20. ദ്രഷ്ടാ ദൃശിമാത്രഃ ശുദ്ധോ പി പ്രത്യയാനുപശ്യഃ
ദ്രഷ്ടാ പുരുഷന്‍, ദൃശിമാത്രഃ ജ്ഞാനസ്വരൂപനാകുന്നു അതുകൊണ്ടുതന്നെ, (ജ്ഞാനാദിധര്‍മ്മമുള്ളവനല്ല). ശുദ്ധഃ ശുദ്ധന്‍ പരിണാമശൂന്യന്‍ ആകുന്നു. അപി എന്നാലും അവന്‍, പ്രത്യയാനു പശ്യഃ പ്രത്യയത്തെ (ബുദ്ധിവൃത്തിയെ) അനുസരിച്ചു വിഷയങ്ങളെ അറിയുന്നു.
പുരുഷന്‍ ചിന്മാത്രനാണ്: ശുദ്ധനാണെങ്കിലും ബുദ്ധി വൃത്തി നിമിത്തം ദ്രഷ്ടാവായി ഭാസിക്കുന്നു.
ഇതും സാംഖ്യദര്‍ശനത്തെ അനുസരിച്ചാണ്. ആ ശാസ്ത്രപ്രകാരം, ഏറ്റവും താഴത്തെ പടിയിലുള്ള സ്ഥൂലഭൂതം മുതല്‍ മഹത്തത്ത്വംവരെയുള്ള സര്‍വ്വവും പ്രകൃതിയാണെന്നു നാം കണ്ടു. പ്രകൃതിക്കുമപ്പുറമാണു നിര്‍ഗുണന്മാരായ പുരുഷന്മാര്‍. അങ്ങനെയിരിക്കെ, എന്തുകൊണ്ടാണു പുരുഷന്‍, സുഖിയോ ദുഃഖിയോ ആയി തോന്നുന്നത്? പ്രതിബിംബംകൊണ്ട്. ഒരു ചുവന്ന പുഷ്പത്തെ ശുദ്ധസ്ഫടികമണിയുടെ സമീപം വെച്ചാല്‍ ആ സ്ഫടികമണി ചുവപ്പായി തോന്നുമല്ലോ. അതുപോലെ ആത്മാവിനുണ്ടെന്നു തോന്നുന്ന സുഖദുഃഖങ്ങളും പ്രതിഭാസമാത്രമാകുന്നു. പുരുഷന്‍ സ്വതേ നിര്‍മ്മലനും പ്രകൃതിഭിന്നനുമാണ്. പുരുഷനൊന്നു വേറെ, പ്രകൃതിയൊന്നു വേറെ, രണ്ടും അത്യന്തഭിന്നം. ബുദ്ധി ഒരു സംഘാതമാണെന്നും, അതിന്നു വൃദ്ധിക്ഷയങ്ങളുണ്ടെന്നും, ശരീരംപോലെ തന്നെ പരിണമിച്ചുകൊണ്ടിരിക്കുന്നതാണെന്നുമാണു സാംഖ്യ മതം. നഖത്തിനു ശരീരത്തോടുള്ള ബന്ധം പോലെയാണ്, ശരീരത്തിനു ബുദ്ധിയോടുള്ള ബന്ധം. നഖം ശരീരത്തിലെ ഒരംഗമാണ്: അതിനെ നൂറായിരം പ്രാവശ്യം ചെത്തിക്കളയാം. എന്നാലും ശരീരം നിലനില്ക്കും. അതുപോലെ ഈ സ്ഥൂലശരീരത്തിന് എത്ര വട്ടം വിച്ഛേദം വന്നാലും ബുദ്ധി (ലിംഗശരീരം) ബഹുകല്പകാലം നിലനില്ക്കും. എന്നിരുന്നാലും, ബുദ്ധി അനശ്വരമാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ അതു വികാരിയാണ്, വൃദ്ധിക്ഷയങ്ങളുള്ളതാണ്. വികാരിയായ ഒന്നും നിത്യമാവാന്‍ വയ്യ. ബുദ്ധി ജന്യവസ്തുവാണെന്നു തീര്‍ച്ചയാണല്ലോ. ആ വസ്തുതതന്നെയാണ് അതിനുമപ്പുറം ഒന്നുണ്ടെന്നുള്ളതിനു ലിംഗം. ബുദ്ധി സ്വതന്ത്രമാവാനും തരമില്ല. കാരണം, ജഡസ്വഭാവമായ പദാര്‍ത്ഥങ്ങളെല്ലാം പ്രകൃതിയിലന്തര്‍ഭവിച്ചതും അതിനാല്‍ നിത്യബദ്ധവുമാകുന്നു. ആരാണു മുക്തന്‍ (സ്വതന്ത്രന്‍)? മുക്തമായത് എപ്പോഴും കാര്യകാരണ നിയമങ്ങള്‍ക്ക് അതീതമായിരിക്കണമെന്നു നിശ്ചയം. മുക്തി എന്ന സങ്കല്പം ഒരു ഭ്രാന്തിയാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ ബന്ധമെന്ന സങ്കല്പവും ഭ്രാന്തിയാണെന്നു ഞാന്‍ പറയും. രണ്ടു സങ്കല്പവും നമ്മുടെ ബോധത്തിലുദിക്കുന്നതാണ്. അതുകൊണ്ടു സിദ്ധമായാല്‍ രണ്ടുമൊപ്പം: അസിദ്ധമായാലും ഒപ്പം തന്നെ. ഇതാണു ബന്ധമോക്ഷങ്ങളെപ്പറ്റിയുള്ള നമ്മളുടെ സങ്കല്പം.
നാം ഈ ചുമരില്‍ക്കൂടി കടന്നുപോകാനൊരുങ്ങിയാല്‍ തല ചുമരിലിടിച്ചു നാം ചുമരിനാല്‍ പ്രതിബദ്ധരാണെന്നറിയുന്നു. അതോടൊപ്പം നമുക്ക് ഒരിച്ഛാശക്തിയുണ്ടെന്നും, ആ ഇച്ഛാശക്തിയെ എവിടേക്കും നിയോഗിക്കാന്‍ കഴിയുമെന്നും അറിയുന്നുണ്ട്. ഈ വിരുദ്ധപ്രത്യയങ്ങള്‍ അനുനിമിഷം നമുക്കനുഭവപ്പെടുന്നു. നാം സ്വതന്ത്രരാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അതോടൊപ്പംതന്നെ നാം സ്വതന്ത്രരല്ലെന്നും കാണുന്നു. ഒരു പ്രത്യയം ഭ്രാന്തിയാണെങ്കില്‍ മറ്റേതും ഭ്രാന്തിതന്നെ. ഒന്നു സത്യമെങ്കില്‍ മറ്റേതും സത്യം. എന്തു കൊണ്ടെന്നാല്‍ രണ്ടും ബോധമെന്ന ഏകാധികരണത്തിലാണു നിലകൊള്ളുന്നത്. രണ്ടും സത്യമാണെന്നു യോഗി പറയുന്നു; ബുദ്ധിയെ സംബന്ധിച്ചിടത്തോളം നാം ബദ്ധരും ആത്മാവിനെ സംബന്ധിച്ചിടത്തോളം മുക്തരുമാണ്. പുരുഷന്‍ മാത്രമേ കാര്യകാരണനിയമങ്ങള്‍ക്കതീതമായി, സ്വതന്ത്രമായിരിക്കു ന്നുള്ളു. അതാണു മനുഷ്യന്റെ യഥാര്‍ത്ഥസ്വരൂപമായ ആത്മ തത്ത്വം. അതിന്റെ സ്വാതന്ത്ര്യമാണ്, ബുദ്ധി മനസ്സ് മുതലായ ഗുണപര്‍വ്വങ്ങളില്‍ക്കൂടി ഊറിവരുന്നത്. അതിന്റെ ചൈതന്യമാണു മറ്റു സര്‍വ്വത്തെയും ചേതനമാക്കുന്നത്. ബുദ്ധി സ്വതേ ചേതനമല്ല.
