51. തദൈ്വരാഗ്യാദപി ദോഷബീജക്ഷയേ കൈവല്യം.
തദൈ്വരാഗ്യാത് അപി ആ സിദ്ധിയിലും വൈരാഗ്യമുണ്ടായാല്‍, ദോഷബീജക്ഷയേ രാഗാദിദോഷങ്ങളുടെ ബീജമായ അവിദ്യാദികള്‍ നശിക്കെ, കൈവല്യം കൈവല്യം (ആത്മാവിന്നു ഗുണങ്ങളുമായി വിട്ടിരുപ്പ്) സിദ്ധിക്കുന്നു.
ഈ സിദ്ധികളും കൈവെടിയുന്നതുകൊണ്ടു ദോഷബീജവും നശിച്ചു കൈവല്യം പ്രാപിക്കുന്നു.
അങ്ങനെ യോഗി കേവലവും നിരപേക്ഷവുമായ പദം പ്രാപിച്ചു മുക്തനാവുന്നു. സര്‍വ്വാധിപത്യസര്‍വ്വജ്ഞത്വപ്രത്യയങ്ങളെക്കൂടി പരിത്യജിക്കുമ്പോഴേ പൂര്‍ണ്ണവൈരാഗ്യം – ദേവാദികൃതമായ ഭോഗപ്രലോഭനങ്ങളുടെയും നിശ്ശേഷത്യാഗം – സിദ്ധിക്കൂ. ഈ അദ്ഭുതസിദ്ധികളെല്ലാം കണ്ട് അവയെ ത്യജിക്കുന്ന യോഗി പരമപദം പ്രാപിക്കുന്നു. എന്താണീ സിദ്ധികള്‍? വെറും പ്രകൃതിവികാരങ്ങള്‍. അവ സ്വപ്നങ്ങളെക്കാള്‍ ഒട്ടും മേലെയല്ല. സര്‍വ്വാധിപത്യംപോലും സ്വപ്നമത്രേ. എന്തെന്നാല്‍, അതു ചിത്തത്തെ ആശ്രയിച്ചിരിക്കുന്നതാണ്. ചിത്തമുള്ളപ്പോഴേ അതിന്റെ ഉപലബ്ധിയുള്ളു. പരമപദമാകട്ടെ ചിത്തത്തെയും അതിക്രമിച്ചതാകുന്നു.
52. സ്ഥാന്യുപനിമന്ത്രണേ സംഗസ്മയാകരണം
പുനരനിഷ്ടപ്രസംഗാത്.
സ്ഥാന്യുപനിമന്ത്രണേ ആ (സിദ്ധാവസ്ഥയില്‍)സ്ഥാനികള്‍ (സ്വര്‍ഗ്ഗാദിസ്ഥാനത്തിന്റെ അധിപന്മാര്‍) വന്നു ക്ഷണിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമ്പോഴും പുനരനിഷ്ടപ്രസംഗാത് വീണ്ടും അനിഷ്ടം വന്നുചേരുമെന്നുള്ളതുകൊണ്ട്, സംഗസ്മയാ കരണം അതില്‍ സംഗ(കാമ)മോ, സ്മയ (ഗര്‍വ്വ)മോ, ചെയ്യരുത്.
സ്വര്‍ഗ്ഗവാസികളുടെ നിവേദനങ്ങളില്‍, വീണ്ടും അനിഷ്ടം ഭയന്ന്, യോഗി സംഗിക്കുകയോ ഗര്‍വ്വിക്കുകയോ ചെയ്യരുത്.
ആപത്തുകള്‍ വേറെയുമുണ്ട്. ദേവാദിസത്ത്വങ്ങള്‍ യോഗിയെ പ്രലോഭിപ്പിക്കുവാന്‍ വരും. ആരും സമ്പൂര്‍ണ്ണം മുക്തരാകുന്നത് അവര്‍ക്ക് ഇഷ്ടമല്ല. നമ്മെപ്പോലെ അവരും അസൂയാലുക്കളുമാണ്, ചിലപ്പോള്‍ നമ്മെക്കാളും മോശക്കാര്‍. സ്വന്തം സ്ഥാനങ്ങള്‍ പൊയ്‌പോകുന്നതില്‍ അവര്‍ വല്ലാതെ ഭയപ്പെടുന്നു. കൈവല്യം സിദ്ധിക്കാതെ വിദേഹന്മാരായിത്തീരുന്ന യോഗികളത്രേ ദേവന്മാരാകുന്നത്. അവര്‍ മോക്ഷത്തിലേക്കുള്ള നേര്‍വഴി വെടിഞ്ഞ് ഊടുവഴികളില്‍ക്കൂടി പോയി ഈ സിദ്ധികളെ സമ്പാദിക്കുന്നു: അതുകൊണ്ട്, അവര്‍ക്കു വീണ്ടും ജനിക്കാനിട വരുന്നു. ഈ പ്രലോഭനങ്ങളോട് എതിരിട്ടു ജയിക്കത്തക്ക കരുത്തുള്ള ധീരപുരുഷനാകട്ടെ, ലക്ഷ്യത്തിലേക്കു നേരിട്ടു പോവുകയും മുക്തിപദം പ്രാപിക്കുകയും ചെയ്യും.
53. ക്ഷണതത്ക്രമയോഃ സംയമാദ്
വിവേകജം ജ്ഞാനം
ക്ഷണതത്ക്രമയോഃ ക്ഷണത്തിലും ക്ഷണങ്ങളുടെ ക്രമത്തിലും, സംയമാത് സംയമംകൊണ്ട്, വിവേകജം വിവേകത്തില്‍ നിന്നുണ്ടാകുന്ന, ജ്ഞാനം ജ്ഞാനം സിദ്ധിക്കുന്നു.
ക്ഷണത്തിലും അതിന്റെ മുന്‍പിന്‍നിലയിലും സംയമം ചെയ്യുന്നതുകൊണ്ട് വിവേകം ഉണ്ടാകുന്നു.
ഈ ദേവന്മാരെയും സ്വര്‍ഗ്ഗീയഭോഗങ്ങളെയും സിദ്ധികളെയും എങ്ങനെ പരിത്യജിക്കാം? വിവേകശക്തികൊണ്ട്, അസത്തില്‍നിന്നു സത്തിനെ വേര്‍തിരിച്ചറിയുന്നതുകൊണ്ട്. ആകയാല്‍ വിവേകശക്തിയെ പ്രബലമാക്കാനുള്ള ഒരു സംയമത്തെ ഇവിടെ വിധിക്കുന്നു: അതു ഒരു ക്ഷണത്തെയും അതിന്റെ പൗര്‍വ്വാപര്യക്രമത്തെയും വിഷയീകരിക്കുന്ന സംയമമാകുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 367-368]