ശ്രീ രമണമഹര്‍ഷി
മാര്‍ച്ച് 16,1938
താഴെ പറയും പ്രകാരം ഒരു പത്രവാര്‍ത്ത കണ്ടതായി മഹര്‍ഷി പറഞ്ഞു കേള്‍പ്പിച്ചു. ഒരുവനം സൂക്ഷിപ്പുകാരന്‍ തോക്കുമായി വനത്തിനുള്ളിലോട്ടുപോകവേ ദൂരെ രണ്ടുവെട്ടം കണ്ടു. അതിനടുക്കലേക്കു നീങ്ങിയപ്പോള്‍ അത് ഒരു കടുവയുടെ കണ്ണുകള്‍ പ്രകാശിക്കുന്നതായി കാണപ്പെട്ടു. ഏതാനും വാരകളുടെ അകല്‍ച്ചയെ ഉണ്ടായിരുന്നുള്ളൂ. തോക്കു ദൂരത്തെറിഞ്ഞിട്ടു അയാള്‍ അവിടെത്തന്നെ പ്രാര്‍ത്ഥിക്കുന്ന ഭാവത്തില്‍ നിന്നു. കടുവ തലയുയര്‍ത്തി നിന്നിട്ട് അയാളെ ഉപദ്രവിക്കാതെ പോയി. കാട്ടുമൃഗങ്ങളെ കാണുമ്പോള്‍ നമ്മുക്കു വികല്പമുണ്ടായില്ലെങ്കില്‍ അവയ്ക്കും ഉണ്ടായിരിക്കുകയിലെന്നു മഹര്‍ഷി പറഞ്ഞു.
മാര്‍ച്ച് 21, 1938
ഡാക്ടര്‍ സ്റ്റാന്‍ലി എന്ന് പേരുള്ള ഒരു കൃസ്ത്യന്‍ പാതിരി സ്വകാര്യമായി വടക്കേ ഇന്ത്യയില്‍ രണ്ടാശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു ഗ്രന്ഥകാരനും പ്രാസംഗികനുമായിരുന്നു. അന്ന് അദ്ദേഹം ‘ഇത്യന്‍ പാതയില്‍ ‘ എന്ന് ഒരു പുസ്തകമെഴുതുകയായിരുന്നു. ഇന്ത്യന്‍ സന്യാസിമാരുടെ അനുഭവങ്ങളെ സസൂക്ഷ്മം പഠിച്ചുകൊണ്ടിരുന്നു.
ചോദ്യം: അങ്ങയുടെ അന്വേഷണമെന്താണ്. ലക്ഷ്യമെന്താണ്? എത്രത്തോളംപുരോഗമിച്ചിട്ടുണ്ട്?
മഹര്‍ഷി: ലക്ഷ്യം എല്ലാവര്‍ക്കും ഒന്നുതന്നെ. അതിരിക്കട്ടെ നിങ്ങള്‍ എന്തിനാണൊരു ലക്ഷ്യത്തെപ്പറ്റി അന്വേഷിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഉള്ളതുകൊണ്ട് സംതൃപ്തനാകാത്തതെന്ത്?
ചോദ്യം: അപ്പോള്‍ ലക്ഷ്യമൊന്നുമില്ലേ?
മഹര്‍ഷി: അങ്ങനെയല്ല. എന്തിനാണ് നിങ്ങള്‍ ഒരു ലക്ഷ്യത്തെത്തേടുന്നത്?
ചോദ്യം: എനിക്കെന്റേതായ ചില ആദര്‍ശങ്ങളുണ്ട്. മഹര്‍ഷിക്കു പറയാനുള്ളതിനെപ്പറ്റി അറിഞ്ഞാല്‍ മതി.
മഹര്‍ഷി: മഹര്‍ഷിക്ക് ദൂരികരിക്കത്തക്ക സംശയമൊന്നുമില്ല. മാത്രമല്ല, എന്‍റെ കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ട് നിങ്ങള്‍ക്കുള്ള പ്രയോജനമെന്ത്?
ചോദ്യം: ശരി. ഞാന്‍ ലക്ഷ്യമാക്കുന്നത് മസ്സിന്‍റെ അധോമണ്ഡല കൊണ്ട് ഉപരിമണ്ഡലത്തെ സാക്ഷാല്‍ക്കരിച്ച് സ്വര്‍ഗ്ഗാനുഭൂതി നേടുകയെന്നതാണ്.
മഹര്‍ഷി: മനസ്സിന്‍റെ അധോമണ്ഡലവും ഉപരിമണ്ഡലവും വെവ്വേറാണോ?
