സ്വാമി വിവേകാനന്ദന്‍

41. സമാനജയാത് പ്രജ്വലനം.

സമാനജയാത് സമാനവായുവെ ജയിച്ചാല്‍, പ്രജ്വലനം മറവറ്റ അഗ്‌നിയുടെ അദ്ഭുതതേജസ്സോടെ അത്യധികം ജ്വലിക്കുന്ന തുപോലെ കാണപ്പെടുന്നു.
സമാനവൃത്തിയുടെ വിജയംകൊണ്ട് അയാളെ അഗ്‌നിജ്യോതിസ്സ് ആവരണം ചെയ്യുന്നു.
ഇച്ഛാമാത്രേണ ഏതു സമയത്തും അയാളുടെ ശരീരത്തില്‍നിന്നു തേജഃപ്രസരമുണ്ടാകും.

42. ശ്രോത്രാകാശയോഃ സംബന്ധസംയമാദ് –
ദിവ്യം ശ്രോത്രം.

ശ്രോത്രാകാശയോഃ ശബ്ദത്തെ ഗ്രഹിക്കുന്ന ഇന്ദ്രിയമായ ശ്രോത്രത്തിന്റെയും ആകാശത്തിന്റെയും, സംബന്ധസംയമാത് ആധാരാധേയസംബന്ധത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, ദിവ്യം അലൗകികമായ, ശ്രോത്രം ശ്രോത്രേന്ദ്രിയം ഉണ്ടാകുന്നു.
ശ്രോത്രത്തിന്റെയും ആകാശത്തിന്റെയും സംബന്ധത്തില്‍ സംയമം ചെയ്യുന്ന യോഗിക്കു ദിവ്യശ്രവണം ഉണ്ടാകുന്നു.

ആകാശം, ശ്രോത്രേന്ദ്രിയം-എന്നീ രണ്ടെണ്ണമാണിവിടെ. അവയില്‍ സംയമംചെയ്യുന്ന യോഗിക്ക് അലൗകികശ്രവണ ശക്തി സിദ്ധിക്കുന്നു. സര്‍വ്വവും, അയാള്‍ക്കു ശ്രവണഗോചരമാണ്: അനേകയോജന ദൂരത്തിരുന്നു സംസാരിക്കുന്നതോ ഒച്ചപ്പെടുന്നതോ ആയ സര്‍വ്വവും അയാള്‍ക്കു കേള്‍ക്കാം.

43. കായാകാശയോഃ സംബന്ധസംയമാത്
ലഘുതൂലസമാപത്തേശ്ചാകാശഗമനം.

കായാകാശയോഃ കായത്തിന്റെയും അതിലുള്ള ആകാശത്തിന്റെയും, സംബന്ധസംയമാത് സംയോഗമായ സംബന്ധത്തില്‍ സംയമം ചെയ്യുന്നതുകൊണ്ടും, ലഘുതൂലസമാപത്തേഃ ച നേര്‍ത്ത പഞ്ഞിയിഴ മുതലായവയില്‍ സംയമം ചെയ്യുന്നത് (തന്മയീഭാവം പ്രാപിക്കുന്നതു)കൊണ്ടും (കനക്കുറവു വന്ന യോഗിക്ക്), ആകാശഗമനം ആകാശത്തില്‍ ഗമിക്കാന്‍ സാധിക്കുന്നു.
ശരീരവും ആകാശവും തമ്മിലുള്ള സംബന്ധത്തില്‍ സംയമം ചെയ്യുന്നതുകൊണ്ടും പഞ്ഞി മുതലായ വസ്തുക്കളിലുള്ള സമാപത്തികൊണ്ടും അവയെപ്പോലെ കനം കുറഞ്ഞവനാകുന്നതുകൊണ്ടു യോഗി ആകാശഗമനം ചെയ്യുന്നു.

ആകാശമാണ് ഈ ശരീരത്തിന്റെ ഉപാദാനവസ്തു. അതായത് ആകാശത്തിന്റെ പരിണാമവിശേഷമത്രേ ഈ ദേഹം. യോഗി തന്റെ ദേഹത്തിലെ ആകാശപദാര്‍ത്ഥത്തില്‍ സംയമം ചെയ്താല്‍ അയാളുടെ ശരീരത്തിന് ആകാശത്തിനൊത്ത ലഘുത്വം സിദ്ധിക്കും. അപ്പോള്‍ അയാള്‍ക്ക് ആകാശമാര്‍ഗ്ഗേണ എവിടെയും പോകാം. ഇതുപോലെ മറ്റു വിഷയങ്ങളിലും കണ്ടുകൊള്ളണം.

44. ബഹിരകല്പിതാ വൃത്തിര്‍മഹാവിദേഹാ
തതഃ പ്രകാശാവരണക്ഷയഃ.

