സ്വാമി വിവേകാനന്ദന്‍

17. ശബ്ദാര്‍ത്ഥപ്രത്യയാനാമിതരേതരാധ്യാസാത്
സങ്കരഃ തത്പ്രവിഭാഗസംയമാത്
സര്‍വ്വഭൂതരുതജ്ഞാനം.
ശബ്ദാര്‍ത്ഥപ്രത്യയാനാം ശബ്ദം അര്‍ത്ഥം ജ്ഞാനം എന്നിവയുടെ, ഇതരേതരാധ്യാസാത് അന്യോന്യാധ്യാസം കൊണ്ടാണ്, സങ്കരഃ സങ്കരമുണ്ടാകുന്നത്. തത്പ്രവിഭാഗ സംയമാത് അവയുടെ ഭേദത്തില്‍, സംയമം ചെയ്യുന്നതുകൊണ്ട്, സര്‍വ്വഭൂതരുതജ്ഞാനം എല്ലാ പ്രാണികളുടെയും ശബ്ദങ്ങളുടെ ജ്ഞാനം ഉണ്ടാകുന്നു.
ശബ്ദാര്‍ത്ഥജ്ഞാനങ്ങളെ തെറ്റിദ്ധരിക്കുകയാണു സാധാരണ ചെയ്യുന്നത്. അവയില്‍ സംയമം ചെയ്താല്‍ എല്ലാ പ്രാണിശബ്ദങ്ങളുടെയും ജ്ഞാനം ഉണ്ടാകുന്നു.

ശബ്ദം ബാഹ്യനിമിത്തവും, അര്‍ത്ഥം ബാഹ്യനിമിത്തത്തെ അന്തരംഗത്തിലേക്കു നയിപ്പാന്‍ ഇന്ദ്രിയപ്രാണനാഡീദ്വാരാ മസ്തിഷ്‌കത്തിലേക്കു സഞ്ചരിക്കുന്ന ആന്തരവൃത്തിയും, പ്രത്യയം ചിത്തത്തിന്റെ പ്രതിസ്ഫുരണവൃത്തിയുമാണ്. അതോടുകൂടി വസ്തുബോധമുണ്ടാകുന്നു. ഇവ മൂന്നും കൂട്ടിക്കുഴച്ച നിലയിലാണു നമ്മുടെ ഇന്ദ്രിയഗ്രാഹ്യവിഷയങ്ങള്‍. ഞാന്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ആദ്യം ബാഹ്യസ്പന്ദനം, പിന്നീടു ശ്രോത്രേന്ദ്രിയദ്വാരാ അന്തരംഗത്തിലേക്കു പ്രവഹിക്കുന്ന ഇന്ദ്രിയവൃത്തി, അനന്തരം ചിത്തപ്രത്യയം: അങ്ങനെ എനിക്ക് ആ ശബ്ദബോധമുണ്ടാവുന്നു. ഞാന്‍ ബോധിക്കുന്ന ശബ്ദം ശബ്ദാര്‍ത്ഥജ്ഞാനങ്ങളെന്ന മൂന്നെണ്ണത്തിന്റെ കലര്‍പ്പാണ്. സാധാരണ നിലയില്‍ ഇവ മൂന്നും അവിവിക്ത്വമായിട്ടാണിരിക്കുന്നത്. എന്നാല്‍ (വിവേക) അഭ്യാസബലത്താല്‍ യോഗിക്ക് അവയെ വിവേചിക്കാന്‍ കഴിയും. അതു സാധിച്ച പുരുഷന്‍ ഏതു ശബ്ദത്തില്‍ സംയമം ചെയ്യുന്നുവോ ആ ശബ്ദത്തിന്റെ വാച്യമായ അര്‍ത്ഥം (പൊരുള്‍) – അത് ഒരു മനുഷ്യശബ്ദമോ മറ്റേതെങ്കിലും ജന്തുവിന്റെ ശബ്ദമോ ആയാലും – അയാള്‍ക്കു മനസ്സിലാവുന്നു.

