46. തതോിണിമാദിപ്രാദുര്‍ഭാവഃ
കായസംപത്തദ്ധര്‍മാനഭിഘാതശ്ച.
തതഃ ഭൂതജയംകൊണ്ട്, അണിമാദിപ്രാദുര്‍ഭാവഃ അണിമാദി സിദ്ധികള്‍ ഉണ്ടാകുന്നു. കായസംപത് രൂപലാവണ്യാദികളും, തദ്ധര്‍മ്മാനഭിഘാതഃ ച ആ രൂപാദിധര്‍മ്മങ്ങള്‍ക്ക് അനഭിഘാതവും (ഹാനിയില്ലായ്മയും) ഉണ്ടാകുന്നു.
അതില്‍നിന്ന് അണിമാദൈ്യശ്വര്യങ്ങളും കായസമ്പത്തും ആ കായധര്‍മ്മങ്ങള്‍ക്കു ഹാനിയില്ലായ്മയും ഉണ്ടാകുന്നു.
യോഗിക്കുണ്ടാവുന്ന അഷ്‌ടൈശ്വര്യപ്രാപ്തിയാണ് ഇവിടെ വിവരിക്കുന്നത്. അയാള്‍ക്ക് അണുപോലെ സൂക്ഷ്മമാകാനും പര്‍വ്വതംപോലെ സ്ഥൂലമാകാനും ഭൂമിപോലെ ഗരിഷ്ഠമാകാനും വായുപോലെ ലഘുവാകാനും കഴിയും. അയാള്‍ക്ക് ഏതൊന്നിനെയും യഥേഷ്ടം പ്രാപിക്കാം: ഏതിനെയും സ്വച്ഛന്ദം നിയമനം ചെയ്യാം: ഏതൊന്നിനെയും ജയിച്ചു വശത്താക്കാം, അങ്ങനെ പലതും സാധിക്കാം. സിംഹം ആട്ടിന്‍കുട്ടിയെപ്പോലെ അയാളുടെ കാല്ക്കലിരിക്കും. അയാളുടെ അഭീഷ്ടങ്ങളെല്ലാം ഇച്ഛാമാത്രേണ നിറവേറും.
47. രൂപലാവണ്യബലവജ്രസംഹനനത്വാനി
കായസംപത്.
രൂപലാവണ്യബലവജ്രസംഹനനത്വാനി രൂപം (കണ്ണിന് ഇമ്പം), ലാവണ്യം (സര്‍വ്വാംഗസൗന്ദര്യം), ബലം (കര്‍മ്മശക്തി), വജ്രസംഹനനത്വം (അവയവങ്ങള്‍ക്കു വജ്രംപോലെയുള്ള കെട്ടുറപ്പ്) ഇവ കായസംപത് കായസമ്പത്താകുന്നു.
കായസമ്പത്തു വര്‍ണ്ണസൗഭാഗ്യവും സര്‍വ്വാംഗസൗന്ദര്യവും വജ്രത്തിനൊത്ത ദാര്‍ഢ്യവുമാകുന്നു.
ശരീരം അമര്‍ത്ത്യമാവുന്നു. അതിനെ ഹനിക്കാന്‍ ഒന്നിനും സാധ്യമല്ല. യോഗി ഇച്ഛിച്ചാലല്ലാതെ അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിവില്ല. ‘യോഗി കാലദണ്ഡത്തെ ഭഞ്ജിച്ചു സശരീരനായിത്തന്നെ ലോകത്തിലിരിക്കുന്നു.’ യോഗിക്കു രോഗമോ ജരയോ മൃത്യുവോ സംഭവിക്കുന്നതല്ലെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.
48. ഗ്രഹണസ്വരൂപാസ്മിതാന്വയാര്‍ത്ഥവത്ത്വ –
സംയമാദ് ഇന്ദ്രിയജയഃ.
(ഇന്ദ്രിയാണാം) ഇന്ദ്രിയങ്ങളുടെ, ഗ്രഹണസ്വരൂപാസ്മിതാന്വ യാര്‍ഥവത്ത്വസംയമാത് ഗ്രഹണം, സ്വരൂപം, അസ്മിത, അന്വയം, അര്‍ത്ഥവത്ത്വം ഇവയില്‍ സംയമം ചെയ്യുന്നതിനാല്‍ ഇന്ദ്രിയ ജയഃ ഇന്ദ്രിയങ്ങളുടെ മേല്‍ സമ്പൂര്‍ണ്ണനിയന്തൃത്വം സിദ്ധിക്കുന്നു.
ഇന്ദ്രിയങ്ങളുടെ വിഷയാഭിമുഖ്യം, വിഷയപ്രകാശനസാമര്‍ത്ഥ്യം, അസ്മിത, ത്രിഗുണാത്മകത്വം, പുരുഷാര്‍ത്ഥസാധകത്വം എന്നീ ധര്‍മ്മങ്ങളില്‍ സംയമം ചെയ്യുന്ന യോഗിക്ക് ഇന്ദ്രിയജയം ഉണ്ടാവുന്നു.
ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളെ ഗ്രഹിക്കുവാനായി മനസ്സിലുള്ള അവയുടെ സ്ഥാനംവിട്ടു ബഹിര്‍മുഖമായിപ്പോകുന്നു. അതിനെത്തുടര്‍ന്നാണു ജ്ഞാനമുണ്ടാവുന്നത്. ആ വ്യാപാരത്തോടൊപ്പംതന്നെ അഹംബുദ്ധിയുമുണ്ട്. ഇവയിലും, പിന്നീടുള്ള (അന്വയം, അര്‍ത്ഥവത്ത്വം എന്ന) രണ്ടു ധര്‍മ്മങ്ങളിലും അനുക്രമമായി സംയമം ചെയ്യുന്ന യോഗി ഇന്ദ്രിയങ്ങളെ ജയിക്കുന്നു. നിങ്ങള്‍ കാണുന്നതോ തൊടുന്നതോ ആയ വല്ല വിഷയവുമെടുക്കുക. ഒരു പുസ്തകംതന്നെയാകട്ടെ. ദൃഷ്ടമായ ആ വസ്തുവില്‍ ആദ്യം ചിത്തത്തെ സംയമം ചെയ്യണം. അനന്തരം പുസ്തകരൂപമായ ജ്ഞാനത്തിലും അതിനുശേഷം അതിനെ ദര്‍ശിക്കുന്ന അസ്മിതയിലും ക്രമേണ സംയമം ചെയ്യുക. ഇങ്ങനെ അനുക്രമമായ സംയമാഭ്യാസത്താല്‍ ഇന്ദ്രിയങ്ങളെല്ലാം വശീകൃതങ്ങളാകുന്നു.
49. തതോ മനോജവിത്വം വികരണഭാവഃ
പ്രധാനജയശ്ച.
തതഃ ഇന്ദ്രിയജയംകൊണ്ട്, മനോജവിത്വം ശരീരത്തിനു മനസ്സിന്റെ വേഗവും, വികരണഭാവഃ കരണ(ദേഹ)ത്തെ അപേക്ഷിക്കാതെ വളരെ ദൂരത്തുള്ള വിഷയങ്ങളെ അറിയാന്‍ ഇന്ദ്രിയങ്ങള്‍ക്കു സാമര്‍ത്ഥ്യവും, പ്രധാനജയഃ ച പ്രകൃതിയുടെമേല്‍ സ്വാധീനതയും സിദ്ധിക്കുന്നു.
അതില്‍നിന്നു ശരീരത്തിനു മനസ്സിന്റെതുപോലെ ശീഘ്രഗാമിത്വവും ശരീരത്തെ ആശ്രയിക്കാതെ ഇന്ദ്രിയങ്ങള്‍ക്കു സാമര്‍ത്ഥ്യവും പ്രകൃതിജയവും സിദ്ധിക്കുന്നു.
ഭൂതജയത്താല്‍ കായസമ്പത്തികള്‍ സിദ്ധിക്കുംപോലെ ഇന്ദ്രിയജയത്താല്‍ മേല്പറഞ്ഞ വൈഭവങ്ങളും സിദ്ധിക്കും.
50. സത്ത്വപുരുഷാന്യതാഖ്യാതിമാത്രസ്യ
സര്‍വ്വഭാവാധിഷ്ഠാതൃത്വം സര്‍വ്വജ്ഞാതൃത്വഞ്ച.
സത്ത്വപുരുഷാന്യതാഖ്യാതിമാത്രസ്യ ബുദ്ധിസത്ത്വവും പുരുഷനും ഭിന്നങ്ങളാണെന്ന ജ്ഞാനത്തില്‍മാത്രം നിലയുറച്ചു നില്ക്കുന്നവന്, സര്‍വ്വഭാവാധിഷ്ഠാതൃത്വം എല്ലാ ഗുണങ്ങളു ടെയും ഗുണപരിണാമങ്ങളുടെയും മേല്‌ക്കോയ്മയും, സര്‍വ്വ ജ്ഞാതൃത്വം ച ശാന്തം, ഉദിതം, അവ്യപദേശ്യം എന്ന നിലകളിലിരിക്കുന്ന വസ്തുക്കളുടെ (ഗുണ-ഗുണപരിണാമങ്ങളുടെ) യഥാര്‍ത്ഥ ജ്ഞാനവും ഉണ്ടാകുന്നു.
സത്ത്വപുരുഷാന്യതാഖ്യാതിയില്‍ സംയമം ചെയ്യുന്ന യോഗിക്കു സര്‍വ്വാധിപത്യവും സര്‍വ്വജ്ഞത്വവും കൈവരുന്നു.
പ്രകൃതിയെ ജയിച്ചു പുരുഷനും പ്രകൃതിക്കും തമ്മിലുള്ള ഭേദത്തെ സാക്ഷാത്കരിക്കുമ്പോള്‍, അതായത് പുരുഷന്‍ അമൃതനും ശുദ്ധനും പരിപൂര്‍ണ്ണനുമാണെന്നു സ്വയം അനുഭവപ്പെടുമ്പോള്‍, യോഗിക്കു സര്‍വ്വാധിപത്യവും സര്‍വ്വജ്ഞത്വവും സിദ്ധിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 364-367]