സ്വാമി വിവേകാനന്ദന്‍

28. യോഗാംഗാനുഷ്ഠാനാദശുദ്ധിക്ഷയേ
ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ.
യോഗാംഗാനുഷ്ഠാനാത് യോഗാംഗങ്ങളുടെ ജ്ഞാനപൂര്‍വ്വകമായ അഭ്യാസംകൊണ്ട്, അശുദ്ധിക്ഷയേ ചിത്തത്തിനുള്ള ജ്ഞാനത്തെ മറയ്ക്കുന്ന ക്ലേശാദികള്‍ നശിക്കെ, ആവിവേക ഖ്യാതേഃ പ്രകൃതിപുരുഷസ്വരൂപത്തിന്റെ സാക്ഷാത്കാരംവരെയുള്ള, ജ്ഞാനദീപ്തി ജ്ഞാനത്തിന്റെ പ്രകാശാതിശയം ഉണ്ടാകുന്നു.
യോഗത്തിന്റെ വിവിധാംഗങ്ങളെ അനുഷ്ഠിക്കുന്നതു കൊണ്ട് അശുദ്ധികള്‍ നശിച്ചു വിവേകാഖ്യാതിവരെയുള്ള, ജ്ഞാനം പ്രകാശിക്കുന്നു.

ഇനി സാധനവിഷയകമായ ജ്ഞാനമാണ്. ഇതുവരെ പ്രതിപാദിച്ചുവന്നത്. നമ്മുടെ ബുദ്ധിക്കെത്താത്തവിധം അത്ര ഉയര്‍ന്നതരം വിഷയമാണ്. എങ്കിലും അതാണു പരമസാദ്ധ്യം. ആദ്യം സമ്പാദിക്കേണ്ടതു ദേഹേന്ദ്രിയമനോനിഗ്രഹമാണ്. അതു ലഭിക്കുമ്പോള്‍ സാദ്ധ്യനിഷ്ഠമായ സാധനം സ്ഥിരീഭവിക്കും. സാദ്ധ്യം അറിഞ്ഞാല്‍പ്പിന്നെ അതിനെ പ്രാപിക്കാനുള്ള സാധനാഭ്യാസമേ ശേഷിക്കൂ.

29. യമനിയമാസനപ്രാണായാമപ്രത്യാഹാര –
ധാരണാധ്യാനസമാധയോഷ്ടാവംഗാനി.
യമം നിയമം ആസനം പ്രാണായാമം പ്രത്യാഹാരം ധാരണ ധ്യാനം സമാധി എന്നിവയാണു യോഗത്തിന്റെ എട്ടംഗങ്ങള്‍.

30. അഹിംസാസത്യാസേ്തയബ്രഹ്മചര്യാ –
പരിഗ്രഹാ യമാഃ.
അഹിംസാ മനോവാക്കായങ്ങളെക്കൊണ്ട് ഒരു പ്രാണിയെയും പീഡിപ്പിക്കാതിരിക്കുക: സത്യം പരഹിതത്തിനുവേണ്ടിയുള്ള മനോവാക്കുകളുടെ യാഥാര്‍ത്ഥ്യം: അസേ്തയം പരദ്രവ്യം അപഹരിക്കാതിരിക്കുക: ബ്രഹ്മചര്യം (വീര്യധാരണം അതിന്റെ ഉപായമായി അഷ്ടാംഗമൈഥുനത്യാഗവും): അപരിഗ്രഹഃ = ദേഹധാരണത്തില്‍ കവിഞ്ഞുള്ള ഭോഗസാധനങ്ങള്‍ സ്വീകരിക്കായ്ക, (ഏതേ = ഇവയാണ്) യമാഃ യമങ്ങള്‍.
അഹിംസ സത്യം അസേ്തയം ബ്രഹ്മചര്യം അപരിഗ്രഹം ഇവയെ യമങ്ങള്‍ എന്നു പറയുന്നു.

യോഗസംസിദ്ധനാവാന്‍ ആഗ്രഹിക്കുന്ന സാധകന്‍ കാമസങ്കല്പങ്ങളെ വര്‍ജ്ജിക്കണം. ആത്മാവില്‍ സ്ത്രീപുരുഷഭേദമില്ല. പിന്നെ എന്തിന് അതു കാമസങ്കല്പങ്ങളാല്‍ സ്വയം അധഃപതിപ്പിക്കണം? ഈവക വിചാരങ്ങളെ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യം ഉത്തരഭാഗങ്ങള്‍കൊണ്ടു സ്പഷ്ടമാകും. ദാനം വാങ്ങുന്നവന്റെ മനസ്സു ദാതാവിന്റെ മനസ്സിനാല്‍ ചോദിതമാകാനും തന്മൂലം അവന്‍ ദുഷിച്ചുപോകാനും ഇടയുണ്ട്. ദാനസ്വീകാരം മനസ്സിന്റെ സ്വാതന്ത്ര്യം ഭഞ്ജിച്ചു നമ്മെ പരാധീനരാക്കും. അതുകൊണ്ട് ഒരു ദാനവും പരിഗ്രഹിക്കരുത്.

