ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 8. 1979
ചോദ്യം: തുരിയമെന്നതെന്താണ്?
രമണ മഹര്‍ഷി: ജാഗ്രത്‌സ്വപ്നസുഷുപ്തികള്‍ക്ക് അധിഷ്ഠാനമായും ആ മൂന്നവസ്ഥകള്‍ക്കും വിലക്ഷണമായും ഉള്ള ഒരവസ്ഥ. എപ്പോഴുമുള്ള മറ്റു മൂന്നവസ്ഥകളും മാറിമാറിത്തോന്നും. ഇതു ആത്മസ്വരൂപമാണ്. ദേഹാത്മബുദ്ധി ഒഴിയുമ്പോള്‍ തുരിയാവസ്ഥ സ്വയം പ്രകാശിക്കും.
ഭക്തയായ ഒരമേരിക്കന്‍ സ്ത്രീ: ഞാന്‍ ഉറക്കത്തിലെന്നപോലെ ഉപാധിരഹിതമായും എന്നാല്‍ ബോധത്തോടുകൂടിയും എങ്ങനെയിരിക്കാനൊക്കും?
രമണമഹര്‍ഷി: ആ തുരിയാവസ്ഥ നിങ്ങള്‍ക്ക് എപ്പോഴുമുള്ളതാണ്. ആ അവസ്ഥ പുത്തനായി ലഭിക്കേണ്ട ഒന്നല്ല.
ചോ: ഉറക്കത്തിലെ അനുഭവം ഞാനറിയുന്നില്ലലോ?
മഹര്‍ഷി: അറിയേണ്ടാ, അനുഭവിക്കുന്നുണ്ടല്ലോ. അതുമതി. ജാഗ്രത്തില്‍ നിങ്ങള്‍ അതിരുകള്‍ കല്‍പ്പിച്ച് ശരീരത്തെ താനെന്നു കല്‍പ്പിക്കുന്നതിനാല്‍ നിദ്രാസുഖത്തെ ചോദ്യം ചെയ്യുകയാണ്.
ചോ: ഞാന്‍ മനസിലാക്കുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വം?
മഹര്‍ഷി: ഇപ്പോള്‍ നിങ്ങള്‍ നാനാത്വത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഏകത്വത്തെ മനസിലാക്കുന്നു. നാനാത്വമാണ് ഏകത്വത്തിനു നിദാനം. നാനാത്വം മാറുമ്പോള്‍ ഏകത്വവും മാറും. സത്യം വിളങ്ങും. നാനാത്വമാണ് സത്യത്തെ മറയ്ക്കുന്നത്.
ചോ: അജ്ഞാന ശമനത്തിനു ഗുരുകടാക്ഷം വേണമല്ലോ.
മഹര്‍ഷി: തീര്‍ച്ചയായും. പക്ഷേ അതെപ്പോഴുമുള്ളതാണ്. അതാത്മാവ് തന്നെയാണ്. അതിന്‍റെ അവസ്ഥയെ അറിയണമെന്നെയുള്ളൂ. നിങ്ങള്‍ സൂര്യപ്രകാശത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്. എന്നാലും അതുള്ളിടത്തേക്ക് നോക്കണം. അതുപോലെ എവിടെയുമുള്ള ഗുരുകാരുണ്യത്തെയും എത്തിപ്പെട്ട് അറിയണം.
ചോ: നിരന്തരമായ അര്‍പ്പണം കൊണ്ട് ഗുരുകാരുണ്യം അനായാസേന ലഭിക്കും. കര്‍ത്തൃത്വമാണ് ബന്ധത്തെ ഉളവാക്കുന്നത്. മിണ്ടാതിരിക്കുക, താന്‍ ദൈവമാണെന്നറിയുക, മനസിന്‍റെ നിശ്ചലത പ്രവൃദ്ധമാകുമ്പോള്‍ ചാഞ്ചല്യം കുറയും. മനസിന്‍റെ ചാഞ്ചല്യമാണ് ആശയെയും വ്യഷ്ടിബോധത്തെയും കര്‍ത്തൃത്വബോധത്തെയും ജനിപ്പിക്കുന്നത്.
ചോ: ‘ ഞാന്‍ ഈശ്വരനാണ്’ , ‘ ഞാന്‍ ബ്രഹ്മമാണ്’ എന്ന ചിന്ത സഹായകരമാണോ?
മഹര്‍ഷി: ‘ഞാന്‍ ഈശ്വരനാണ്’ എന്ന് ചിന്തിക്കുക്കയല്ലാ, അറിയുകയാണ് വേണ്ടത്. തിരുവണ്ണാമലയ്ക്ക് വഴികള്‍ പലതുമുണ്ട്. എന്നാല്‍ തിരുവണ്ണാമല ഒന്നേയുള്ളൂ. ഇനി തിരുവണ്ണാമലയില്‍ നില്‍ക്കുന്ന ഒരാള്‍ തിരുവണ്ണാമലയ്ക്ക് വഴി ചോദിക്കുന്നത് ലജ്ജാവഹമല്ലേ? ആത്മസ്വരൂപത്തിലിരിക്കുന്നവര്‍ അതിനെ പ്രാപിക്കാന്‍ ശ്രമിക്കുന്നതും അതുപോലെയാണ്. ആദ്യത്തെയാള്‍ താന്‍ നില്‍ക്കുന്നതേ തിരുവണ്ണാമലയിലാണെന്ന് അറിയുകയേവേണ്ടൂ. അതുപോലെ ആത്മാവേ താനെന്നറിഞ്ഞു, താനേ താനെന്നുറച്ചിരിക്കുക.
ചോദ്യം: ജ്ഞാനിയായാലും പഠിച്ച ഒരാളാണെങ്കില്‍ ലോകത്തിനു കൂടുതല്‍ പ്രയോജനകരമല്ലേ?
മഹര്‍ഷി: പഠിക്കാത്ത ഒരു ജ്ഞാനിയെ എത്ര പഠിച്ചവനും വണങ്ങുകതന്നെ വേണം. കാരണം എത്ര പഠിച്ചവനും തന്നെ അറിയാത്തവനാണെങ്കില്‍ അവന്‍ അജ്ഞനാണ്. തന്നെ അറിയുന്ന ജ്ഞാനിക്ക് പഠിത്തം വേണ്ട. സര്‍വ്വവും അവനിലിരിക്കുന്നു. നിരക്ഷരത്വം അജ്ഞത തന്നെയാണ്. വിദ്യാഭ്യാസം പഠിച്ച അജ്ഞത എന്നേയുള്ളൂ.