ ബി എ ബി എ ബി എന്നിങ്ങനെ ആദ്യന്ത രഹിതമായ ഒരു പരമ്പരയെ സങ്കല്പിക്കുക. ഇതില്‍ ആദ്യത്തേത് എ-യോ ബി-യോ എന്നാണു ചോദ്യം. എ ബി എന്ന ക്രമം സ്വീകരിച്ചാല്‍ എ ആണ് ആദ്യമെന്നു നിങ്ങള്‍ പറയും. നേരേ മറിച്ചു ബി എ എന്ന ക്രമം സ്വീകരിച്ചാല്‍, ബി ആണ് ആദ്യമെന്നും പറയും. അതു നിങ്ങള്‍ വസ്തുതയെ വീക്ഷിക്കുന്ന രീതി അനുസരിച്ചിരിക്കുന്നു. ചേതനം പരിണമിച്ചു ജഡവസ്തുക്കളാവുകയും അവ വീണ്ടും ചേതനത്തില്‍ ലയിക്കുകയും ചെയ്തു കൊണ്ടു തുടരുന്നതാണു പരിണാമക്രമം. സാംഖ്യന്മാരും അതുപോലെ മറ്റു മതക്കാരും ചേതനത്തെ ആദ്യം സ്വീകരിക്കുന്നതുകൊണ്ടു ‘ചേതനം-ജഡം എന്ന ക്രമത്തിലാണു പരമ്പര വരുന്നത്. ഭൗതികവിജ്ഞാനി ജഡത്തെ പിടിച്ച്, ആദ്യം ജഡം പിന്നെ ചേതനം എന്നു പറയുന്നു. ഒരേ ശൃംഖലയെത്തന്നെയാണു രണ്ടുപേരും നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഭാരതീയ തത്ത്വജ്ഞാനം ജഡചേതനങ്ങള്‍ രണ്ടിനെയും അതിക്രമിച്ചു പുരുഷന്‍ അഥവാ ആത്മാവ് എന്ന ചേതനാതീതമായ (ബുദ്ധിക്കും അതീതമായ കേവലചൈതന്യം, ചിന്മാത്രപുരുഷന്‍ എന്ന) തത്ത്വത്തില്‍ എത്തിച്ചേരുന്നു. അതില്‍നിന്നു കടം വാങ്ങിയതത്രേ ചേതനത്തിന്റെ (ബുദ്ധിയുടെ) ചേതനത്വം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 312-316]