ചോദ്യം: കൃസ്തുദേവന്‍ ദൈവസാമ്രാജ്യത്തെ ഭൂമിയില്‍ കൊണ്ട് വന്നു. അദ്ദേഹം ദൈവസാമ്രാജ്യത്തിന്‍റെ മൂര്‍ത്തീകരണമാണെന്നു ഞാന്‍ കരുതുന്നു. ഈ സത്യം ആരും അറിയേണ്ടതാണ്. അദ്ദേഹം പറഞ്ഞത് അന്യന്‍റെ വിശപ്പ് തന്‍റെ വിശപ്പാണെന്നാണ്. സ്നേഹം വളര്‍ത്തി എല്ലാവരും ഒന്നായിരിക്കുന്ന ഇടമാണ് ദൈവസാമ്രാജ്യം.
മഹര്‍ഷി: സ്ഥൂലമനസ്സ്, സൂക്ഷ്മമനസ്സ്, സുഖം, ദുഃഖം എന്നെല്ലാം പറഞ്ഞല്ലോ. അതെല്ലാം ഉറക്കവേളയില്‍ എവിടെ ഇരിക്കുന്നു?
ചോദ്യം: അതുകൊണ്ട് ഞാന്‍ എപ്പോഴും ഉണര്‍ന്നിരിക്കാനാഗ്രഹിക്കുന്നു.
മഹര്‍ഷി: ഓഹോ! ഇപ്പോള്‍ നിങ്ങള്‍ ജാഗ്രത്തിലാണെന്ന് കരുതുന്നത്? എന്നാല്‍ ഇതു നിങ്ങളുടെ ജാഗ്രത്തല്ല. ദീര്‍ഘകാല സുഷുപ്തിയിലെ സ്വപ്നാവസ്ഥയാണ്. ആരും അജ്ഞാന നിദ്രയില്‍ ലോകസ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നുണരണം. അതിനെ വേണം യഥാര്‍ത്ഥത്തില്‍ ദൈവസാമ്രാജ്യമെന്നു പറയേണ്ടത്. അവിടെ ദൈവത്തെക്കൂടാതെ മറ്റാരുമില്ല.
ചോദ്യം: അതെല്ലാം മായാവാദം. അതൊന്നും എനിക്കാവശ്യമില്ല. കാണപ്പെടുന്ന ഭേദങ്ങളും ഇമ്പതുമ്പങ്ങളും മനോസങ്കല്പങ്ങളല്ല. അവയ്ക്ക് നാം പരിഹാരം കാണേണ്ടതുണ്ട്.
മഹര്‍ഷി: യഥാര്‍ത്ഥജാഗ്രത്ത് അവസ്ഥാത്രയങ്ങള്‍ക്കുമപ്പുറത്തുള്ളതാണ്.
ചോദ്യം: ഞാനിപ്പോഴിരിക്കുന്നത് നല്ല ജാഗ്രത്തിലാണ് അതു ഉറക്കവുമല്ല സ്വപ്നവുമല്ല.
മഹര്‍ഷി: ശരിയായ ജാഗ്രത്തില്‍ ഭേദങ്ങളോന്നും തോന്നപ്പെടുകയില്ല.
ചോദ്യം:’ അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ ലോകമേത്?
മഹര്‍ഷി: ‘ഞാനിരിക്കുന്നു’ എന്ന് ലോകം വന്നു നിങ്ങളോട് പറയുന്നോ?
ചോദ്യം: ഇല്ല. എന്നാല്‍ ജനങ്ങള്‍ പറയുന്ന ലോകസംസ്കാരത്തെ ഉദ്ധരിക്കണമെന്ന്.
മഹര്‍ഷി: നിങ്ങളുടെ ലോകവും ജനങ്ങളും നിങ്ങളുടെ വിചാരങ്ങള്‍ മാത്രമാണ്. നിങ്ങളെ വിട്ടിട്ട് ഒരു ലോകമുണ്ടെന്നുണ്ടോ?
ചോദ്യം: ഞാന്‍ സ്നേഹത്തോടുകൂടി അതിനോടു ചേരുന്നു.
മഹര്‍ഷി: അതിനുമുമ്പ് മാറി നിന്നിരുന്നോ?
ചോദ്യം: ഞാനതിനോട് കൂടിചേര്‍ന്നത് തന്നെ എന്നാലും മാറി നില്‍ക്കുന്നു. ഞാന്‍ മഹര്‍ഷി പറയുന്നത് കേള്‍ക്കാന്‍ വന്നതാണ്. അതിനെന്നോടു ചോദ്യം ചോദിക്കുന്നതെന്തിന്?
