ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 7
മമൈവാംശോ ജീവലോകേ
ജീവഭൂതഃ സനാതനഃ
മന ഷഷ്ഠാനീന്ദ്രിയാണി
പ്രകൃതിസ്ഥാനീ കര്‍ഷതി
എന്‍റെ തന്നെ സനാതനമായ അംശം ജീവലോകത്തില്‍ ജീവാത്മാവായി ചമഞ്ഞ് പ്രകൃതിയില്‍ സ്ഥിതിചെയ്യുന്ന ഇന്ദ്രിയങ്ങളേയും ആറാമത്തെ ഇന്ദ്രിയമായ മനസ്സിനേയും സംസാരത്തില്‍ ഭോഗമനുഭവിക്കുന്നതിനായി ആകര്‍ഷിക്കുന്നു.
ഞാന്‍ ശരീരമാണെന്നു ചിന്തിക്കുന്ന ഒരുവന്‍ ആത്മജ്ഞാനത്തെ വിഭിന്നമായി കാണുന്നു. തന്മൂലം എന്‍റെ അംശമാണവന്‍ എന്നുള്ള യാഥാര്‍ത്ഥ്യത്തെപ്പറ്റി വളരെയൊന്നും വിവേചിച്ചറിയാന്‍ അവനു കഴിയുന്നില്ല. സമുദ്രം എല്ലായ്പ്പോഴും ശാന്തമാണ്. എന്നാല്‍ വായുവിന്‍റെ സംയോഗംകൊണ്ട് അതില്‍ ഓളങ്ങള്‍ ഉണ്ടാകുന്നു. ഒരുവന്‍ ഓളങ്ങളെ മാത്രമേ കാണുന്നുള്ളൂ. അവന്‍ ഓളങ്ങളെ സമുദ്രമായി നിരൂപിക്കുന്നു. അതുപോലെ ഞാന്‍ ജഡദേഹങ്ങള്‍ക്കു സചേതനത്വവും ജഡദേഹസംബന്ധമായ അഹങ്കാരവും നല്‍കുന്നതുകൊണ്ട് എന്നെ ജീവലോകത്ത് ജീവാത്മാവ് എന്നറിയപ്പെടുന്നു. ശരീരത്തില്‍ നില്‍ക്കുന്ന ഈ ജീവാത്മാവാണ് പ്രാപഞ്ചികമായ എന്‍റെ അംശം. ജീവജാലകങ്ങളുടെ പരിമിതമായ കാഴ്ചപ്പാടില്‍ അതിന്‍റെ ചുറ്റിനും നടക്കുന്ന ജനനമരണാദി കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നതിനെയാണ് സംസാരം എന്നു പറയുന്നത്. ഈ സംസസാരത്തില്‍ സോമബിംബവും അതിന്‍റെ പ്രതിഫലനവും ഒരേ സമയത്തുതന്നെ നിനക്കു കാണാന്‍ കഴിയും. എന്നാല്‍ നീ എന്നെ സോമബിംബമായിട്ട് കണ്ടറിയണം. ഒരു സ്ഫടികക്കല്ല് ചുവന്ന സിന്ദൂരത്തിനു മുകളില്‍ വച്ചാല്‍ അത് ചുവന്നതായിട്ടു കാണപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിനു ചുവപ്പുനിറമല്ല. അതുപോലെ എന്‍റെ മൂലസ്വഭാവമായ അനാദിത്വവും അക്രിയത്വവും നിര്‍ബ്ബാധം നിലനില്‍ക്കുന്നു. ഞാന്‍ കര്‍ത്താവാണെന്നും ഭോക്താവാണെന്നും തോന്നുന്നത് ഭ്രാന്തികൊണ്ടുമാത്രമാണെന്നറിയുക. ചുരുക്കിപ്പറഞ്ഞാല്‍ നിര്‍ല്ലോപമായ ആത്മാവ് പ്രകൃതി (അവിദ്യ) യാകുന്ന ശരീരവുമായി സംബന്ധപ്പെടുമ്പോള്‍ പ്രകൃതിധര്‍മ്മങ്ങളായ ജനനമരണങ്ങല്‍ അനുഭവിക്കുന്നു. അപ്പോള്‍ പ്രകൃതികാര്യങ്ങളായ ഇന്ദ്രിയവും മനസ്സും അതിന്‍റേതാണെന്നു കരുതി സംസാരവ്യവഹാരങ്ങളില്‍ മുഴുകുന്നു. വൈരാഗിയായ ഒരുവന്‍ കുടുംബമുണ്ടെന്നു സ്വപ്നംകണ്ട് അതില്‍ മോഹിതനായി ഭാര്യയേയും കുട്ടികളേയും പുലര്‍ത്താന്‍ ഓടിനടക്കുന്നതുപോലെയാണിത്. ജീവാത്മാവ് അതിന്‍റെ സഹജമായ സ്വഭാവം വിസ്മരിച്ച് ശരീരത്തിന്‍റെ ചൊല്‍പ്പടിക്ക് നൃത്തം ചവിട്ടുന്നു. അത് മനസ്സാകുന്ന രഥത്തില്‍ കയറി സവാരി നടത്തുന്നു. ശ്രവണേന്ദ്രിയത്തില്‍ക്കൂടി പുറത്തിറങ്ങി ശബ്ദത്തിന്‍റെ കാനനത്തില്‍ പ്രവേശിക്കുന്നു. ചിലപ്പോള്‍ നേത്രേന്ത്രിയത്തിന്‍റെ നടവാതില്‍ താണ്ടി സുഭഗരൂപങ്ങളാകുന്ന കുന്നില്‍ ചുറ്റിത്തിരിയുന്നു. ജിഹ്വയുടെ ജന്നലില്‍ക്കൂടി സ്വാദിഷ്ഠഭോജ്യങ്ങളാകുന്ന താഴ്വരതേടിപ്പോകുന്നു. പ്രകൃതിയുടെ കവിണിയില്‍ തൂങ്ങിപ്പിടിച്ച് ത്വക്കിന്‍റെ കിളിവാതിലില്‍ക്കൂടി സ്പര്‍ശവിഷയങ്ങളാകുന്ന കാടുകളിലെത്തുന്നു. നാസ്സികകളില്‍ക്കൂടി ബഹിര്‍ഗമിച്ച് ഘ്രാണമാകുന്ന ഘോരവനങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഇപ്രകാരം മനസ്സിന്‍റെ സഹായത്തോടെ ദേഹേന്ദ്രിയ നായകനായ ജീവാത്മാവ് ശബ്ദാദിവിഷയങ്ങളെ അനുഭവിക്കുന്നു.