ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 20, 1937
മദ്രാസ് ഗവണ്‍മെന്റിലെ ഫൈനാന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഡാഡ്‌വെല്‍ എന്ന യൂറോപ്യനും ഭാര്യയും 1 മണിക്ക് ആശ്രമത്തില്‍ വന്നു. മദാമ്മ ചോദിച്ചു: ആത്മീയ കേന്ദ്രങ്ങള്‍ ഇന്‍ഡ്യയിലാണുള്ളതെന്നു പാശ്ചാത്യന്മാര്‍ പറയുന്നു.
മഹര്‍ഷി: ആത്മീയകേന്ദ്രമെന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്തു മനസിലാക്കുന്നു?
ചോ: ആത്മീയ ഗുരുക്കന്മാരുടെ ഇരിപ്പിടം.
മഹര്‍ഷി: ആത്മീയ ഗുരുക്കന്മാരെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം. ആദ്ധ്യാത്മികം ഭൗതികത്തിന്‍റെ മറുവശമാണ്. ചൈതന്യത്തിനു രൂപമില്ലത്തതിനാല്‍ അതു നിസ്സീമമാണ്. അതിന്‍റെ കേന്ദ്രവും അതുപോലെ തന്നെ. ആ കേന്ദ്രം ഒന്നേയുള്ളൂ. കിഴക്കായാലും പടിഞ്ഞാറായാലും കേന്ദ്രത്തില്‍ മാറ്റമില്ല. അതിനൊരു സ്ഥാനമേ ഇല്ല. അതിരില്ലാത്തതിനാല്‍ ഗുരുക്കന്മാരും ഈ ലോകവും സൃഷ്ടിയും സംഹാരവും എല്ലാം അതില്‍പ്പെടും. ഗുരുക്കന്മാര്‍ ഉപാധികളോടുകൂടി ഇരിക്കുമെന്ന് കരുതിയാണ് നിങ്ങള്‍ അവരുടെ സമ്പര്‍ക്കത്തെപ്പറ്റി സംസാരിച്ചത്. അവര്‍ക്കു ശരീരത്തെപ്പറ്റി അറിയാന്‍ പാടില്ല. അക്കാരണത്താല്‍ അവര്‍ ആരോടും ചേരും. ചൈതന്യം ആത്മാവാണ്. അതിനെ സാക്ഷാല്‍ക്കരിച്ചാല്‍ ഇത്തരം ചോദ്യങ്ങള്‍ ഉദിക്കുകയില്ല.
മദ്രാസ് അഡയാറില്‍ നിന്നും ജിനാര്‍ദാസന്‍ : ആത്മസാക്ഷാല്‍ക്കാരം എത്രയും എളുതെന്നുതോന്നും. പക്ഷെ പ്രയോഗത്തിനു ബുദ്ധിമുട്ടാണ്.
രമണമഹര്‍ഷി: അതിനെക്കാള്‍ എളുപ്പം മറ്റെന്തുണ്ട്? ആത്മാവ് എപ്പോഴും തന്നോടു ചേര്‍ന്നുള്ളതാണ്, അതിനെ അറിഞ്ഞില്ലെങ്കില്‍ മറ്റെന്തിനെ അറിയാന്‍?
ചോ: അത് താല്‍ക്കാലികമായിപ്പോകുന്നു. സ്ഥിരമാവാന്‍ എന്തുചെയ്യണം?
മഹര്‍ഷി: ആത്മാവൊന്നേ സത്യമായുള്ളൂ. അത് വന്നുംപോയും നില്‍ക്കുന്നതാവുന്നതെങ്ങനെ?
ചോ: ഭഗവാന്‍ പറയുന്നത് ശരി. വേദാന്തശാലകളില്‍ എല്ലാവരും ഗുരുക്കന്മാരെ കിട്ടാന്‍ പ്രാര്‍ഥിക്കുകയാണ്.
മഹര്‍ഷി: നമ്മുക്കൊരു ശരീരം ഉണ്ടെന്നുള്ള അവസ്ഥയില്‍ സ്ഥൂല ഗുരുവിന്‍റെ ആവശ്യം നേരിടുന്നു. ഇല്ലെങ്കില്‍ ആത്മാവ് തന്നെ ഗുരു. അവന്‍ എങ്ങുമുണ്ട്.
