സ്വാമി വിവേകാനന്ദന്‍

10. താസാമനാദിത്വം ചാശിഷോ നിത്യത്വാത്.

താസാം ആ വാസനകള്‍ക്ക്, അനാദിത്വം ച അനാദിത്വവും ഉണ്ട്. ആശിഷഃ ജീവിതേച്ഛയുടെ, നിത്യത്വാത് നിത്യത കൊണ്ട്.
സുഖതൃഷ്ണ നിത്യമാകയാല്‍ വാസനകള്‍ അനാദിയാകുന്നു.
എല്ലാ അനുഭവവും സുഖാശിസ്സിനെ തുടര്‍ന്നാണുണ്ടാവുന്നത്. ഓരോ അനുഭവവും പൂര്‍വ്വാനുഭവജന്യമായ വാസനയെ ആശ്രയിച്ചുണ്ടാകുന്നതിനാല്‍ അനുഭവങ്ങള്‍ക്ക് ആദിയില്ല, അതുകൊണ്ട് വാസനകള്‍ക്കും ആദിയില്ല.

11. ഹേതുഫലാശ്രയാലംബനൈഃ സംഗൃഹീത –
ത്വാദേഷാമഭാവേ തദഭാവഃ.

ഹേതുഫലാശ്രയാലംബനൈഃ ഹേതു, ഫലം, ആശ്രയം (ചിത്തം), ആലംബനം (വിഷയം; ശബ്ദാദി) ഇവകൊണ്ടു സംഗൃഹീതത്വാത് സംഗ്രഹിക്കപ്പെട്ടിരിക്കയാല്‍, ഏഷാം ഇവയുടെ (ഹേതു മുതലായവയുടെ), അഭാവേ അഭാവത്തില്‍, തദഭാവഃ വാസനകളുടെ അഭാവം ഉണ്ടാകുന്നു.
ഹേതു, ഫലം, ആശ്രയം, വിഷയം ഇവ ചേര്‍ന്ന് അതിനെ ഗ്രഹിച്ചിരിക്കുകയാല്‍ ഇവയുടെ അഭാവത്തിലാണ് അതിന്റെ അഭാവം.

വാസനകള്‍ കാര്യകാരണബന്ധത്താല്‍ സംഘടിതമാണ്. ഒരു വാസന ഉദ്ബുദ്ധമായാല്‍ ഫലം ജനിപ്പിക്കാതെ അടങ്ങുന്നതല്ല. കൂടാതെ സംസ്‌കാരാശ്രയമായ ചിത്തവുമുണ്ട്. അത് ഈ സംസ്‌കാരങ്ങളെയെല്ലാം സൂക്ഷ്മരൂപേണ സംഗ്രഹിച്ചുവെച്ചിട്ടുള്ള മഹാഭണ്ഡാഗാരമാണ്. ഈ വാസനകളെല്ലാം അനുഭവിച്ചുതീരാതെ ഒടുങ്ങുന്നതല്ല. ഇതിനുംപുറമെ, ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളെ ഗ്രഹിക്കുന്ന കാലത്തോളം പുതിയ വാസനകള്‍ ജനിച്ചുകൊണ്ടിരിക്കും. ഈ കാര്യകാരണങ്ങളെയും ആശ്രയത്തെയും ഭോഗ്യവിഷയങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ സാധിച്ചാല്‍, അപ്പോള്‍മാത്രമേ വാസനകള്‍ നശിക്കൂ.

12. അതീതാനാഗതം സ്വരൂപതോ –
സ്ത്യധ്വഭേദാദ്ധര്‍മാണാം.

ധര്‍മ്മാണാം ധര്‍മ്മങ്ങള്‍ക്ക്, അധ്വഭേദാത് അധ്വ(കാല)ഭേദം ഉള്ളതുകൊണ്ട്, അതീതാനാഗതം അതീതവും അനാഗതവുമായിട്ട്, സ്വരൂപതഃ സ്വരൂപേണ, അസ്തി ധര്‍മ്മം ഉണ്ട്.
ധര്‍മ്മങ്ങള്‍ക്ക് അധ്വഭേദം ഉള്ളതിനാല്‍ കഴിഞ്ഞതും വരാനിരിക്കുന്നതും അവയുടെ സ്വന്തം രൂപത്തില്‍ ഇരിപ്പുണ്ട്.
ഭാവം ഇതാണ്; അസത്തില്‍നിന്ന് ഒരിക്കലും സദ്ഭാവമുണ്ടാവില്ല. ഭൂതവും ഭാവിയും വ്യക്തമല്ലെന്നാലും അവ അവ്യക്തരൂപേണ ഉള്ളവതന്നെ.

13. തേ വ്യക്തസൂക്ഷ്മാ ഗുണാത്മാനഃ.

