സ്വാമി വിവേകാനന്ദന്‍

25.തദഭാവാത് സംയോഗാഭാവോ ഹാനം
തദ്ദൃശേഃ കൈവല്യം.
തദഭാവാത് അവിദ്യയുടെ അഭാവംകൊണ്ട്, സംയോഗാഭാവഃ സംയോഗത്തിന്റെ നാശം, തത് ഹാനം ആ ഹാനം (സംയോഗാ ഭാവം), ദൃശേഃ ദൃക്കിന്റെ (ചേതനസ്വരൂപമായ പുരുഷന്റെ), കൈവല്യം കേവലീഭാവം (മോക്ഷം) ആകുന്നു.
അതിന്റെ (അവിദ്യയുടെ) നാശത്തോടുകൂടി സംയോഗവും ഇല്ലാതാവുന്നു: അതാണു ഹാനം. അതുതന്നെ ദൃക്കിന്റെ കൈവല്യം.

യോഗശാസ്ത്രപ്രകാരം, അവിദ്യനിമിത്തമാണ് ആത്മാവിനു പ്രകൃതിയോടു സംബന്ധമുണ്ടാവുന്നത്. ആ പ്രകൃതിബന്ധത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കുകയാകുന്നു ലക്ഷ്യം (സാധ്യം). എല്ലാ ധര്‍മ്മങ്ങളുടെയും ലക്ഷ്യം അതുതന്നെ. ഓരോ ജീവനിലും ദിവ്യത്വം നിലീനമായിരിക്കുന്നു. ഈ അന്തര്‍ലീനമായ ദിവ്യത്വത്തെ പ്രകാശിപ്പിക്കുന്നതാകുന്നു ലക്ഷ്യം: ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയെ നിയന്ത്രിക്കുന്നതു മാര്‍ഗ്ഗവുമാകുന്നു. ഇതു കര്‍മ്മ-ഭക്തി-യോഗ-ജ്ഞാനങ്ങളില്‍ ഒന്നോ ഒന്നിലധികമോ എല്ലാമോ വഴിയായി ചെയ്യുക, സ്വതന്ത്രനാവുക! ഇതത്രേ മതസര്‍വ്വസ്വം: ശാസ്ത്രസിദ്ധന്തങ്ങളോ ആഗമവാക്യങ്ങളോ പൂജാവിധികളോ ഗ്രന്ഥങ്ങളോ ക്ഷേത്രങ്ങളോ പ്രതീകങ്ങളോ എല്ലാം ഉപാഠംഗങ്ങള്‍ മാത്രമാണ്. യോഗി ചിത്തവൃത്തിനിരോധം വഴിക്കാണ് ഈ ലക്ഷ്യം പ്രാപിക്കാന്‍ ശ്രമിക്കുന്നത്. നാം നമ്മെ പ്രകൃതിയില്‍നിന്നു മോചിപ്പിക്കുംവരെ അടിമകളാകുന്നു. അതുവരെ നാം അവളുടെ ആജ്ഞയനുസരിക്കണം. മനോജയം സാധിക്കുന്നവനു മഹാഭൂതങ്ങളെയും ജയിക്കാന്‍ സാധിക്കുമെന്നാണു യോഗിയുടെ സിദ്ധാന്തം. ആഭ്യന്തരപ്രകൃതി (ചിത്തം) ബാഹ്യപ്രകൃതിയെ അപേക്ഷിച്ചു സൂക്ഷ്മതരവും മല്ലിടാന്‍ പ്രയാസമേറിയതും ദുര്‍ജ്ജയവുമാകുന്നു. അങ്ങനെയുള്ള ആഭ്യന്തരപ്രകൃതിയെ ജയിക്കാന്‍ കഴിഞ്ഞവനു പ്രപഞ്ചം മുഴുവന്‍ സ്വാധീനമാവും: അത് അവനു ദാസ്യം വഹിക്കും. ഈ സ്വാധീനത സമ്പാദിക്കാനുള്ള ഉപായമാണു രാജയോഗം ഉപദേശിക്കുന്നത്. സ്ഥൂലപ്രകൃതിയില്‍ നമുക്ക് അറിയാവുന്നതിനെക്കാള്‍ എത്രയോ അധികം പ്രകൃഷ്ട ശക്തികളുണ്ട്: അവയെയും വശീകരിക്കണം. ഈ ശരീരം മനസ്സിന്റെ പുറംതൊണ്ടു മാത്രം. അവ രണ്ടും ഭിന്നവസ്തുക്കളല്ല, മുത്തിച്ചിപ്പിയുടെ ഉള്ളിലെ പ്രാണിയും പുറത്തെ ചിപ്പിയുംപോലെ ഒരേ വസ്തുവിന്റെ രണ്ടു ഭാവങ്ങള്‍മാത്രമാകുന്നു. ചിപ്പിയുടെ ഉള്ളിലെ പ്രാണി പുറമേനിന്നു ധാതുദ്രവ്യങ്ങളെ സമാഹരിച്ചാണു പുറംതൊണ്ടു നിര്‍മ്മിക്കുന്നത്. അതുപോലെ അന്തഃകരണം എന്നു പറയുന്ന ആന്തരമായ സൂക്ഷ്മശക്തികള്‍ ബാഹ്യത്തില്‍നിന്നു സ്ഥൂലഭൂതങ്ങളെ ഉപാദാനം ചെയ്തു ശരീരമാകുന്ന ആ പുറംതൊണ്ടു നിര്‍മ്മിക്കുന്നു. അതുകൊണ്ട് ആന്തരത്തെ സ്വാധീനമാക്കാമെങ്കില്‍ ബാഹ്യത്തെ ജയിക്കാന്‍ വളരെ എളുപ്പം. ഈ ശക്തികള്‍ പരസ്പരഭിന്നങ്ങളല്ലതാനും: ചിലതു ശാരീരികം, മറ്റു ചിലതു മാനസികം എന്ന ഭേദമില്ല. സ്ഥൂലപ്രകൃതി സൂക്ഷ്മപ്രകൃതിയുടെ സ്ഥൂലപരിണാമമായിരിക്കുംപോലെതന്നെ ശാരീരികശക്തികള്‍ മാനസികശക്തികളുടെ അഭിവ്യക്തികളാകുന്നു.