18. സംസ്‌കാരസാക്ഷാത്കരണാത് പൂര്‍വ്വജാതിജ്ഞാനം.
സംസ്‌കാരസാക്ഷാത്കരണാത് (സംസ്‌കാരത്തില്‍ സംയമം ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന) സംസ്‌കാരത്തിന്റെ സാക്ഷാത്കാരത്താല്‍, പൂര്‍വ്വജാതിജ്ഞാനം പൂര്‍വ്വജന്മങ്ങളുടെ ജ്ഞാനം ഉണ്ടാകുന്നു.
സംസ്‌കാരങ്ങളെ സാക്ഷാത്കരിച്ചിട്ടു പൂര്‍വ്വജന്മജ്ഞാനം (ഉണ്ടാകുന്നു).

നമ്മുടെ ഓരോ അനുഭവവും ഓരോ ചിത്തവൃത്തി രൂപത്തിലുണ്ടാവുന്നു. ആ വൃത്തികള്‍ അടങ്ങിയിട്ടു സൂക്ഷ്മാത്‌സൂക്ഷ്മതരസംസ്‌കാരങ്ങളായി സഞ്ചയിക്കപ്പെടുന്നു: അല്ലാതെ അവ നിശ്ശേഷം നശിക്കുന്നില്ല. അതിസൂക്ഷ്മരൂപത്തില്‍ കിടക്കുന്ന ഈ വൃത്തിയെ ഉണര്‍ത്തിയാല്‍, അതു സ്മൃതിയായിത്തീരും. അങ്ങനെ ചിത്തസ്ഥിതമായ ഈ പൂര്‍വ്വസംസ്‌കാരത്തില്‍ സംയമം ചെയ്യാന്‍ സാധിച്ചാല്‍, യോഗിക്ക് എല്ലാ പൂര്‍വ്വജന്മങ്ങളുടെയും സ്മരണയുണ്ടാകും.

19. പ്രത്യയസ്യ പരചിത്തജ്ഞാനം.
പ്രത്യയസ്യ (സാക്ഷാത്കരണാത്) (പര)ചിത്തത്തിന്റെ (സംയമംവഴി) സാക്ഷാത്കാരംകൊണ്ട്, പരചിത്തജ്ഞാനം അന്യന്മാരുടെ ചിത്തത്തെ സംബന്ധിച്ച ജ്ഞാനം സിദ്ധിക്കുന്നു. പരശരീരത്തിലെ ലക്ഷണങ്ങളില്‍ സംയമം ചെയ്യുന്നതിനാല്‍ പരചിത്തജ്ഞാനം ഉണ്ടാകുന്നു.

ഓരോ മനുഷ്യശരീരത്തിലുമുണ്ട് അതിനെ ഇതര ശരീരങ്ങളില്‍നിന്നു വേര്‍തിരിക്കുന്ന പ്രത്യേകലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളില്‍ സംയമം ചെയ്യുന്ന യോഗിക്ക് ആ മനുഷ്യന്റെ ചിത്തപ്രകൃതി അറിയുമാറാകും.

20. ന ച തത്‌സാലംബനം തസ്യാവിഷയീഭൂതത്വാത്.
ച എന്നാല്‍, തത് ആ പരചിത്തം, ന സാലംബനം (സാക്ഷാത്ക്രിയതേ) ആലംബനത്തോടുകൂടി സാക്ഷാത്കരിക്കപ്പെടുന്നില്ല. തസ്യ ആ ആലംബനത്തിന്ന്, അവിഷയീഭൂതത്വാത് അവിഷയീഭൂതത്വമുള്ളകൊണ്ട്.
എന്നാല്‍ അതിന്റെ ഉള്ളടക്കം അറിയപ്പെടുന്നതല്ല, അതു സംയമവിഷയമല്ലാത്തതിനാല്‍.

ശരീരത്തിന്‌മേല്‍ സംയമം ചെയ്യുന്നതുകൊണ്ടു ചിത്തത്തിന്റെ ഉള്ളടക്കം അറിയാന്‍ കഴിയില്ല. ആകയാല്‍ ഇവിടെ രണ്ടുവിധം സംയമം വേണം; ആദ്യം ശരീരത്തിലുള്ള ബാഹ്യലക്ഷണങ്ങളിലും, പിന്നീടു ചിത്തത്തില്‍ നേരിട്ടും. അപ്പോള്‍ ചിത്തത്തിലുള്ള സര്‍വ്വവസ്തുതകളും യോഗിക്കു ജ്ഞാതമാവുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 349-351]