സ്വാമി വിവേകാനന്ദന്‍

26. പ്രവൃത്ത്യാലോകന്യാസാത് സൂക്ഷ്മ –
വ്യവഹിതവിപ്രകൃഷ്ടജ്ഞാനം.

പ്രവൃത്ത്യാലോകന്യാസാത് ജ്യോതിഷ്മതീപ്രവൃത്തിയുടെ ആലോക (സാത്ത്വികമായ വെളിച്ച)ത്തില്‍ ന്യാസം (സംയമം) ചെയ്യുന്നതുകൊണ്ട്, സൂക്ഷ്മവ്യവഹിതവിപ്രകൃഷ്ടജ്ഞാനം സൂക്ഷ്മവും, വ്യവഹിതവും, വിപ്രകൃഷ്ടവുമായ വസ്തുക്കളുടെ, ജ്ഞാനമുണ്ടാകുന്നു.
സംവിദ്‌ജ്യോതിസ്സില്‍ സംയമം ചെയ്താല്‍ സൂക്ഷ്മവും പ്രച്ഛന്നവും വിദൂരവുമായ വസ്തുക്കളുടെ ജ്ഞാനം ലഭിക്കും.

ഹൃദയത്തിലുള്ള സംവിദ്‌ജ്യോതിസ്സില്‍ സംയമം ചെയ്യുന്ന യോഗിക്കു ദൂരസ്ഥങ്ങളായ വസ്തുക്കളെ അടുത്തു കാണാം. ഉദാഹരണമായി, ദൂരദേശങ്ങളില്‍ നടക്കുന്ന സംഭവങ്ങളും അതുപോലെ പര്‍വ്വതനിരകളുടെ പ്രതിബന്ധത്താല്‍ കാണ്മാന്‍ പാടില്ലാത്തവയും അത്യന്തസൂക്ഷ്മങ്ങളുമായ വസ്തുക്കളും അയാള്‍ക്കു കാണ്മാന്‍ കഴിയും.

27. ഭുവനജ്ഞാനം സൂര്യേ സംയമാത്

സൂര്യേ ആദിത്യമണ്ഡലത്തില്‍, സംയമാത് സംയമം കൊണ്ട്, ഭുവനജ്ഞാനം അതിനെ ആശ്രയിച്ചിരിക്കുന്ന ചതുര്‍ദ്ദശ ഭുവനങ്ങളുടെയും ജ്ഞാനം സിദ്ധിക്കുന്നു.
സൂര്യനില്‍ സംയമം ചെയ്യുന്നതുകൊണ്ടു ഭുവനജ്ഞാനം ഉണ്ടാകുന്നു.

28. ചന്ദ്രേ താരാവ്യൂഹജ്ഞാനം

ചന്ദ്രേ ചന്ദ്രമണ്ഡലത്തില്‍, സംയമംകൊണ്ട്, താരാവ്യൂഹജ്ഞാനം നക്ഷത്രവ്യൂഹത്തിന്റെ ജ്ഞാനം സിദ്ധിക്കും.
ചന്ദ്രനില്‍ നക്ഷത്രവ്യൂഹങ്ങളുടെ ജ്ഞാനം (ഉണ്ടാകുന്നു).

29. ധ്രുവേ തദ്ഗതിജ്ഞാനം

ധ്രുവേ ധ്രുവനക്ഷത്രത്തില്‍, സംയമം ചെയ്യുന്നതുകൊണ്ട്, തദ്ഗതിജ്ഞാനം നക്ഷത്രങ്ങളുടെ ഗതിയെ യോഗി അറിയുന്നു.
ധ്രുവനക്ഷത്രത്തില്‍ നക്ഷത്രഗതിയുടെ ജ്ഞാനം (ഉണ്ടാകുന്നു)

30. നാഭിചക്രേ കായവ്യൂഹജ്ഞാനം

നാഭിചക്രേ ശരീരമദ്ധ്യത്തിലുള്ള നാഭിയെന്ന ചക്രത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, കായവ്യൂഹജ്ഞാനം ശരീരത്തിന്റെ സന്നിവേശവിശേഷത്തെ യോഗി അറിയുന്നു.
നാഭിചക്രത്തില്‍ ശരീരഘടനയുടെ ജ്ഞാനം (ഉണ്ടാകുന്നു).

31. കണ്ംകൂപേ ക്ഷുത്പിപാസാനിവൃത്തിഃ.