മിസിസ് ജിനരാജദാസ് ഇടപെട്ടിപ്രകാരം പറഞ്ഞു. ഞങ്ങളെല്ലാവരും അറിയുന്നത് മഹര്‍ഷി സ്വര്‍ഗ്ഗസാമ്രാജ്യത്തെ ഭൂമിയില്‍ കൊണ്ടുവരുന്നുവെന്നാണ്. അദ്ദേഹത്തിന്‍റെ സാക്ഷാല്‍ക്കാരത്തെപ്പറ്റി അറിയാന്‍ നിങ്ങള്‍ ശാഠ്യം പിടിക്കുന്നതെന്തിന്? സ്വന്തം സാക്ഷാല്‍ക്കാരത്തെയല്ലേ നിങ്ങള്‍ നോക്കേണ്ടത്.
മേജര്‍ ഛാദ്വിക് വ്യക്തമായിപ്പറഞ്ഞു ” സ്വര്‍ഗ്ഗസാമ്രാജ്യം നിങ്ങള്‍ക്കുള്ളില്ലിരിക്കുന്നൂ” എന്ന് ബൈബിള്‍ പറയുന്നു.
പാതിരി: അതു ഞാനെങ്ങനെ സാക്ഷാല്‍ക്കരിക്കും?
മേജര്‍ സാദ്വിക്: നിങ്ങള്‍ക്കുവേണ്ടി സാക്ഷാല്‍ക്കരിക്കാന്‍ നിങ്ങള്‍ മഹര്‍ഷിയോടു പറയുന്നതെന്തിനു? സ്വര്‍ഗ്ഗസാമ്രാജ്യം നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്. നിങ്ങളത് സാക്ഷാല്‍ക്കരിക്കുക.
ചോദ്യം: അതു കേള്‍ക്കുന്നവര്‍ക്കതുള്ളില്‍ തന്നെയാണ്.
മേജര്‍ ഛാദ്വിക്: അല്ല, എല്ലാപേര്‍ക്കും. ബൈബിള്‍ അങ്ങനെ തന്നെ പറയുന്നു. അതിനുപാധികളോന്നുമേ പറയുന്നില്ല.
പാതിരി മഹര്‍ഷിക്കും മറ്റുള്ളവര്‍ക്കും നന്ദി പറഞ്ഞു മടങ്ങിപ്പോയി.
മിസിസ് ജിനരാജദാസ് : സ്വപ്നത്തില്‍ കണ്ടതെല്ലാം ഓര്‍മ്മിക്കാനെങ്ങനെ ഒക്കും.
മഹര്‍ഷി: നിങ്ങളുടെ ഇപ്പോഴത്തെ ജാഗ്രദാവസ്ഥ, സ്വപ്നം, അതോര്‍മ്മിക്കാനുള്ള നിങ്ങളുടെ ആഗ്രഹം എല്ലാം വിചാരം മാത്രമാണ്. മനസ്സുണ്ടായതിനുശേഷമുള്ളവയാണിതെല്ലാം. മനസില്ലായിരുന്നപ്പോള്‍ നിങ്ങളുണ്ടായിരുന്നില്ലേ?
ചോദ്യം: ഉണ്ടായിരുന്നു.
മഹര്‍ഷി: ഈ വസ്തുതയും നിങ്ങളുടെ സാക്ഷാല്‍ക്കാരത്തെ കാണിക്കുകയാണ്. മനസ്സിന്‍റെയും ബുദ്ധിയുടെയും ബന്ധത്തെപ്പറ്റി പറഞ്ഞു: ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയാണ് മനസ്സ്. ലോകത്തെപ്പറ്റിയും പരിതസ്ഥതികളെപ്പറ്റിയുമുള്ള നിങ്ങളുടെ വിചാരം ബിദ്ധിയിലൊതുങ്ങിനില്‍ക്കുന്നു. സ്വപ്നത്തില്‍ മറ്റൊരാത്മാവിനെ സൃഷ്ടിക്കുന്നു. അതു സ്വപ്നലോകത്തെ കാണുന്നു. ഇപ്പോള്‍ സ്ഥൂലലോകത്തെ കാണുന്നതുപോലെ, സ്വപ്നക്കാഴ്ച്ചകള്‍ സ്വപനബുദ്ധിയെയും സ്വപ്നശരീരത്തേയും സ്പര്‍ശിക്കുന്നതാണ്. നിങ്ങള്‍ ഇപ്പോള്‍ സ്വപ്നത്തെ ഓര്‍മ്മിക്കൂ. ബുദ്ധിവെറെയായിരിക്കും. കാഴ്ചകള്‍ കാണുന്നത് മനസ്സില്‍ തന്നെയാണ്. അതിനാല്‍ ബുദ്ധിയല്ല മനസ്സായിനില്‍ക്കുന്നതെന്ന് സ്പഷ്ടമാണ്. ജാഗ്രത്, സ്വപ്ന, സുഷുപ്തികള്‍ മൂന്നും മനസ്സിനുള്ളതാണ്.