ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 5

നിര്‍മ്മാനമോഹാ ജിതസംഗ ദോഷാ
അദ്ധ്യാത്മനിത്യാ വിനിവൃത്ത കാമാഃ
ദ്വന്ദ്വൈര്‍വിമുക്താഃ സുഖദുഃഖ സംജ്ഞൈര്‍-
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്.

മാനവും മോഹവും ഇല്ലാത്തവരും സംഗദോഷത്തെ ജയിച്ചവരും ആത്മതത്ത്വത്തില്‍ നിരന്തര നിഷ്ഠയുള്ളവരും ആഗ്രഹങ്ങളില്‍നിന്നു നിവര്‍ത്തിച്ചവരും സുഖദുഃഖാദികളായ ദ്വന്ദ്വങ്ങളില്‍നിന്നു വിമുക്തരുമായ സത്യബുദ്ധികള്‍ നാശമില്ലാത്ത സ്ഥാനത്തെ പ്രാപിക്കുന്നു.

വര്‍ഷകാലാന്ത്യത്തില്‍ ആകാശത്തുനിന്നു കാര്‍മേഘങ്ങളൊഴിഞ്ഞുപോകുന്നതുപോലെ അവന്‍റെ മനസ്സില്‍നിന്നു മോഹവും അഹങ്കാരവും ഒഴിഞ്ഞുപോകുന്നു. എപ്പോഴും ശല്യപ്പെടുത്തുന്ന നിര്‍ദ്ധനനും ക്രൂരനുമായ ഒരു ബന്ധുവിനെ അകറ്റി നിര്‍ത്തുന്നതുപോലെ, അവന്‍ചിത്തവികാരങ്ങളെ അകറ്റി നിര്‍ത്തുന്നു. കുലച്ചുകഴിഞ്ഞവാഴ ക്രമേണ ഇല്ലാതാകുന്നതുപോലെ, ആത്മസാക്ഷാത്കാരം ലഭിച്ച ഒരുവന്‍ ലൗകികകര്‍മ്മങ്ങളില്‍നിന്നും ക്രിയകളില്‍നിന്നും സാവധാനം വിരമിക്കുന്നു. അഗ്നിക്കിരയാക്കുന്ന ഒരു വൃഷത്തില്‍ നിന്ന് പക്ഷികള്‍ വിട്ടുപോകുന്നതുപോലെ അവന്‍റെ വികല്പങ്ങളെല്ലാം അവനെവിട്ട് അകന്നു പോകുന്നു. ഭേദബുദ്ധിയില്ലാത്ത ആത്മജ്ഞാനിയുടെ ഹൃദയതലത്തില്‍ ദോഷത്തിന്‍റെ കളകള്‍ കിളിര്‍ക്കുകയില്ല. സൂര്യോദയത്തില്‍ അന്ധകാരം അപ്രത്യക്ഷമാകുന്നതുപോലെ അവന്‍റെ ശരീരാഹങ്കാരത്തോടൊപ്പം അവിദ്യയും അപ്രത്യക്ഷമാകുന്നു. ജീവിതകാലത്തിന്‍റെ അവസാനത്തില്‍ ശരീരം കൊഴിഞ്ഞുവീഴുന്നതുപോലെ ദ്വന്ദഭാവത്തിനു കാരണമാകുന്ന മതിഭ്രമം ആത്മജ്ഞാനിയില്‍ നിന്നു കൊഴിഞ്ഞു വീഴുന്നു. കാരിരുമ്പിനെ കാഞ്ചനമാക്കുന്ന സ്പര്‍ശമണിക്ക് ഇരുമ്പ് ഒരു ദരിദ്രവസ്തുവാണ്. അതുപോലെ ഒരു ആത്മജ്ഞാനി ദ്വന്ദ്വഭാവത്തിന്‍റെ കാര്യത്തില്‍ എപ്പോഴും ദരിദ്രനായിരിക്കും. ഭൗതികജീവിത്തിലെ സുഖദുഃഖാദികളില്‍ നിന്നുളവാകുന്ന ദ്വൈതഭാവം അവനെ ഒരിക്കലും ബാധിക്കുകയില്ല.