വ്യക്തസൂക്ഷ്മാഃ വ്യക്തങ്ങളും സൂക്ഷ്മങ്ങളുമായ, തേ അവ, ഗുണാത്മാനഃ ഗുണസ്വരൂപങ്ങളാകുന്നു.
ഗുണസ്വരൂപമായിട്ട് അവ വ്യക്തമോ സൂക്ഷ്മമോ ആണ്.
ഗുണങ്ങളെന്നു പറഞ്ഞതു സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു പദാര്‍ത്ഥങ്ങളെയാണ്. അവയുടെ വ്യക്തപരിണാമമാണ് ഇന്ദ്രിയഗ്രാഹ്യമായ പ്രപഞ്ചം. ഭൂതവും ഭാവിയും ഈ ഗുണങ്ങളുടെ നാനാവിധമായ കാര്യപരിണാമത്തില്‍നിന്നാണുണ്ടാവുന്നത്.

14. പരിണാമൈകത്വാദ് വസ്തുതത്ത്വം.

പരിണാമൈകത്വാദ് പരിണാമത്തിന്റെ ഏകത്വംകൊണ്ട്, വസ്തുതത്ത്വം വസ്തുവിന്റെ തത്ത്വം ഒന്നാണെന്നറിയേണ്ടതാണ്.
വസ്തുക്കളുടെ ഏകത്വം പരിണാമങ്ങളുടെ ഏകത്വത്തില്‍ നിന്നാണ്.
പരിണാമങ്ങളുടെ ഏകത്വംകൊണ്ടാണ് വസ്തുക്കള്‍ക്കും ഏകത്വം.

15. വസ്തുസാമ്യേ ചിത്തഭേദാത്
തയോര്‍വിഭക്തഃപന്ഥാഃ.

വസ്തുസാമ്യേ വസ്തുവിനോട് (വസ്തുവിന്ന്) സാമ്യം ഇരിക്കെ, ചിത്തഭേദാത് ചിത്തത്തിനു ഭേദം ഉള്ളതുകൊണ്ട്. തയോഃ ആ വസ്തുവിന്നും ചിത്തത്തിനും, വിഭക്തഃ വേര്‍തിരിഞ്ഞ, പന്ഥാഃ മാര്‍ഗ്ഗം ആകുന്നു.
ഒരേ വസ്തുവിനെക്കുറിച്ചു വിജ്ഞാനവും വാസനകളും മാറുന്നതിനാല്‍ ചിത്തവും വസ്തുവും ഭിന്നസ്വഭാവങ്ങളാകുന്നു.
അതായത്, നമ്മുടെ ചിത്തങ്ങളില്‍നിന്നു ഭിന്നമായി സ്വതന്ത്രമായ ഒരു ദൃശ്യപ്രപഞ്ചമുണ്ടെന്നര്‍ത്ഥം. ഇതു ബൗദ്ധന്മാരുടെ ക്ഷണികവിജ്ഞാനവാദത്തെ ഖണ്ഡിക്കുന്നതാണ്. ഒരു വസ്തുവിനെ പലര്‍ പലതരത്തില്‍ കാണുന്നതിനാല്‍ അത് ഒരു പ്രത്യേകവ്യക്തിയുടെ സങ്കല്പം മാത്രമാകുവാന്‍ വയ്യ.
(വിജ്ഞാനവാദത്തെ ഖണ്ഡിക്കുന്ന ഒരു സൂത്രംകൂടെ വ്യാസഭാഷ്യത്തില്‍ കാണുന്നുണ്ട്;)

ന ചൈകചിത്തതന്ത്രം വസ്തു തദപ്രമാണകം
തദാ കിം സ്യാത്.

വസ്തു ബാഹ്യവസ്തു, ഏകചിത്തതന്ത്രം ന ച ഒരു ചിത്തത്തിന്ന് അധീനമല്ലതന്നെ. (ജ്ഞാനകാലത്തുമാത്രം) വസ്തുവിന്റെ സത്തയെ സ്വീകരിക്കുന്നപക്ഷം. (യദാ = എപ്പോള്‍) അപ്രമാണകം ജ്ഞാനമാകുന്ന പ്രമാണത്തിനു വിഷയമല്ലയോ, തദാ എന്താകും?
വസ്തു ഒരു ചിത്തത്തിന്നു വിധേയമല്ലതന്നെ. ആണെങ്കില്‍ (അറിവിന്റെ) പ്രമാണമില്ലാത്തപ്പോള്‍ അത് എന്തായിരിക്കും?)

16. തദുപരാഗാപേക്ഷിത്വാച്ചിത്തസ്യ
വസ്തു ജ്ഞാതാജ്ഞാതം

ചിത്തസ്യ ചിത്തത്തിന്, തദുപരാഗാപേക്ഷിത്വാത് വസ്തു പ്രതിബിംബത്തിന്റെ അപേക്ഷയുള്ളതുകൊണ്ട്, വസ്തു വസ്തു, ജ്ഞാതാജ്ഞാതം ജ്ഞാതവും അജ്ഞാതവും ആകുന്നു.
വസ്തുക്കള്‍ ചിത്തത്തിനു നിറം കൊടുക്കുന്നതിനെ അപേക്ഷിച്ച് അവ ജ്ഞാതമോ അജ്ഞാതമോ ആകുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 382-386]