17. സദാ ജ്ഞാതാശ്ചിത്തവൃത്തയസ്തത്പ്രഭോഃ
പുരുഷസ്യാപരിണാമിത്വാത്
ചിത്തവൃത്തയഃ ചിത്തവൃത്തികള്‍, തത്പ്രഭോഃ ആ ചിത്തത്തിന്റെ പ്രഭുവായ, പുരുഷസ്യ പുരുഷന്ന്, സദാ എപ്പോഴും ജ്ഞാതാഃ അറിയപ്പെട്ടവയാണ് (വിഷയമാണ്): എന്തുകൊണ്ടെന്നാല്‍, അപരിണാമിത്വാത് (പുരുഷന്‍)പരിണാമശൂന്യനാകയാല്‍.
ചിത്തത്തിന്റെ പ്രഭുവായ പുരുഷന്‍ പരിണാമശൂന്യനാകയാല്‍ ചിത്തവൃത്തികളെല്ലാം സദാ ജ്ഞാതമാണ്.
ഈ വാദത്തിന്റെ ഒട്ടാകെയുള്ള സാരം ഇതത്രേ; പ്രപഞ്ചമെന്നതു മാനസികവും ഭൗതികവും (ഗ്രഹണവും ഗ്രാഹ്യവും) ചേര്‍ന്നതാണ്: അവ രണ്ടും നിരന്തരപരിണാമപ്രവാഹശീലവുമാണ്. ഈ പുസ്തകമെന്ത്? അതു പരിണമിച്ചുകൊണ്ടിരിക്കുന്ന ഭൂതാണുക്കളുടെ ഒരു സംഘാതം: ഒരു കൂട്ടം അതില്‍നിന്നു പുറത്തേക്കൊഴുകിപ്പോകുന്നു. മറ്റൊരു കൂട്ടം അതിലേക്കൊഴുകിവരുന്നു. അതൊരു നീര്‍ച്ചുഴിപോലെയാണ്. എന്നിട്ടും അതിന് ഏകത്വം എങ്ങനെയുണ്ടായി? അത് അതേ പുസ്തകമാണെന്നു വരുത്തുന്നതെന്ത്? അതിന്റെ പരിണാമങ്ങള്‍ക്കുള്ള ഐകരൂപ്യം, സാജാത്യം. അതിലെ അണുക്കള്‍, പരിണമിക്കുന്ന ക്രമത്തിനുതന്നെ, എന്റെ ചിത്തത്തില്‍ സജാതീയവൃത്തികളെ ഉണര്‍ത്തുന്നു. ഇതിലോരോ ധര്‍മ്മവും പ്രതിക്ഷണം മാറിക്കൊണ്ടിരിക്കുന്നതെങ്കിലും, അവ, ഏകത്ര (ബുദ്ധിയില്‍) സമാഹൃതമായിട്ട്, പുസ്തകമെന്ന തുടര്‍ച്ചയായ ബോധമുണ്ടാക്കുന്നു. ചിത്തവും നിരന്തരം പരിണമിച്ചുകൊണ്ടാണിരിക്കുന്നത്. ഈ ചിത്തവും ശരീരവും, ഒരേ ദ്രവ്യത്തിനുള്ളില്‍ ഭിന്നവേഗക്രമങ്ങളോടു കൂടി ചലിക്കുന്ന രണ്ട് അടുക്കുകളാണെന്നു പറയാം. ഒന്നു മന്ദമായും മറ്റൊന്നു പൂര്‍വ്വാപേക്ഷയാ ശീഘ്രമായും ചലിക്കുമ്പോള്‍ അവയുടെ ചലനങ്ങളെ തിരിച്ചറിയാം. ഉദാഹരണമായി, ഓടുന്ന തീവണ്ടിയുടെ പാര്‍ശ്വത്തില്‍ ഒരു കാളവണ്ടി മുമ്പോട്ടു നീങ്ങുന്നു, അവ രണ്ടിന്റേയും ഗതിവേഗങ്ങളെ നമുക്ക് ഏറെക്കുറെ മനസ്സിലാക്കാം. എന്നാലും പോരാ, വേറെ ഒന്നു കൂടി വേണം: മറ്റൊരു നിശ്ചലവസ്തുവുണ്ടെങ്കിലെ ചലനംതന്നെ ഗ്രഹിക്കാന്‍ കഴിയൂ. രണ്ടോ മൂന്നോ വസ്തുക്കള്‍ വേഗതാരതമ്യേന നീങ്ങുകയാണെങ്കില്‍, അതില്‍വെച്ചു വേഗം കൂടിയതിന്റെ ചലനത്തെ ആദ്യവും, വേഗം കുറഞ്ഞവയുടെ ചലനത്തെ പിന്നീടും നാം