മുരുകനാര്‍: പ്രജ്ഞാനമെന്താണ്?
മഹര്‍ഷി: ശുദ്ധജ്ഞാനമാണത്. അതില്‍ നിന്നും വിജ്ഞാനമുണ്ടാകുന്നു.
ചോദ്യം: വിജ്ഞാനത്താല്‍ സംവിത്സുധ ( ആത്മജ്ഞാനാമൃതം) ഉണ്ടാകുന്നു. ഈ സംവിത്സുധ അന്തഃകരണാപേക്ഷ കൂടാതെ സംഭവിക്കുന്നുണ്ടോ?
മഹര്‍ഷി: ആഹാ! സംവിത് എന്ന് പറഞ്ഞാലര്‍ത്ഥമേ അതാണല്ലേ? തന്നെ, താനേ ഉണരുക എന്ന്.
ചോദ്യം: ജാഗ്രത്തില്‍ വിജ്ഞാനം മൂലമാണ് സംവിത്തിനെ അറിയുന്നത്. അതു സ്വപ്രകാശമാണെങ്കില്‍ ഉറക്കത്തിലും അതുണ്ടായിരിക്കണമല്ലോ.
മഹര്‍ഷി: ഉണര്‍ച്ചയില്‍ നാമതിനെ അറിഞ്ഞുകൊണ്ടേ ഇരുന്നാല്‍ ഉറക്കത്തിലും അതറിയാം. അതിന്‍റെ സത്യം ഇങ്ങനെയാണ്. രാജാവ് ഒരു ഹാളില്‍ പ്രവേശിച്ചിട്ട് മടങ്ങിപ്പോയി. അവിടെയുള്ള അടുക്കളയില്‍ കയറിയില്ല. എങ്കിലും അക്കാരണത്താല്‍ ഹാളില്‍ വന്നില്ലെന്ന് പറയാമോ?
ഏപ്രില്‍ 29, 1979
ഇന്‍ഡോറില്‍ നിന്നും ഭഗവാനെ ദര്‍ശിക്കാന്‍ വന്ന ഡാക്ടര്‍ പാണ്ഡെ ആത്മസാക്ഷാല്‍ക്കാരത്തിനുള്ള പ്രായോഗിക മാര്‍ഗത്തെപ്പറ്റി ചോദിച്ചു.
രമണമഹര്‍ഷി: ഒരാളിനെ കണ്ണുകെട്ടി ഒരജ്ഞാത വനത്തില്‍ കൊണ്ട് വിട്ടു. ഓരോരുത്തരോട് ചോദിച്ചു അയാള്‍ മുന്‍സ്ഥാനത്തെത്തിചേരുന്നു. സാക്ഷാല്‍ക്കാരത്തിന്‍റെ വഴിയും ഇതാണ്.
ചോദ്യം: ഏതെങ്കിലും അടയാളത്തില്‍ക്കൂടി ധ്യാനം എളുപ്പമാണെന്നു തോന്നുന്നു. എന്നാല്‍ ജ്ഞാനമാര്‍ഗ്ഗത്തില്‍ തന്നെത്താനേ ഉണരണം അല്ലേ?
മഹര്‍ഷി: ഉറക്കത്തില്‍ നിങ്ങളുണ്ടായിരുന്നുവെന്നറിയുന്നു. എന്തടയാളത്തില്‍ക്കൂടിയാണതറിഞ്ഞത്? ആത്മാവിനെ അടയാളം കൂടാതെ അതു സ്വയം അറിയുകയാണ്.
ചോദ്യം: ഭഗവാന്‍റെ വാക്കുകള്‍ അണുവും അനക്കാനൊക്കൂല്ല. മന്ത്രാദികളും അനുകൂലം തന്നല്ലോ.
മഹര്‍ഷി: അതെ, നിരന്തര മന്ത്രജപത്താല്‍ മറ്റു വിചാരങ്ങളോഴിയും. മന്ത്രദ്വനിനിമിത്തം ഉച്ചത്തില്‍ നിന്ന് അതു തന്നെ ആത്മസ്ഫുരണമായിത്തീരുന്നു. മന്ത്രം ധ്യാനം ഭക്തി ഇവ നിങ്ങളെ സ്വസ്വരൂപത്തോടു ചേര്‍ന്ന് നിര്‍ത്തുന്നു. നാമാരും അഖണ്ഡാത്മ സ്വരൂപമായിരുന്നിട്ടും തെറ്റായി ദേഹത്തെ താനെന്നു കരുതുന്നു. ഏതിനെ അറിയാനും ഒരു പ്രകാശം ആവശ്യമാണ്. മനപ്രകാശം ദൃശ്യപ്രപഞ്ചത്തെ കാണിക്കുന്നു. അത് അറിവും അറിവില്ലായ്മയുമായിരിക്കുന്നു. സ്വരൂപം അറിവുമയം മാത്രമായിരിക്കുന്നു. നാമാരും ദേശകാലാദികളെക്കടന്ന ആ അറിവിന്‍ സ്വരൂപമായിത്തന്നെ ഇരിക്കുന്നു. എന്നിട്ടും ഈ അടിസ്ഥനാസത്യത്തെ മറന്നിട്ട് ദേഹമാണ് നാം എന്ന് ഭ്രമിച്ച് പോകുന്നു. ഈ ഭ്രമം നീങ്ങുന്നതാണ് ആത്മസാക്ഷാല്‍ക്കാരം. പണ്ടേ ഉള്ള സാക്ഷാല്‍ക്കാരം, കളഞ്ഞുപോയ വസ്തു തിരിച്ചു കിട്ടിയാല്‍ എന്നപോലെ കിട്ടുമ്പോള്‍ അതു പുത്തനാണെന്നു തോന്നിയാലും പുത്തനല്ല.
ചോദ്യം: എന്‍റെ ഉദ്യോഗ നിലയനുസരിച്ച് സത്സംഗത്തിനു ഭാഗ്യമുണ്ടാകാതെ പോകുന്നു.
മഹര്‍ഷി: സത് – ആത്മാവാണ്. അതുമായി സംഗമില്ലാത്തവര്‍ യഥാര്‍ത്ഥത്തില്‍ ആരുമില്ല. സര്‍വ്വവും ആസദ്സംഗമത്തിലിരിക്കുന്നു.