ശ്രീ രമണമഹര്‍ഷി
ഫെബ്രുവരി 11, 1938.

സാധകന് സത്സംഗം അത്യന്താപേക്ഷിതമാണ്. അതു മൂലമാണ് ജ്ഞാനക്കണ്ണ്‍ തുറക്കുന്നത്. എങ്കിലും ഇക്കാരണത്താല്‍ എന്നും ഗുരുവിനോടുകൂടി താമസിക്കാണമെന്നര്‍ത്ഥമില്ല. അങ്ങനെ കൂടിയാല്‍ ചിലപ്പോള്‍ ഗുരുവിനോടുള്ള ആദരവ് കുറയാനിടയുണ്ട്. അദ്ദേഹത്തിന്‍റെ പേരില്‍ നിന്ദാദൃഷ്ടി പതിഞ്ഞെന്നുവരാം. മാത്രമല്ല തനിക്കേര്‍പ്പെട്ട ജ്ഞാനത്തിനു സ്വാതന്ത്ര്യം ലഭിക്കാതെ അതു ശിഥിലമായിപ്പോയെന്നും വരാം, വലിയ വൃക്ഷത്തിന്‍റെ തണലില്‍ വളരുന്ന മറ്റൊരു വൃക്ഷം തറ്റുപോകുന്നതുപോലെ.

ശ്രീ, രാമദാസസ്വാമി വിഷണ്‍(vision) എന്ന് മാസികയില്‍ എഴുതിയിരുന്ന പ്രസ്തുത അഭിപ്രായത്തെ ഭഗവാനെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഭഗവാന്‍:

ദേഹാത്മബുദ്ധിവിട്ടു നീങ്ങുന്നത്‌വരെ ഒരാള്‍ സംത്സംഗത്തിലിരിക്കണം. അപ്പോള്‍ തന്‍റെ ആത്മാവുതന്നെയാണ് മനുഷ്യരൂപത്തില്‍ തനിക്ക് ഗുരുവായി ആവിര്‍ഭാവിച്ചതെന്നു മനസ്സിലാവും ആ നിലയില്‍ ഗുരുവെന്നും ശിഷ്യനെന്നു ഉള്ള ദ്വൈതശങ്ക അവനുണ്ടായിരിക്കുകയില്ല. തന്‍റെ ഗുരുവായ സല്‍പുരുഷന്‍ തനിക്കുള്ളില്‍ തന്നെ ഇരിക്കുന്നു എന്ന് കാണുന്നവന് ഒന്നു കൊണ്ടും ഒരു കുഴപ്പവുമില്ല.