കൈവല്യനവനീതത്തില്‍ ഇപ്രകാരം പറയുന്നു. “ഗുരുവേ നീ ആത്മാവായി എന്നിലിരിക്കുന്നു. പലജന്മങ്ങളിലും നീ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നീ എന്‍റെ ഗുരുവായി പ്രത്യക്ഷപ്പെട്ട് നീ എന്‍റെ ആത്മാവാണെന്നും തെളിയിച്ചിരിക്കുന്നു.”
ഉറക്കത്തില്‍ എന്തു സംഭവിക്കുന്നു എന്ന് നോക്കുക. അഹന്തയില്ലാത്തതിനാല്‍ താനെങ്ങോ, ഈ ലോകമെങ്ങോ? എന്നിരിക്കുന്നു.
ഇ\ലക്ഷന്‍ ഒഴിവുകാലമായിരുന്നതിനാല്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നു. പലരും സംഭാഷണങ്ങളില്‍ പങ്കെടുത്തിരുന്നു. ഒരാള്‍ പുനര്‍ജന്മത്തെപ്പറ്റി ചോദിച്ചു.
മഹര്‍ഷി: അജ്ഞാനം ഉള്ളിടത്തോളം പുനര്‍ജന്മവും ഉണ്ട്. പുനര്‍ജനനം കാലത്രയങ്ങളിലും ഇല്ല എന്നതാണ് സത്യം.
ചോ: ജീവാത്മാവെന്താണ്?
മഹര്‍ഷി: ഉണ്ടായി ഇല്ലാതാകുന്നത് ജീവന്‍. ഉദയാസ്തമയമില്ലാതെ എന്നും പ്രകാശിക്കുന്നത് ആത്മാവ്. അതിനെ അറിയാതെ ദേഹാദികളോട് സംബന്ധപ്പെടുത്തികൊണ്ട് നാം സ്വയം ജീവനാണെന്ന് ഭ്രമിച്ചു പോരുകയാണ്.
ചോ: ഈ ഭ്രമമെങ്ങനെയുണ്ടായി?
മഹര്‍ഷി: സത്യത്തില്‍ ഭ്രമമുണ്ടോ എന്ന് ചിന്തിച്ചു നോക്കൂ.
ചോ: ജീവാത്മാവിനെ ആത്മാവില്‍ വിലയിപ്പിക്കണം അല്ലേ?
മഹര്‍ഷി: ജീവാത്മാവെന്നൊന്നു നിലനില്‍ക്കുന്നില്ല.
ചോ: നമുക്കതുപദ്രവം തരുന്നല്ലോ?
മഹര്‍ഷി: ആര്‍ക്ക് തരുന്നു. സുഖദുഃഖാദികള്‍ അഹന്തയുടെ ഭാവനകളാണ്.
ചോ: ഈ ലോകം അജ്ഞാനം കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നതെന്ത്?
മഹര്‍ഷി: സ്വന്തം കാര്യം നോക്കൂ. ലോകത്തിന്‍റെ കാര്യം ലോകം നോക്കിക്കൊള്ളും. നിങ്ങള്‍ക്ക് ഈ സ്ഥൂലശരീരമുണ്ടെങ്കില്‍ ഈ ലോകവുമുണ്ട്. നിങ്ങള്‍ ചൈതന്യമാണെങ്കില്‍ എല്ലാം ചൈതന്യവുമാണ്.
ചോ: ഇതു വ്യക്തിയെ സംബന്ധിച്ച് ശരി. മറ്റുള്ളവരുടെ കാര്യമോ?
മഹര്‍ഷി: ആദ്യം പറഞ്ഞത് ചെയ്യൂ. എന്നിട്ട് നിങ്ങളുടെ ചോദ്യമുദിക്കുമോ എന്നുനോക്കൂ
ചോ: അവിദ്യയെന്നൊന്നുണ്ടോ?
മഹര്‍ഷി: ആര്‍ക്ക്?
ചോ: എനിക്കു തന്നെ.
