ശ്രീ രമണമഹര്‍ഷി
മാര്‍ച്ച്‌ 7,1938.

യോഗി രാമയ്യ! എല്ലാ കര്‍മ്മങ്ങള്‍ക്കും ശക്തി ആവശ്യമാണ്. ശക്തി എത്രത്തോളം പ്രവര്‍ത്തിക്കും പുരുഷ പ്രയത്നം കൂടാതെ,

രമണമഹര്‍ഷി: പുരുഷനെന്നു പറയുന്നതാര്?
ചോദ്യം: പുരുഷന്‍ സ്വരൂപം തന്നെയാണ്.
മഹര്‍ഷി: സ്വരൂപത്തിന്‌ പ്രയത്നം ഒന്നും ചെയ്യനൊക്കുകയില്ലല്ലോ. പ്രയത്നത്തിന്‍റെ ആവശ്യം ഇല്ല.

ചോദ്യം: പ്രയ്ത്നിക്കുന്നത് ജീവനാണ്.
മഹര്‍ഷി: അഹന്തയുള്ളിടത്തോളം അതു പ്രയത്നം ചെയ്തുകൊണ്ട് തന്നെയിരിക്കും. അഹന്തയില്ലെങ്കില്‍ പ്രയത്നം കൂടാതെ കാര്യങ്ങള്‍ താനേ നടക്കും. അഹന്തയിരിക്കാന്‍ അത്മാവിനന്യമായ ഒരിടമില്ല. ആത്മസാന്നിധ്യത്തില്‍ മാത്രമേ എന്തും നടക്കുന്നുള്ളൂ. എന്നാലും ഒന്നിനാലും ആത്മാവ് സംബന്ധപ്പെടുന്നുമില്ല.

ചോദ്യം: ഭഗവാന്‍ അഭിമാനം തീരെയില്ലാതെയിരിക്കുന്നു. ജീവനാണെങ്കില്‍ കര്‍ത്താവും ഭോക്താവും താനാണെന്നിരിക്കുന്നു.

മഹര്‍ഷി: അതെ ജീവന്‍ തന്‍റെ അഭിമാനത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുകയും ഫലങ്ങള്‍ അനുഭവിക്കുയും ചെയ്യുന്നു. സുഖദുഃഖങ്ങള്‍ക്ക് ഹേതു അഭിമാനമാണ്. അഹന്തയുടെ അഭിമാനമൊഴിഞ്ഞു ചെയ്യുന്ന കര്‍മ്മങ്ങള്‍ ബന്ധത്തെയോ ദുഃഖങ്ങളെയോ ഉളവാക്കുന്നില്ല.

ചോദ്യം: ജീവപ്രയ്ത്നം കൂടാതെ കാര്യങ്ങള്‍ നടക്കുമോ?
മഹര്‍ഷി: എല്ലാ കാര്യങ്ങളും പ്രയ്തനത്തില്‍ കൂടി തന്നെ നടക്കുന്നു. ആത്മാവ് നിഷ്ക്രിയം ഉറകത്തില്‍ നിന്നുമുണര്‍ത്തി അമ്മ കുഞ്ഞിനെ ഊട്ടുന്നു. രാവിലെ ഇക്കാര്യം കുഞ്ഞിനോര്‍മ്മയില്ല. അതുപോലെ ബ്രഹ്മാനന്ദ ലഹരിയില്‍ മുങ്ങി നില്‍ക്കുന്ന ജ്ഞാനിയും താന്‍ ചെയ്യുന്ന കാര്യങ്ങളെ ഓര്‍മ്മിക്കുന്നില്ല, ഈശ്വരന്‍റെ സന്നിധിമാത്രത്താല്‍ ലോകം നടന്നു പോകുന്നു എന്നാലും ഈശ്വരന്‍ ഒന്നിനെയും സ്പര്ഷിക്കാതിരിക്കുന്നു. അതുകൊണ്ടവനെ മഹാകര്‍ത്താവെന്നു പറയുന്നു. സൃഷ്ടിയും സൃഷ്‌ടികര്‍ത്താവുള്‍പ്പെടെ സര്‍വ്വവും ഈശ്വരനിയതിയ്ക്കനുസരണമായിട്ടു തന്നെ വര്‍ത്തിക്കുന്നു.

(ഭഗവാന്‍ എന്നും രാവിലെ നാലുമണിക്കെണീററ് അന്നത്തെ കറികള്‍ക്കുള്ള മലക്കറി നുറുക്കുന്നത് കണ്ടിട്ടാണ് ചോദ്യമുന്നയിക്കാന്‍ പ്രേരിതനയത്)