ഒരു ചത്ത കുഞ്ഞിനെ ഒരു സാധു പുനരുജ്ജീവിപ്പിച്ചു എന്നുപറഞ്ഞാല്‍ത്തന്നെയും അതൊരൊറ്റപ്പെട്ട സംഭവമായിരിക്കും. സാധുക്കള്‍ ചത്ത എല്ലാത്തിനെയും ജീവിപ്പിക്കണമെങ്കില്‍ ലോകമുണ്ടായിരിക്കുകയില്ല. മരണവുമില്ല, ശ്മശാനങ്ങളുമില്ല.
ചോദ്യം: ഗീതയില്‍ പറയുന്നതുപോലെ ആത്മാവു ശരീരത്തില്‍ നിന്നും ഭിന്നമായതുകൊണ്ട് ഒരു കൈയ്യ് വെട്ടിമുറിക്കപ്പെട്ടാലും ഒരാള്‍ അതിന്‍റെ വേദനയെ അറിയാതിരിക്കണം.
രമണമഹര്‍ഷി: ജ്ഞാനം, വേദനയെ അറിയാത്തതിനെ ആശ്രയിച്ചുള്ളതാണോ? അങ്ങനെയാണെങ്കില്‍ ബോധം കെടുത്തി ശസ്ത്രക്രിയ നടത്തപ്പെടുന്നവരെല്ലാം ജ്ഞാനികളായിരിക്കണമല്ലോ. കായികവേദന ദേഹാത്മബുദ്ധിയെ പറ്റിനില്‍ക്കുന്നതാണ്. ദേഹവിസ്മൃതിയില്‍ നില്‍ക്കുന്ന മനസ്സിനു സുഖദുഃഖങ്ങളില്ല. യോഗവാസിഷ്ഠത്തില്‍ ഇന്ദ്രന്റെയും അഹല്യയുടെയും ആഖ്യാനത്തില്‍ മരണംപോലും മനസിന്‍റെ പ്രക്രിയയാണെന്നു പറഞ്ഞിരിക്കുന്നു.
മനസ് ജ്ഞാനാജ്ഞാനങ്ങളുടെ മിശ്രമാണ്. അത് അഞ്ചുവിധത്തില്‍ പ്രവര്‍ത്തിക്കുന്നു.
1. ക്ഷിപ്തം (സജീവം) – രജോഗുണപ്രധാനം
2. മൂഢം (മന്ദം) – തമോഗുണപ്രധാനം
3. വിക്ഷിപ്തം – ചലനപ്രധാനം
4. കഷായം, ലയാവസ്ഥ – അവ്യക്തം
5. എകാഗ്ര്യം – ഒരേ വിചാരം
ആനന്ദം സ്വസ്വരൂപമായിരിക്കെ അതിനെ അനുഭവിക്കുന്നതെന്തിന്? കല്യാണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്തൃസുഖം കൂടാതെതന്നെ കന്യക അനുഭവിക്കുന്നതാണ് രസാസ്വാദം.
രമണമഹര്‍ഷി: മനസ്സിനെ പരിശോധിച്ചുതന്നെ അതിന്‍റെ പ്രാബല്യത്തെ കുറയ്ക്കുക. അതിന്‍റെ ആദിയെ നോക്കുന്നതും ഒരു മാര്‍ഗ്ഗമാണ്. അതിന്‍റെ ആദി ആത്മാവോ ഈശ്വരനോ ജ്ഞാനമോ ആയിരിക്കും. ഒരേ വിചാരത്തിലിരിക്കുമ്പോള്‍ മറ്റു വിചാരങ്ങള്‍ മാറിപ്പോകുന്നു. ഒടുവില്‍ ഈ ഒരു വിചാരവും മറയുന്നു. അപ്പോള്‍ ഉറങ്ങാതെ ശ്രദ്ധിക്കണം.
ചോ: മനസിനെ പരിശോധിക്കുന്നതെങ്ങനെയാണ്?
മഹര്‍ഷി: പ്രാണായാമം സഹായകരമാണ്. പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കുകയില്ല. യാന്ത്രികമായി അതു ചെയ്യുമ്പോള്‍ ‘ഞാന്‍’ ബോധത്തിന്റെ ആദിയെ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്. അപ്പോള്‍ ശ്വാസോച്ഛ്വാസം നിലയ്ക്കുകയും ‘അഹം’ ബോധമുളവാകുകയും ചെയ്യുന്നു. ശ്വാസവും ഈ ബോധവും ഒരേസമയത്ത് മുങ്ങുകയും പൊങ്ങുകയും ചെയ്യും. ഒരിക്കല്‍ രണ്ടും ഒന്നിച്ചുമുങ്ങുമ്പോള്‍ അനന്തമായ മറ്റൊരു ‘ഞാന്‍’ പ്രത്യക്ഷമാവുന്നു. അത് അണയാത്തതും അഖന്ധവുമായിരിക്കും. അതാണ് ലക്ഷ്യം. ഇതിനെ ഈശ്വരന്‍, ആത്മാവ്, കുണ്ഡലിനിശക്തി, ആത്മജ്ഞാനം എന്നൊക്കെപ്പറയും. നമ്മുടെ പ്രയത്നം തന്നെ വിജയത്തിനു മാര്‍ഗ്ഗം കാണിച്ചുതരും.