മഹര്‍ഷി: എനിക്കെന്നുപറയുന്ന ഞാന്‍ ആരെന്നു നോക്കുമ്പോള്‍ ആ ‘ഞാന്‍’ (അഹന്ത) ഒഴിയുന്നു. ‘ഞാന്‍’ ഇല്ലെങ്കില്‍ ആ വിദ്യ ആരെപ്പറ്റി നില്‍ക്കാന്‍? അവിദ്യയെന്നൊന്നില്ലെന്നതാണ് വേദാന്തത്തിന്റെ അന്ത്യം.
ചോ: അഹന്തയെങ്ങനെയുണ്ടായി?
മഹര്‍ഷി: തന്നെ ഉണരാത്ത അവസ്ഥയാണ് അവിദ്യയെന്നു പറയപ്പെടുന്നത്. അവിദ്യയില്ലെങ്കില്‍ അഹന്തയുമില്ല.
താന്‍ ഉണ്ട് എന്നതിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. അത് അറിവു രൂപത്തിലിരിക്കുന്നതിനാല്‍ അതില്‍ അറിയായ്മയാകുന്ന അവിദ്യയ്ക്കിടമില്ല. എന്നാലും താന്‍ തന്നെ മറന്നിരിക്കുന്നതിനെ അജ്ഞാനമെന്നു പറയുന്നു. അതിനാല്‍ താന്‍ തന്നെ എന്തോ ആണെന്നു സംശയിക്കുകയാണ്. താന്‍ താനായി ആത്മാവായി ഇരിക്കുന്നതാണ് ജ്ഞാനം. സൂര്യന്‍റെ മുമ്പില്‍ ഇരുട്ടിനു സ്ഥാനമില്ലാത്തതുപോലെ ജ്ഞാനത്തിന്‍റെ മുമ്പില്‍ അജ്ഞാനത്തിനും. ഉറക്കത്തില്‍ ദേഹേന്ദ്രിയാദികളുടെ ബോധം ഇല്ല. എന്നാലും അപ്പോഴത്തേക്കും നാം ഇല്ലാതെ പോകുന്നില്ല. അതുപോലെ ജാഗ്രത്തിലും. ദേഹേന്ദ്രിയാദികളുടെ സംബന്ധംവിട്ട് നാം നാമായിരുന്നുകൊള്ളുന്നതാണ് ജ്ഞാനം.
ചോ: തന്നെ അറിയുന്നതെങ്ങനെയാണ്?
മഹര്‍ഷി: (താന്‍) താനായിരിക്കുന്നത് ( ആത്മാവു ആത്മാവായിരിക്കുന്നത്) തന്നെ അറിയുന്നതാണ്. എന്നെ എനിക്കറിയാന്‍ പാടില്ലെന്ന് ആരെങ്കിലും പറയുമോ? കണ്ണുണ്ടോ എന്ന് കണ്ണാടിയില്‍ നോക്കേണ്ടതുണ്ടോ? തന്നെ അങ്ങനെയോ ഇങ്ങനെയോ എന്ന് ഭാവിച്ചു പഴകിപ്പോയാല്‍ തന്‍റെ നിജസ്വരൂപത്തെ ഒരുവന്‍ അറിയുകയില്ല. ഇനി, തന്നെ ആര്‍ക്കറിയണം. തന്നെ ഒരു വിഷയമാക്കി അറിയാന്‍ സാദ്ധ്യമല്ല. ദ്രഷ്ടാവെന്നും ദൃശ്യമെന്നും ഉള്ള ഭേദമറ്റ സ്ഥാനത്തു താനെതാനായി അന്യനായി പ്രകാശിക്കും.
ഞാന്‍ – ഞാന്‍ = ആത്മാവ് – നിരുപാധികം
ഞാന്‍ അതാകുന്നു = അഹന്ത – സോപാധികം
ആത്മാവിനെ അറിയേണ്ടതാര്? ദേഹം അറിയുമെങ്കില്‍ ദേഹം പറയട്ടെ.
അജ്ഞാനത്തെ ഉച്ചാടനം ചെയ്യാന്‍ ശാസ്ത്രങ്ങള്‍ ഈശ്വരലീലകളെപ്പറ്റി പറയുന്നു. മനസ്സിന്‍റെ സ്ഥാനത്ത് ഈശ്വരനെ പറയുകയാണ്. ഈശ്വരന്റെ ( മനസ്സിന്‍റെ) ലീലകളെ നമുക്ക് ചോദ്യം ചെയ്യാനൊക്കുമോ?