ഗ്രഹിക്കുന്നു. ചിത്തംതന്നെ സദാ ചഞ്ചലമാകയാല്‍ അതെങ്ങനെ വിഷയത്തെ ഗ്രഹിക്കും? അതുകൊണ്ട്, അതിനെക്കാള്‍ മന്ദമായി ചലിക്കുന്ന മൂന്നാമതൊരു വസ്തു കൂടിയേ കഴിയൂ. പിന്നെ അതിനെക്കാളും മന്ദതരമായ ഒന്ന്, പിന്നെ അതിനെക്കാളും മന്ദതരമായ മറ്റൊന്ന്-ഇങ്ങനെ പോയിപ്പോയി നാം അനവസ്ഥയില്‍ ചെന്നുചാടും. ആകയാല്‍, ഒരിടത്തു വിശ്രമിക്കാന്‍ യുക്തി നമ്മെ നിര്‍ബ്ബന്ധിക്കുന്നു: ഈ പരിണാമപരമ്പരയെ ഒരിക്കലും പരിണമിക്കാത്ത ഒന്നില്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അന്തമില്ലാത്ത ഈ പരിണാമശൃംഖലയ്ക്ക് അധിഷ്ഠാനം അപരിണാമിയും അവര്‍ണ്ണനും അലസനുമായ പുരുഷനാകുന്നു. ഈ വൈചിത്ര്യങ്ങള്‍ (ചിത്ത പരിണാമങ്ങള്‍) എല്ലാം ആ പുരുഷനില്‍ കേവലം പ്രതിബിംബിക്കുകയത്രേ ചെയ്യുന്നത്; തിരശ്ശീലയിന്‌മേല്‍ പതിക്കുന്ന മായാദീപചിത്രങ്ങള്‍ അതിനെ ഒരു വിധത്തിലും മലിനപ്പെടുത്താത്തതുപോലെ.
18. ന തത് സ്വാഭാസം ദൃശ്യത്വാത്.
തത് ആ ചിത്തം, സ്വാഭാസം സ്വപ്രകാശം (താനേ പ്രകാശി ക്കുന്നത്) ന അല്ല. ദൃശ്യത്വാത് പുരുഷന്ന് ദൃശ്യം, (വിഷയം) ആകയാല്‍.
ചിത്തം ദൃശ്യമാകയാല്‍ സ്വപ്രകാശമല്ല.
പ്രകൃതിയിലെല്ലായിടത്തും അതിമഹത്തായ പ്രഭാവം പ്രകടമാവുന്നുണ്ട്, എങ്കിലും അത് (ചിത്തപ്രകൃതി, ത്രിഗുണം) സ്വപ്രകാശമല്ല, സ്വരൂപേണ ജ്ഞാനശക്തിയല്ല. പുരുഷന്‍മാത്രമാണു സ്വപ്രകാശം. അതിന്റെ പ്രകാശമാണു മറ്റെല്ലാറ്റിനും പ്രകാശം നല്കുന്നത്. പുരുഷപ്രഭാവമാണ് എല്ലാത്തരം ജഡ വസ്തുക്കളിലും ചലനശക്തികളിലും (പ്രഭാവമായി) പ്രകാശിക്കുന്നത്.
19. ഏകസമയേ ചോഭയാനവധാരണം.
ച കൂടാതെ, ഏകസമയേ ഒരേ ക്ഷണത്തില്‍, ഉഭയാനവ ധാരണം ചിത്ത (ജ്ഞാന)ത്തിന്റെയും, ചൈത്യ(ഗ്രാഹ്യ,ജ്ഞേയ) ത്തിന്റെയും അറിവുണ്ടാകുന്നില്ല.
ഒരേ സമയം രണ്ടിനെയും അറിവാന്‍ കഴിവില്ലാത്തതുകൊണ്ടും (അതു സ്വപ്രകാശമല്ല).
ചിത്തം സ്വപ്രകാശമാണെങ്കില്‍ അതിന് ഒരേ സമയത്തു സ്വയം അറിയുവാനും വിഷയത്തെ ഗ്രഹിക്കാനും കഴിവുണ്ടാകേണ്ടിയിരിക്കുന്നു. അതുണ്ടാകുന്നില്ല: വിഷയത്തെ ദര്‍ശിക്കുമ്പോള്‍ സ്വയം ദര്‍ശിക്കുന്നില്ല. അതിനാല്‍, പുരുഷനാണു സ്വപ്രകാശമെന്നും, ചിത്തം അങ്ങനെയല്ലെന്നും സിദ്ധിക്കുന്നു.