50. ബാഹ്യാഭ്യന്തരസ്തംഭവൃത്തിര്‍ദേശകാല –
സംഖ്യാഭിഃ പരിദൃഷ്‌ടോ ദീര്‍ഘസൂക്ഷ്മഃ.
(സഃപ്രാണായാമഃ ആ പ്രാണായാമം) ബാഹ്യാഭ്യന്തരസ്തം ഭവൃത്തിഃ ബാഹ്യവൃത്തിയും ആഭ്യന്തരവൃത്തിയും സ്തംഭവൃത്തിയുമായി മൂന്നു തരത്തിലുണ്ട്: (അതു) ദേശകാലസംഖ്യാഭിഃ ദേശം, കാലം, സംഖ്യ ഇവയാല്‍, പരിദൃഷ്ടഃ പരിമിതവും, ദീര്‍ഘസൂക്ഷ്മഃ ദീര്‍ഘവും സൂക്ഷ്മവുമാകുന്നു.
ബാഹ്യം, ആഭ്യന്തരം, സ്തംഭം എന്നിങ്ങനെ മൂന്നു പ്രകാരത്തിലുള്ള പ്രാണായാമം നിയതമായ ദേശകാലസംഖ്യകളോടുകൂടി ദീര്‍ഘവും സൂക്ഷ്മവുമായി ഭവിക്കുന്നു.
പ്രാണായാമത്തിന്റെ ത്രിവിധവൃത്തികള്‍; ഒന്ന്, ശ്വാസത്തെ ഉള്‍ക്കൊള്ളുന്നത് (പൂരകം): രണ്ട്, അതിനെ വിസര്‍ജ്ജിക്കുന്നത് (രേചകം): മൂന്ന്, ശ്വാസകോശങ്ങളില്‍നിന്നു പുറത്തുപോകാതെയോ പുറത്തുനിന്ന് ഉള്ളിലേക്കു കടക്കാതെയോ സ്തംഭിപ്പിക്കുന്നത് (കുംഭകം). ഇനി, ദേശംകൊണ്ടും കാലംകൊണ്ടും ഇവയ്ക്കു വ്യത്യാസം വരുന്നു. ദേശമെന്നു പറഞ്ഞതു പ്രാണനെ ബന്ധിക്കുന്ന ചില ശരീരസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ്. കാലമെന്നത് ഇന്ന ദേശത്തില്‍ ഇത്രനേരം പ്രാണനെ ബന്ധിച്ചുനിര്‍ത്തണമെന്നു നിര്‍ദ്ദേശിക്കുന്നതാണ്. അങ്ങനെ ഒരു വൃത്തിക്ക് എത്രമാത്രം വേണമെന്നും മറ്റേതിന് എത്ര വേണമെന്നും പറയുന്നുണ്ട്. ഈ പ്രാണായാമത്തിന്റെ ഫലം ഉദ്ഘാതം: അതായത് കുണ്ഡലിനിയെ ഉണര്‍ത്തുക എന്നതാകുന്നു.
51. ബാഹ്യാഭ്യന്തരവിഷയാക്ഷേപീ ചതുര്‍ത്ഥഃ.
ബാഹ്യാഭ്യന്തരവിഷയാക്ഷേപീ (മുന്‍പറഞ്ഞ) ബാഹ്യ വിഷയത്തിന്റെയും ആഭ്യന്തരവിഷയത്തിന്റെയും ആക്ഷേപ (സൂക്ഷ്മദൃഷ്ട്യാ പര്യാലോചന)ത്തോടുകൂടിയത്, ചതുര്‍ത്ഥഃ നാലാമത്തെ പ്രാണായാമമാകുന്നു.
ബാഹ്യമോ ആഭ്യന്തരമോ ആയ വിഷയങ്ങളില്‍ അനുസന്ധാനം ചെയ്തുകൊണ്ടുള്ള പ്രാണായാമം നാലാമത്തേതാകുന്നു.
ദീര്‍ഘകാലത്തെ അഭ്യാസഫലമായിട്ടാണ് അനുസന്ധാന പൂര്‍വ്വകമായ ഈ നാലാമത്തെ കുംഭകം സാധിക്കുന്നത്. മുമ്പു പറഞ്ഞ മൂന്നിലും അനുസന്ധാനമില്ല.
52. തതഃ ക്ഷീയതേ പ്രകാശാവരണം.
തതഃ പ്രാണായാമംകൊണ്ട്, പ്രകാശാവരണം പ്രകാശത്തിനു ചിത്തത്തിലുള്ള ആവരണം (ക്ലേശാദികള്‍), ക്ഷീയതേ നശിക്കുന്നു.
അതില്‍നിന്നു ചിത്തത്തിലെ പ്രകാശത്തിനുള്ള ആവരണം ക്ഷയിക്കുന്നു.
ചിത്തത്തിനു സ്വപ്രകൃത്യാ സര്‍വ്വജ്ഞാനവും ഉണ്ട്. അതു സത്ത്വഗുണാത്മകമാണ്. എന്നാലിപ്പോള്‍ രജസ്തമോമലങ്ങ ളാല്‍ ആവൃതമാണ്. പ്രാണായാമംകൊണ്ട് ഈ ആവരണം നീങ്ങുന്നു.
53. ധാരണാസു ച യോഗ്യതാ മനസഃ.
ധാരണാസു ധാരണകളില്‍ (ധാരണാവിഷയകമായ), യോഗ്യതാ ച യോഗ്യതയും, മനസഃ (ആവരണം നീങ്ങിയ) മനസ്സിന്, (ജായതേ ഉണ്ടാകുന്നു.)