ഓരോ ഇന്ദ്രിയത്തിനും മസ്തിഷ്‌കത്തില്‍ ഓരോ കേന്ദ്രമുണ്ട്: എല്ലാറ്റിനുംകൂടി ഒരു കേന്ദ്രമല്ല, ഓരോ ഇന്ദ്രിയവും പ്രത്യേകമാണ്. എന്നിരിക്കെ എല്ലാ സംവേദനങ്ങളും ഏകത്ര അന്വയിക്കുന്നതെങ്ങനെ? അവയുടെ ഐക്യം എവിടെ? അതു മസ്തിഷ്‌കത്തിലായിരുന്നുവെങ്കില്‍, നേത്രം, ശ്രോത്രം, ഘ്രാണം തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്കെല്ലാംകൂടി ഒരു കേന്ദ്രമേ ഉണ്ടാകാവൂ. പക്ഷേ ഓരോന്നിന്റെയും കേന്ദ്രം വെവ്വേറെയാണെന്നു നമുക്കറിയാം. അതേസമയം, ഒരുവനുതന്നെ ഏകകാലത്തില്‍ കേള്‍ക്കാനും കാണാനും കഴിയുന്നുണ്ട്. അതുകൊണ്ടു ബുദ്ധിക്കും ആധാരമായി ഒരു ഏകത്വമുണ്ടെന്നു നിശ്ചയം. മസ്തിഷ്‌കത്തോടു ബന്ധപ്പെട്ടിരിക്കുന്നതാണു ബുദ്ധി. ആ ബുദ്ധിക്കുമപ്പുറം ഏകനായ പുരുഷന്‍ സ്ഥിതിചെയ്യുന്നു. ആ ഏകത്വത്തിലാണു വിവിധങ്ങളായ ഇന്ദ്രിയവേദനങ്ങളും ബുദ്ധിവൃത്തികളും സംയോജിച്ച് ഏകീഭവിക്കുന്നത്. ആത്മാവു തന്നെയാണു നാനാതരത്തിലുള്ള അനുഭവങ്ങളും ചെന്നു ഏകീഭവിക്കുന്ന കേന്ദ്രം. ആത്മാവ് സ്വതന്ത്രം: അതിന്റെ സ്വാതന്ത്ര്യമാണ്, നിങ്ങള്‍ സ്വതന്ത്രരാണെന്ന് ഓരോ നിമിഷവും നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ എപ്പോഴും തെറ്റിദ്ധരിക്കുന്നു, ആ സ്വാതന്ത്ര്യം മനോബുദ്ധ്യാദികളുടേതാണെന്നു വ്യാമോഹിക്കുന്നു. ആ സ്വാതന്ത്ര്യത്തെ ബുദ്ധിയില്‍ ആരോപിക്കാന്‍ ഭാവിക്കുന്ന നിമിഷംതന്നെ ബുദ്ധി സ്വതന്ത്രമല്ലെന്നു നിങ്ങളറിയുന്നു. ആ സ്വാതന്ത്ര്യം ദേഹത്തിന്റെതാണെന്നു വിചാരിക്കുന്ന മാത്രയില്‍ത്തന്നെ നിങ്ങള്‍ക്കു തെറ്റിപ്പോയി എന്നു പ്രകൃതി നിങ്ങളോടു പറയുന്നു. അതുകൊണ്ടാണു ബന്ധപ്രതീതിയും മോക്ഷപ്രതീതിയും ഇടകലര്‍ന്ന് ഏകകാലത്തുദിക്കുന്നത്. യോഗിയാകട്ടെ, രണ്ടിനെയും വിവേചിച്ചറിയുന്നു, അയാളുടെ അജ്ഞാനം നിവര്‍ത്തിക്കുകയും ചെയ്യുന്നു. നിത്യമുക്തനായിട്ടുള്ളതു ചിന്മാത്രനായ പുരുഷന്‍ – യാതൊന്നു ബുദ്ധിയില്‍ പ്രവേശിച്ചു ചേതനശക്തിയായി ഭാസിക്കുന്നുവോ ആ ശുദ്ധചൈതന്യം. അങ്ങനെ ബുദ്ധിയില്‍ പ്രതിബിംബിച്ചിരിക്കുക എന്നതു മാത്രമാണു പുരുഷന്റെ ബന്ധം എന്നു യോഗി സാക്ഷാത്ക്കരിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 316-318]