ബഹിഃ ശരീരത്തിനു വെളിയില്‍, അകല്പിതാവൃത്തിഃ കല്പിതമല്ലാത്ത ചിത്തവൃത്തി, മഹാവിദേഹാ ‘മഹാവിദേഹ’ എന്നു പറയപ്പെടുന്നു. തതഃ അതില്‍ സംയമം ചെയ്യുന്നതുകൊണ്ട്, പ്രകാശാവരണക്ഷയഃ (സംഭവതി) സാത്ത്വികമായ ചിത്തത്തിന്റെ പ്രകാശത്തിനുള്ള ആവരണത്തിനു (ക്ലേശകര്‍മ്മവിപാകങ്ങളായ രജസ്തമോമലങ്ങള്‍ക്കു) നാശം സംഭവിക്കുന്നു.
ചിത്തത്തിന്റെ ശരീരബാഹ്യവും അകല്പിതവുമായ ‘മഹാവിദേഹവൃത്തി’യില്‍ സംയമം ചെയ്യുന്നതുകൊണ്ടു പ്രകാശത്തിന്റെ ആവരണങ്ങളെല്ലാം ക്ഷയിക്കുന്നു.

ചിത്തം, അതിന്റെ മൗഢ്യം (ആവരണമായ തമസ്സ്) നിമിത്തം, ഈ ശരീരത്തില്‍മാത്രം പ്രവൃത്തമാണെന്നു വിചാരിച്ചു പോകുന്നു. അതു വിഭുവാണെങ്കില്‍, എന്തിന് ഈ ഒരു നാഡീവ്യൂഹത്തില്‍ ബദ്ധമായി ഇതില്‍ മാത്രം അഹന്തകൊള്ളണം? അതിനു തക്ക കാരണമില്ല. യോഗി ഏതു വസ്തുവിലും യഥേഷ്ടം അഹംഭാവന ചെയ്‌വാന്‍ ഇച്ഛിക്കുന്നു. ഈ ശരീരത്തില്‍ അഹംഭാവം ഇല്ലാതാകുമ്പോള്‍ ഉദിക്കുന്ന ചിത്തവൃത്തികളെ ‘അകല്പിത’ അഥവാ ‘മഹാവിദേഹ’ എന്നു പറയുന്നു. ഈ വൃത്തികളില്‍ സംയമജയം സിദ്ധിച്ചാല്‍ എല്ലാ ജ്ഞാനാവരണങ്ങളും നീങ്ങി സര്‍വ്വവിധമായ തമസ്സും അജ്ഞാനവും തിരോഭവിക്കുന്നു. എല്ലാം ജ്ഞാനമായി ഭാസിക്കുന്നു.

45. സ്ഥൂലസ്വരൂപസൂക്ഷ്മാന്വയാര്‍ത്ഥവത്ത്വ –
സംയമാദ് ഭൂതജയഃ.

(ഭൂതാനാം) സ്ഥൂലസ്വരൂപസൂക്ഷ്മാന്വയാര്‍ത്ഥവത്ത്വ സംയമാത് ഭൂതങ്ങളുടെ സ്ഥൂലം, സ്വരൂപം, സൂക്ഷ്മം, അന്വയം, അര്‍ത്ഥവത്ത്വം എന്നിങ്ങനെ അഞ്ചു ധര്‍മ്മങ്ങളില്‍ സംയമം ചെയ്യുന്നതിനാല്‍, ഭൂതജയഃ ഭൂതജയം സിദ്ധിക്കുന്നു.
ഭൂതങ്ങളുടെ സ്ഥൂലസൂക്ഷ്മഭാവങ്ങളിലും അവയുടെ സ്വരൂപങ്ങളിലും ഗുണാത്മകത്വത്തിലും പുരുഷാര്‍ത്ഥസാധകത്വത്തിലും സംയമം ചെയ്യുന്നതുകൊണ്ടു ഭൂതങ്ങളുടെ മേല്‍ ആധിപത്യം ഉണ്ടാകുന്നു.

യോഗി പഞ്ചഭൂതധര്‍മ്മങ്ങളില്‍ സംയമം ചെയ്യുന്നു; ആദ്യം സ്ഥൂലത്തിലും, പിന്നീടു സൂക്ഷ്മതരങ്ങളായ അവസ്ഥാവിശേഷങ്ങളിലും. ബുദ്ധമതത്തിലെ ഒരു ശാഖക്കാരാണ് ഏറെയും ഈ സംയമം ശീലിക്കാറുള്ളത്. അവര്‍ ഒരു മണ്‍കട്ടയെടുത്ത് അതിന്‌മേല്‍ സംയമം ചെയ്തു ക്രമേണ അതിന്റെ മൂലഘടകങ്ങളായ സൂക്ഷ്മദ്രവ്യങ്ങളെ ദര്‍ശിക്കുന്നു: അങ്ങനെ സൂക്ഷ്മവസ്തുവിജ്ഞാനം സിദ്ധമായാല്‍ അവര്‍ക്ക് അതിന്‌മേല്‍ നിയന്ത്രണവും കൈവരുന്നു. അതുപോലെ മറ്റെല്ലാ ഭൂതവിഷയങ്ങളിലും. യോഗിക്ക് അവയെല്ലാം കീഴടക്കാന്‍ കഴിയും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 361-364]