31. ഏതേ ജാതിദേശകാലസമയാനവച്ഛിന്നാ
സാര്‍വഭൗമാ മഹാവ്രതം.
ജാതിദേശകാലസമയാനവച്ഛിന്നാഃ ജാതി (ബ്രാഹ്മണ ത്വാദി,) ദേശം (പുണ്യതീര്‍ത്ഥങ്ങള്‍ പുണ്യക്ഷേത്രങ്ങള്‍ മുതലായവ), കാലം (ഏകാദശി, ചതുര്‍ദ്ദശി മുതലായവ), സമയം (ബ്രാഹ്മണാദിപ്രയോജനകരം മുതലായവ) ഇവകൊണ്ട് അതിരില്ലാത്ത, സാര്‍വഭൗമാഃ എല്ലാ അവസ്ഥകളിലും എന്നും നിലകൊള്ളുന്ന, ഏതേ ഈ യമങ്ങള്‍, മഹാവ്രതം മഹാവ്രതമെന്നു പറയപ്പെടുന്നു.
കാലവും ദേശവും പ്രയോജനവും ജാതിനിയമങ്ങളും കൊണ്ടു വിച്ഛേദം വരാത്ത ഇവ സാര്‍വ്വലൗകികമഹാവ്രതങ്ങളാകുന്നു.

മേല്പറഞ്ഞ അഹിംസ സത്യം അസേ്തയം ബ്രഹ്മചര്യം അപരിഗ്രഹം എന്നീ യമങ്ങള്‍ എല്ലാവരും, സ്ത്രീപുരുഷബാല വൃദ്ധഭേദമെന്യേ, ജാതിദേശാവസ്ഥാഭേദമെന്യേ എല്ലാ കാലത്തും അനുഷ്ഠിക്കേണ്ട അതിവിശിഷ്ടധര്‍മ്മങ്ങളാകുന്നു.

32. ശൗചസന്തോഷതപഃസ്വാധ്യായേശ്വര –
പ്രണിധാനാനി നിയമാഃ.
ശൗചം ബാഹ്യവും ആഭ്യന്തരവുമായ ശുദ്ധി, സന്തോഷഃ സംതൃപ്തി, തപഃ തപസ്സ്, സ്വാധ്യായഃ സ്വാധ്യായം, ഈശ്വര പ്രണിധാനം ഈശ്വരോപാസനം, (ഇതി ഏതേ എന്നിവ) നിയമാഃ നിയമങ്ങള്‍ ആകുന്നു.
ബാഹ്യാഭ്യന്തരശൗചം സംതൃപ്തി തപസ്സ് സ്വാധ്യായം ഈശ്വരോപാസനം എന്നിവയാകുന്നു നിയമങ്ങള്‍.

ബാഹ്യശൗചം എന്നതു ശരീരത്തെ നിര്‍മ്മലമാക്കി വെയ്ക്കുകയാകുന്നു. അശുചിയായ മനുഷ്യന്‍ ഒരിക്കലും യോഗിയാകയില്ല. ആഭ്യന്തരശൗചവും അവശ്യം വേണ്ടതാകുന്നു. അത് 1.33-ല്‍ പ്രതിപാദിച്ച മൈത്ര്യാദികളുടെ ഭാവനകൊണ്ടുണ്ടാകും. ആന്തരശുദ്ധിതന്നെയാണു ബാഹ്യശുദ്ധിയെക്കാള്‍ ശ്രേഷ്ഠം എന്നതില്‍ സംശയമില്ല എന്നാല്‍, രണ്ടും ആവശ്യമാണ്: അന്തരംഗശുദ്ധിയില്ലാതെയുള്ള ബാഹ്യശുദ്ധി നിഷ്പ്രയോജനവുമാണ്.

33. വിതര്‍ക്കബാധേന പ്രതിപക്ഷഭാവനം.
വിതര്‍ക്കബാധേന വിതര്‍ക്കങ്ങളെ (യോഗശത്രുക്കളായ ഹിംസാദികളെ) ബാധിക്കുവാന്‍ (നിവര്‍ത്തിക്കുവാന്‍), പ്രതിപക്ഷ ഭാവനം പ്രതിപക്ഷങ്ങളെ ഭാവനചെയ്യേണ്ടതാണ്.
യോഗവിരോധിപ്രത്യയങ്ങളെ നിവാരണം ചെയ്‌വാന്‍ വിപരീതഭാവനകളെ ശീലിക്കണം.

യോഗവിരോധിപ്രത്യയങ്ങളെ നിരോധിക്കാന്‍ വിപരീതഭാവനകളെ ഉളവാക്കണം. അതാണ് മേല്പറഞ്ഞ സദ്ധര്‍മ്മങ്ങളെ അനുഷ്ഠിക്കാനുള്ള ഉപായം. ഉദാഹരണമായി, ഒരു ഉത്കടകോപവൃത്തി ചിത്തത്തിലുയരുമ്പോള്‍ അതിനെ എങ്ങനെ നിരോധിക്കാം? വിപരീതവൃത്തിയെ ഉളവാക്കിയിട്ടുതന്നെ: അതായത് സ്നേഹത്തെ ഭാവന ചെയ്യണം. ചിലപ്പോള്‍ ഒരമ്മ തന്റെ ഭര്‍ത്താവിനോടു വളരെ കുപിതയായിരിക്കും. ആ സമയം ഓമനക്കുട്ടി അടുക്കല്‍ വന്നാല്‍ അമ്മ അതിനെ എടുത്തുമ്മവെയ്ക്കുന്നു. ആദ്യത്തെ കോപവികാരം അടങ്ങി, കുട്ടിയോടുള്ള സ്നേഹമാകുന്ന നൂതനവികാരം ആ സ്ഥാനത്ത് ഉണര്‍ന്നു വരുന്നു. അതു മറ്റതിനെ പ്രതിരോധിക്കുന്നു: സ്നേഹം കോപത്തിന്റെ പ്രതിപക്ഷമാണല്ലോ. അതുപോലെ സേ്തയബുദ്ധിയുണ്ടാകുമ്പോള്‍ അസേ്തയത്തെ ഭാവനചെയ്യണം. പരിഗ്രഹബുദ്ധി ഉദിക്കുമ്പോള്‍ ഒരു വിപരീതപ്രത്യയത്താല്‍ അതിനെ നീക്കണം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 325-328]