കണ്ംകൂപേ നാവിന്റെ കട തൊട്ടുകിടക്കുന്ന തൊണ്ടക്കുഴി യില്‍ സംയമംകൊണ്ട്, ക്ഷുത്പിപാസാനിവൃത്തിഃ വിശപ്പും ദാഹവും ശമിക്കുന്നു.
തൊണ്ടക്കുഴിയില്‍ വിശപ്പിന്റെയും ദാഹത്തിന്റെയും നിവൃത്തി (ഉണ്ടാകും.)
വളരെ വിശന്നിരിക്കുമ്പോള്‍, തൊണ്ടക്കുഴിയില്‍ സംയമം ചെയ്താല്‍ വിശപ്പുതീരും

32. കൂര്‍മനാഡ്യാം സ്‌ഥൈര്യം.

കൂര്‍മ്മനാഡ്യാം കണ്ംകൂപത്തിനു താഴെ, വക്ഷസ്സിലുള്ള കര്‍മ്മ നാഡിയില്‍ സംയമംകൊണ്ട്, സ്‌ഥൈര്യം ശരീരത്തിനും മനസ്സിനും ഉറപ്പ് ഉണ്ടാകുന്നു.
കൂര്‍മ്മമെന്ന നാഡിയില്‍ ശരീരത്തിന് ഉറപ്പ് (ഉണ്ടാകുന്നു).
അഭ്യസിക്കുമ്പോള്‍ യോഗിക്കു ദേഹം ഇളകുന്നതല്ല.

33. മൂര്‍ധജ്യോതിഷി സിദ്ധദര്‍ശനം

മൂര്‍ധാജ്യോതിഷി മൂര്‍ധാവിലുള്ള സാത്ത്വികപ്രകാശത്തില്‍1 സംയമം ചെയ്യുന്നതുകൊണ്ട്, സിദ്ധദര്‍ശനം സിദ്ധന്മാരെ നേരിട്ടു ദര്‍ശിക്കാന്‍ സാധിക്കുന്നു.
ഉച്ചിയില്‍നിന്നുയരുന്ന വെളിച്ചത്തില്‍ സിദ്ധദര്‍ശനം.

സിദ്ധന്മാര്‍ പ്രേതങ്ങളെക്കാള്‍ അല്പംകൂടി സത്ത്വോത്ക്കര്‍ഷമുള്ള ജീവികളാണ്. മൂര്‍ദ്ധജ്യോതിസ്സില്‍ സംയമം ചെയ്യുന്ന യോഗിക്ക് ഈ സിദ്ധന്മാരെ ദര്‍ശിക്കാം. സിദ്ധശബ്ദം മുക്ത പുരുഷന്മാരെസ്സംബന്ധിച്ചു പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടെ ആ അര്‍ത്ഥത്തിലല്ല പ്രയോഗം.

34. പ്രാതിഭാദ്വാ സര്‍വം.

വാ അഥവാ, പ്രാതിഭാത് പ്രാതിഭത്താല്‍2 (പ്രതിഭാജന്യമായ ജ്ഞാനത്താല്‍), സര്‍വ്വം എല്ലാം അറിയുന്നു.
അല്ലെങ്കില്‍, പ്രാതിഭമായ ജ്ഞാനവൈഭവത്താല്‍ സര്‍വ്വജ്ഞാനവും.

ബുദ്ധിസത്ത്വത്തിന്റെ ശുദ്ധ്യതിശയമാകുന്ന പ്രതിഭയില്‍നിന്നു സ്വയമേവ ഉദയംചെയ്യുന്ന ജ്ഞാനലോകമാണു പ്രാതിഭജ്ഞാനം. ഈ വൈഭവമുള്ള യോഗിക്കു മേല്പറഞ്ഞ സിദ്ധികളെല്ലാം സംയമമൊന്നും കൂടാതെതന്നെ ലഭിക്കും. പ്രാതിഭമായ ഉത്കൃഷ്ടയോഗഭൂമികയെ ആരോഹണം ചെയ്തവന്ന് ഈ മഹത്തായ ജ്ഞാനം സിദ്ധമായിരിക്കും. എല്ലാ വസ്തുക്കളും അയാള്‍ക്ക് അപരോക്ഷമാണ്. സംയമം ചെയ്യാതെതന്നെ എല്ലാം അയാള്‍ക്കു സ്വതഃസിദ്ധമാവുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 354-356]