ശ്രീ രമണമഹര്‍ഷി
മാര്‍ച്ച് 22, 1938 .
മധുരയില്‍ നിന്നും ഒരാള്‍: ഈശ്വരന്‍റെ ശക്തിയെ അറിയുന്നതെങ്ങനെ?
മഹര്‍ഷി: ‘ഞാന്‍ ഇരിക്കുന്നു’ എന്ന് പ്രകാശിക്കുന്നില്ലേ. ആ അറിവ് തന്നെ ഈശ്വരശക്തി. താന്‍, താനായിരിക്കാതെ ഞാനതാണ് ഇതാണ് അങ്ങനെ ഇങ്ങനെ എന്നെല്ലാം ഉപാധിയോടു സംബന്ധ\പ്പെടുത്തിപറയുന്നതിനാല്‍ സ്വന്തം നിലവിട്ട് താന്‍ ക്ലേശിക്കുന്നു.
ചോദ്യം: ആനന്ദാനുഭവം എങ്ങനെ ഉണ്ടാവുന്നു.
മഹര്‍ഷി: ആനന്ദം നമ്മുടെ പ്രകൃതിയാണ്, പുത്തനായിട്ടു ഉണ്ടാക്കേണ്ടതല്ല. സഹജമായ തന്‍റെ ആനന്ദത്തെ സ്വയം ഹനിക്കുന്നുവേന്നെയുള്ളൂ. നമ്മുടെ സത്യം എന്തെന്നറിഞ്ഞാല്‍ ആനന്ദം അതു തന്നെ.
ചോദ്യം: ഞാന്‍ സര്‍വ്വവ്യാപിയാണെന്നു ബോധിക്കുന്നതെങ്ങനെ?
മഹര്‍ഷി: ‘ഞാന്‍ ‘ ഉപാധിയോടുകൂടിയവന്‍ എന്നെ പരിച്ഛിന്നഭാവം തോന്നാതിരുന്നാല്‍ താന്‍ സര്‍വ്വവ്യാപിയാണെന്നറിയാനൊക്കും.
ചോദ്യം: പരിച്ഛിന്ന ഭാവം വിട്ടാല്‍ ഓരോ വസ്തുക്കളിലും താന്‍ വ്യാപിക്കുന്നതെങ്ങനെ?
മഹര്‍ഷി: കാണപ്പെടുന്ന ഏതിനും കാണുന്നവനായ നമ്മെ വിട്ടിട്ട് സ്വതന്ത്രമായ ഒരു സ്ഥിതിയുണ്ടോ? ആധാരമായ താന്‍ ഉപാധിയോടുകൂടി ഇരിക്കുന്നതുകൊണ്ടാണ് തന്‍റെ സ്ഥിതിയെ ആശ്രയിച്ചു കാണപ്പെടുന്ന മറ്റുള്ളവയും ഉപാധിസഹിതമായി കാണപ്പെടുന്നത്. നമ്മുക്കുപാധി ഇല്ലെങ്കില്‍ അവയ്ക്കും ഉപാധിയില്ലാ എന്നറിയണം. ഉപാധിയുള്ളിടത്തോളം നാം ഉപാധിക്കുള്ളിലാണിരുക്കുന്നതെന്ന് ഭ്രമിക്കുന്നതിനാല്‍ ദൃശ്യങ്ങളെ തനിക്കന്യമായി വെളിയിലാണെന്നു തോന്നുന്നു. സത്യത്തില്‍ (ഉപാധിയില്ലെന്ന അവസ്ഥയില്‍) സകല ദൃശ്യങ്ങളും തനിക്കുള്ളിലിരുന്നതാണെന്നറിയും.