ആവരണം നീങ്ങി തെളിയുമ്പോള്‍ ചിത്തത്തിനു ധാരണ ചെയ്യാന്‍ സാമര്‍ത്ഥ്യവുമുണ്ടാകുന്നു.
54. സ്വസ്വവിഷയാസംപ്രയോഗേ ചിത്തസ്വ –
രൂപാനുകാര ഇവേന്ദ്രിയാണാം പ്രത്യാഹാരഃ.
ഇന്ദ്രിയാണാം (ശ്രോത്രാദി) ഇന്ദ്രിയങ്ങള്‍ക്ക്, സ്വസ്വവിഷയാസംപ്രയോഗേ (ശബ്ദാദികളായി) അതാതു വിഷയങ്ങളു മായി സംപ്രയോഗം ഇല്ലാതിരിക്കെ, ചിത്തസ്വരൂപാനുകാരഃ ഇവ ചിത്തത്തിന്റെ (വിഷയത്യാഗ) സ്വരൂപത്തെ അനുകരിക്കുന്ന തുപോലെയുള്ള സ്ഥിതിയാകുന്നു, പ്രത്യാഹാരഃ പ്രത്യാഹാരം.
ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളെ വിട്ടു ചിത്തസ്വരൂപത്തെ കൈക്കൊള്ളുന്നത് – എന്നപോലെ – ആണു പ്രത്യാഹാരം.
ഇന്ദ്രിയങ്ങള്‍ ചിത്തത്തിന്റെ സ്ഥിതിഭേദങ്ങള്‍ മാത്രമാണല്ലോ. ഞാന്‍ ഒരു പുസ്തകം കാണുന്നു. ആ രൂപം പുസ്തകത്തിലല്ല ഇരിക്കുന്നത്, പ്രത്യുത മനസ്സിലാണ്. ആ രൂപത്തെ മനസ്സില്‍ ഉദ്ബുദ്ധമാക്കാനുള്ള എന്തോ ഒന്നു പുറത്തുണ്ടായിരുന്നു. യഥാര്‍ത്ഥ രൂപം ചിത്തത്തിലാണ്. ഇന്ദ്രിയങ്ങള്‍, അവയോടു സംബന്ധിക്കുന്ന വിഷയങ്ങളുമായി താദാത്മ്യം പ്രാപിച്ചു തത്ത്വദ്വീഷയാകാരേണ പരിണമിക്കുന്നു. ചിത്തത്തിന്റെ ഏവംവിധമായ വിഷയാകാരപരിണാമത്തെ നിരോധിക്കാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ മനസ്സ് ശാന്തമാകും. അതാണ് പ്രത്യാഹാരം.
55. തതഃ പരമാ വശ്യതേന്ദ്രിയാണാം.
തതഃ പ്രത്യാഹാരംകൊണ്ട്, ഇന്ദ്രിയാണാം ഇന്ദ്രിയങ്ങളുടെ, പരമാ വശ്യതാ അത്യുത്കൃഷ്ടമായ സ്വാധീനത യോഗിക്ക് ഉണ്ടാകുന്നു.
പ്രത്യാഹാരമായി പരമമായ ഇന്ദ്രിയജയം സിദ്ധിക്കുന്നു.
ഇന്ദ്രിയങ്ങളുടെ ബാഹ്യവിഷയാകാരപരിണാമത്തെ നിരോധിച്ച് അവയെ ചിത്തസ്വരൂപത്തില്‍ വെച്ചുകൊണ്ടിരിക്കാന്‍ സാധിച്ചാല്‍, അപ്പോള്‍ യോഗിക്ക് ഇന്ദ്രിയജയം സംസിദ്ധമാകുന്നു. ഇന്ദ്രിയങ്ങള്‍ തികച്ചും സ്വാധീനമായാല്‍ എല്ലാ മാംസപേശികളും നാഡികളും സ്വാധീനമാകും. എന്തുകൊണ്ടെന്നാല്‍ ഇന്ദ്രിയങ്ങളാണ് എല്ലാ വേദനങ്ങളുടെയും കര്‍മ്മങ്ങളുടെയും കേന്ദ്രങ്ങള്‍. ഈ ഇന്ദ്രിയങ്ങള്‍ ജ്ഞാനേന്ദ്രിയങ്ങളെന്നും കര്‍മ്മേന്ദ്രിയങ്ങളെന്നും രണ്ടുതരം. അവ സ്വാധീനമായാല്‍ എല്ലാവിധം വേദനങ്ങളെയും കര്‍മ്മങ്ങളെയും യോഗിക്കു സ്വാധീനമാക്കാം, ശരീരമശേഷവും നിയന്ത്രിക്കാം. അപ്പോള്‍ മാത്രമാണു ജന്മലാഭം ആനന്ദമായി തോന്നിത്തുടങ്ങുക. ‘ജന്മത്താല്‍ ഞാന്‍ ധന്യനായിരിക്കുന്നു,’ എന്ന് അപ്പോള്‍ യഥാര്‍ത്ഥമായി പറയാം. അപ്രകാരമുള്ള ഇന്ദ്രിയവശ്യത സിദ്ധിക്കുമ്പോള്‍, ഈ ശരീരം വാസ്തവത്തില്‍ എത്ര ആശ്ചര്യകരമായിരിക്കുന്നു എന്നു നമുക്കു തോന്നും.
സാധനപാദം സമാപ്തം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 336-339]