സ്വപ്നത്തില്‍ സിംഹാസനം കിട്ടിയതായോ, മരണം സംഭവിച്ചതായോ തോന്നിയാലും ഉണര്‍ന്നുകഴിയുമ്പോള്‍ അത് ആമോദത്തിനോ ആതങ്കത്തിനോ വക നല്‍കുന്നില്ല. ഒരു സര്‍പ്പത്തിന് ഒരിക്കലും ഒരു കഴുകനെ പിടികൂടാന്‍ കഴിയാത്തതുപോലെ പുണ്യപാപങ്ങളെ സൃഷ്ടിക്കുന്ന സുഖദുഃഖാനുഭവങ്ങള്‍ ഒരു ജാഞാനിയെ ഒരിക്കലും പിടികൂടുകയില്ല. ചിന്താശീലരായ ഇവര്‍ ആത്മനാത്മമിശ്രിതമായ പാലില്‍നിന്ന് അനാത്മത്തിന്‍റെ ജലം വേര്‍പെടുത്തി ആത്മജ്ഞാനത്തിന്‍റെ പാലുമാത്രം തിരിച്ചെടുത്ത് കുടിച്ചു ജീവിക്കുന്ന അരയന്ന രാജന്മാരാണ്. ആത്മഭ്രാന്തികൊണ്ട്, അജ്ഞാനിക്ക് യഥാര്‍ത്ഥവസ്തു പലതിനും പലതായി വ്യാപിച്ചുകിടക്കുന്നതായി തോന്നുമ്പോള്‍, ജ്ഞാനി അവന്‍റെ ജ്ഞാനദൃഷ്ടികൊണ്ട് യഥാര്‍ത്ഥവസ്തുവിന്‍റെ അഖണ്ഡത ദര്‍ശിക്കുന്നു. ഗംഗാനദി സിന്ധുവില്‍ ആമഗ്നമാകുന്നതുപോലെ ഈ ആത്മജ്ഞാനികളുടെ ചിത്തം പരമാത്മാവില്‍ നിമഗ്നമായിരിക്കുന്നു. ആകാശത്തിന് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു ചരിക്കേണ്ട ആവശ്യമില്ലാത്തതുപോലെ എല്ലാറ്റിലും എല്ലാമായിത്തീര്‍ന്നിട്ടുള്ള ഈ ആത്മജ്ഞാനികള്‍ക്ക് യാതൊരഭിലാഷങ്ങളും ഇല്ല. അഗ്നിപര്‍വ്വത്തില്‍ വിത്തുകള്‍ക്ക് കുരുക്കാന്‍ കഴിയാത്തതുപോലെ അവരുടെ ചത്തത്തില്‍ ദുഷ്ടവികാരങ്ങള്‍ മുളയ്ക്കുകയില്ല. മന്ദരപര്‍വ്വതമാകുന്ന മത്ത് എടുത്തുമാറ്റിയപ്പോള്‍ ക്ഷീരസാഗരം ശാന്തമായതുപോലെ തൃഷ്ണയാകുന്ന കടകോല്‍ എടുത്തുമാറ്റിയ അവരുടെ അന്തകരണമാകുന്ന അര്‍ണ്ണവത്തില്‍ ആഗ്രഹങ്ങളാകുന്ന അലകളുടെ അനക്കമുണ്ടാവുകയില്ല. അവര്‍ നിരുപവന്മാരാണ്. വൃദ്ധിക്ഷയത്തിന്‍റെ യാതൊരു ന്യൂനതയും ഉണ്ടായിരിക്കുകയില്ല. എന്തിനേറെ പറയണം? പരിശുദ്ധമായ സ്വര്‍ണ്ണം സ്വര്‍ണ്ണത്തില്‍ത്തന്നെ ലയിച്ച് ഒന്നാകുന്നതുപോലെ, എല്ലാ സങ്കല്പങ്ങളേയും ജ്ഞാനാഗ്നിയില്‍ ഹോമിച്ച അവര്‍ അവിനാശ ഗേഹത്തില്‍ എത്തിച്ചേര്‍ന്ന് അതില്‍ ലയിച്ച് അതുമായി ഒന്നായിത്തീരുന്നു. അവര്‍ ലയിക്കുന്ന ഈ സത്യസ്ഥാനം എന്താണെന്ന് ചോദിച്ചാല്‍, അനശ്വരമായ ആ ഗേഹം ഒരു വസ്തുവെന്ന നിലയില്‍ കാണുന്നതിനോ, ഒരു വിഷയമെന്ന നിലയില്‍ അറിയപ്പെടുന്നതിനോ, ഒരു പ്രത്യേക സാധനമായി മറ്റുള്ളതിനോട് തുലനം ചെയ്യുന്നതിനോ കഴിയാത്തണ്ണം ബുദ്ധിക്കും മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതമായ സ്ഥാനമാണ്.