26. വിവേകഖ്യാതിരവിപ്ലവാ ഹാനോപായഃ.
അവിപ്ലവാ വിപ്ലവ1മില്ലാത്ത (യഥാര്‍ത്ഥമായ), വിവേക ഖ്യാതി പുരുഷനെയും പ്രകൃതിയെയും വേര്‍തിരിച്ചറിയുക, ഹാനോപായഃ = ആ ഹാനത്തിനുള്ള ഉപായമാകുന്നു.
വിവേകഖ്യാതിയുടെ നിരന്തരപരീശീലനമാണ് അവിദ്യാ നിവൃത്തിക്കുപായം.

ഇതാണു യോഗാഭ്യാസത്തിന്റെ യഥാര്‍ത്ഥലക്ഷ്യം – നിത്യാനിത്യവസ്തുവിവേകം. അതായത്, പുരുഷന്‍ പ്രകൃതിയല്ല, ദേഹേന്ദ്രിയമനസ്സുകളായ വികൃതികളുമല്ല, പ്രകൃതിയല്ലാത്തതുകൊണ്ട് അതു പരിണാമിയുമല്ല എന്നു വിവേചിച്ചറിയുകതന്നെ. പ്രകൃതിമാത്രമാണു പരിണാമി: അതു സംഘടിച്ചും വിഘടിച്ചും പുനഃസംഘടിച്ചും സര്‍വ്വദാവികാരംകൊള്ളുന്നു, നിരന്തരം ശീലിക്കപ്പെടുന്ന വിവേകഖ്യാതിയാല്‍ അവിദ്യ അസ്തമിക്കുകയും, പുരുഷന്‍ സര്‍വ്വജ്ഞവും സര്‍വ്വശക്തവും സര്‍വ്വഗതവുമായ സ്വസ്വരൂപത്തില്‍ പ്രകാശിക്കുകയും ചെയ്യും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 321-323]