7. കര്‍മ്മ അശുക്ലാകൃഷ്ണം യോഗിന –
സ്ര്തിവിധമിതരേഷാം.
യോഗിനഃ യോഗി (സന്ന്യാസി)യുടെ, കര്‍മ്മ കര്‍മ്മം, അശുക്ലാകൃഷ്ണം അശുക്ലവും അകൃഷ്ണവും (പുണ്യപാപ ബന്ധമില്ലാത്തത്) ആകുന്നു. ഇതരേഷാം മറ്റുള്ള (യോഗികളല്ലാത്ത) വരുടെ കര്‍മ്മം, ത്രിവിധം മൂന്നുവിധം (ശുക്ലം, കൃഷ്ണം, ശുക്ലകൃഷ്ണം) ആകുന്നു.
യോഗികളുടെ കര്‍മ്മങ്ങള്‍ കറുത്തതുമല്ല, വെളുത്തതുമല്ല. മറ്റുള്ളവര്‍ക്കു മൂന്നുതരം; കറുത്തതും വെളുത്തതും രണ്ടും കലര്‍ന്നതും.
സംസിദ്ധനായ യോഗിയുടെ കര്‍മ്മങ്ങളും തജ്ജന്യമായ കര്‍മ്മവാസനകളും അയാളെ ബന്ധിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അയാള്‍ക്ക് അവയില്‍ ആസക്തിയില്ല. അയാള്‍ കേവലം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു: ലോകഹിതാര്‍ത്ഥം പ്രവര്‍ത്തിച്ചു ലോകഹിതം കൈവരുത്തുന്നു, എന്നാല്‍ അയാള്‍ക്കു ഫലത്തില്‍ കാംക്ഷയില്ലാത്തതുകൊണ്ട് അതൊന്നും അയാളെ ബന്ധിക്കുന്നില്ല. ഈ ഉത്കൃഷ്ടനിലയെത്തിയിട്ടില്ലാത്ത സാധാരണജനങ്ങള്‍ക്കാകട്ടെ, ശുക്ല-കൃഷ്ണ-മിശ്രങ്ങളായ മൂന്നുവിധം കര്‍മ്മങ്ങളുണ്ട്.
(കര്‍മ്മാശയം വിവേചിച്ചു. ഇനി ക്ലേശാശയഗതി പറയുന്നു;)
8. തതസ്തദ്വിപാകാനുഗുണാനാമേവാ –
ഭിവ്യക്തിര്‍വാസനാനാം.
തതഃ ആ മൂന്നു വിധം കര്‍മ്മത്തിന്റെ, വിപാകാനുഗുണാ നാം ജാത്യായുര്‍ഭോഗങ്ങളെന്ന വിപാകങ്ങള്‍ക്കനുസരിച്ചുള്ള, വാസനാനാം വാസനകള്‍ക്ക്, ഏവ മാത്രമേ, അഭിവ്യക്തിഃ തെളിവ് ഉണ്ടാകുന്നുള്ളു.
ഈ ത്രിവിധകര്‍മ്മങ്ങളില്‍, അതാതവസ്ഥകള്‍ക്കനുസരിച്ച വാസനകള്‍മാത്രമേ അഭിവ്യക്തമാകയുള്ളു (മറ്റുള്ളവ തല്ക്കാലം ഒതുങ്ങിക്കിടക്കും.)
ശുഭവും അശുഭവും ശുഭാശുഭമിശ്രവുമായ ത്രിവിധകര്‍മ്മങ്ങളും ഞാന്‍ ചെയ്തിട്ടുണ്ടെന്നുവെയ്ക്കുക. മരണാനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ദേവനായി ജനിക്കുന്നുവെന്നിരിക്കട്ടെ. ദേവശരീരത്തിലെ വാസനകളും മനുഷ്യശരീരത്തിലെ വാസനകളും ഒരുപോലെയല്ല. ദേവശരീരത്തില്‍ ഇമ്മാതിരി തീനുംകുടിയുമില്ല. അപ്പോള്‍, പാനഭോജനാദിതൃഷ്ണയെ ജനിപ്പിക്കുന്നതും ഇതുവരെ അനുഭവിച്ചുതീരാത്തതുമായ പൂര്‍വ്വാര്‍ജ്ജിത കര്‍മ്മങ്ങളുടെ സ്ഥിതി എന്താവും? ഞാന്‍ ഒരു ദേവനാവുമ്പോള്‍ ഈ കര്‍മ്മങ്ങളെല്ലാം എവിടെ പോകും? അതിനു സമാധാനം, അനുകൂലപരിസ്ഥിതിയില്‍ മാത്രമേ വാസനകള്‍ക്ക് ഉണര്‍ന്നുവരാന്‍ ആഭിമുഖ്യമുണ്ടാവൂ എന്നത്രേ. പരിസ്ഥിതി ഏതു വിധമോ അതിനു യോജിച്ച വാസനകള്‍മാത്രമേ അപ്പോള്‍ അഭിവ്യക്തമാകൂ. അവശിഷ്ടം ഒതുങ്ങിക്കിടക്കും. ഈ ജീവിതത്തില്‍ അനവധി ദൈവികവാസനകളും മാനുഷിക വാസനകളും മൃഗീയവാസനകളും നമ്മളിലുണ്ട്. ഞാന്‍ ദേവ ശരീരം സ്വീകരിക്കയാണെങ്കില്‍ അപ്പോള്‍ തദുചിതമായ ദൈവികവാസനകള്‍ ഉണര്‍ന്നുവരും. എന്തുകൊണ്ടെന്നാല്‍, ആ പരിസ്ഥിതി അവയ്ക്കനുകൂലമാണ്. മൃഗശരീരമാണു സ്വീകരിക്കുന്നതെങ്കില്‍ അപ്പോള്‍ മൃഗീയവാസനകള്‍മാത്രമേ അഭിവ്യക്തമാകൂ. മറ്റു ശുഭവാസനകള്‍ കാലം പ്രതീക്ഷിച്ച് അടങ്ങിക്കിടക്കും. ഇതുകൊണ്ടു തെളിയുന്നതെന്തെന്നാല്‍, പരിസ്ഥിതികളാല്‍ വാസനകളെ നിരോധിക്കാം എന്നാകുന്നു. ഒരു പ്രത്യേക പരിസ്ഥിതിയില്‍ അതിനൊത്ത കര്‍മ്മങ്ങളേ ആവിര്‍ഭവിക്കൂ എന്നുള്ളതുകൊണ്ടു പരിസ്ഥിതികളുടെ ബലത്താല്‍ നമുക്കു കര്‍മ്മത്തെപ്പോലും നിരോധിക്കാന്‍ കഴിയും എന്നു സ്പഷ്ടമാവുന്നു.
9. ജാതിദേശകാലവ്യവഹിതാനാമപ്യാനന്തര്യം
സ്മൃതിസംസ്‌കാരയോരേകരൂപത്വാത്.
ജാതിദേശകാലവ്യവഹിതാനാം അപി ജാതി, ദേശം, കാലം ഇവകൊണ്ടു മറയ്ക്കപ്പെട്ട വാസനകള്‍ക്കും, ആനന്തര്യം = മറവില്ലായ്മ ഉണ്ടാകുന്നു. സ്മൃതിസംസ്‌കാരയോഃ സ്മൃതിയുടെയും സംസ്‌കാരത്തിന്റെയും, ഏകരൂപത്വാത് ഐകരൂപ്യം (ഏകവിഷയകത്വം)കൊണ്ട്.
ജന്മമോ ദേശമോ കാലമോകൊണ്ടു വേര്‍പെട്ടാലും സ്മൃതിക്കും സംസ്‌കാരങ്ങള്‍ക്കും ഐകരൂപ്യമുള്ളതുകൊണ്ട്, വാസനകള്‍ക്കു തുടര്‍ച്ചയുണ്ട്.
അനുഭവങ്ങള്‍ സൂക്ഷ്മീഭവിച്ചു സംസ്‌കാരങ്ങളാവുകയും സംസ്‌കാരങ്ങള്‍ വീണ്ടും ഉണര്‍ന്നു സ്മൃതിയായി പരിണമിക്കുകയും ചെയ്യുന്നു. സംസ്‌കാരരൂപേണ സഞ്ചിതമായിട്ടുള്ള പൂര്‍വ്വകര്‍മ്മങ്ങള്‍ ബോധപൂര്‍വ്വമായ വര്‍ത്തമാനകര്‍മ്മങ്ങളോടുകൂടി അറിയാതെതന്നെ ചേര്‍ന്നുപോകുന്നുണ്ട്. അബോധപൂര്‍വ്വമായ ഈ ചേര്‍ച്ചയും ഇവിടെപ്പറഞ്ഞ സ്മൃതിയിലുള്‍പ്പെടുന്നു. ഓരോ ശരീരത്തിലും തജ്ജാതീയ ശരീരങ്ങളില്‍ ആര്‍ജ്ജിച്ച കര്‍മ്മവാസനകളേ കാര്യകാരികളായി ഭവിക്കൂ. വിജാതീയജന്മാര്‍ജ്ജിതങ്ങളായ വാസനകള്‍ അപ്രവൃത്തങ്ങളായി കിടക്കും. ഓരോ ജന്മവും തജ്ജാതീയജന്മപരമ്പരയിലെ ഒരു സന്താനമെന്നപോലെയാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വാസനകളുടെ ആനന്തര്യത്തിനു ഭംഗമുണ്ടാകുന്നില്ല.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 379-381]