സ്വാമി വിവേകാനന്ദന്‍

20. ചിത്താന്തരദൃശ്യേ ബുദ്ധിബുദ്ധേരതി –
പ്രസങ്ഗഃ സ്മൃതിസങ്കരശ്ച

ചിത്താന്തരദൃശ്യേ വേറൊരു ചിത്തംകൊണ്ടു ദൃശ്യമാണു ബുദ്ധിയെന്നു പറയുന്നപക്ഷം, ബുദ്ധിബുദ്ധേഃ ആ ബുദ്ധിയെ അറിയുവാന്‍ മറ്റൊരു ബുദ്ധിയെ സ്വീകരിക്കേണ്ടിവരും: അങ്ങനെ വന്നാല്‍, അതിപ്രസങ്ഗഃ അതിപ്രസംഗം (അനവസ്ഥാദോഷം) വരും: സ്മൃതിസങ്കരഃ ച സ്മൃതിയുടെ കൂട്ടിക്കുഴച്ചില്‍ ഉണ്ടാകുകയും ചെയ്യും.
ഒരു ചിത്തത്തെ ദര്‍ശിക്കാന്‍ മറ്റൊരു ചിത്തത്തെ കല്പിച്ചാല്‍ അത്തരം കല്പനകള്‍ക്ക് അറുതിയുണ്ടാവില്ല; ഫലം, സ്മൃതിസങ്കരവുമായിരിക്കും.

വസ്തുക്കളെ ഗ്രഹിച്ചുകൊണ്ടിരിക്കുന്ന സാധാരണ ചിത്തത്തെ ഗ്രഹിക്കാന്‍ മറ്റൊരു ചിത്തമുണ്ടെന്നു വിചാരിക്കുക. അപ്പോള്‍ അതിനെ ഗ്രഹിക്കാന്‍ വേറൊരു ചിത്തം വേണമെന്നു വരും. അങ്ങനെ പോയാല്‍ അവസാനമില്ല. ഇതു സ്മൃതിസങ്കരത്തില്‍ കലാശിക്കുമെന്നു മാത്രമല്ല സ്മൃതിനിധാനമായിട്ടൊന്നില്ലെന്നും വന്നുകൂടും.

21. ചിതേരപ്രതിസംക്രമായാസ്തദാകാരാപത്തൗ
സ്വബുദ്ധിസംവേദനം.

അപ്രതിസംക്രമായാഃ വ്യാപകവും അസംഗവുമാകയാല്‍ മറ്റൊന്നിലും സംക്രമിക്കാത്ത (ചെന്നൊട്ടാത്ത), ചിതേഃ ചിതി ശക്തിയായ പുരുഷന്, തദാകാരാപത്തൗ അതിന്റെ (ചേതന പ്രതിബിംബമുള്ള ബുദ്ധിയുടെ) ആകാരത്തിന്റെ പ്രാപ്തിയില്‍, സ്വബുദ്ധിസംവേദനം തനിക്കു ഭോഗ്യമായ ബുദ്ധിയുടെ സംവേദനം (സാക്ഷാത്കാരം) ഉണ്ടാവുന്നു.
ചിന്മാത്രനായ പുരുഷനു പരിണാമമില്ലാതിരിക്കെ, അതിന്റെ ആകാരത്തെ മനസ്സു കൈക്കൊള്ളുമ്പോള്‍, അതു സംവേദനമുള്ളതായിത്തീരുന്നു.

ജ്ഞാനമെന്നതു പുരുഷന്റെ ഒരു ഗുണമല്ലെന്ന് (അതു പുരുഷസ്വരൂപംതന്നെയെന്ന്) ഒന്നുകൂടി സ്പഷ്ടമാക്കുകയാണു പതഞ്ജലിമഹര്‍ഷി ഈ സൂത്രംകൊണ്ടു ചെയ്യുന്നത്. ചിത്തത്തിനു പുരുഷസാന്നിദ്ധ്യമുണ്ടാകുമ്പോള്‍ പുരുഷന്‍ അതില്‍ പ്രതിഫലിച്ചതുപോലെയാവുകയും, അങ്ങനെ ആ സമയം ചിത്തം ചേതനം (ജ്ഞാനശക്തിയുള്ളത്) ആയിട്ട് പുരുഷനെന്ന പോലെ സ്വയം അവഭാസിക്കുകയും ചെയ്യുന്നു.

22. ദ്രഷ്ടൃദൃശ്യോപരക്തം ചിത്തം സര്‍വാര്‍ത്ഥം.

ദൃഷ്ടൃദൃശ്യോപരക്തം ദ്രഷ്ടാവായ പുരുഷനാല്‍ ഉപ രക്തവും ദൃശ്യമായ വിഷയത്താല്‍ ഉപരക്തവും ആയ, ചിത്തം ചിത്തം, സര്‍വ്വാര്‍ഥം എല്ലാ വിഷയത്തെയും അറിയുന്നതാണ്.
ദ്രഷ്ടാവിന്റെയും ദൃശ്യത്തിന്റെയും നിറം കലര്‍ന്ന ചിത്തം സര്‍വ്വവും അറിയാന്‍ സമര്‍ത്ഥമാണ്.
ഒരു വശത്തു ദൃശ്യമായ ബാഹ്യലോകത്തിന്റെ പ്രതിബിംബം, മറുവശത്തു ചിതിശക്തിയായ പുരുഷന്റെ പ്രതിബിംബം: ഈ വിധത്തിലാണു ചിത്തത്തിനു സര്‍വ്വജ്ഞാന യോഗ്യതയുണ്ടാവുന്നത്.

23. തദസംഖ്യേയവാസനാഭിശ്ചിത്രമപി
പരാര്‍ത്ഥം സംഹത്യകാരിത്വാത്.

തത് ആ ചിത്തം, അസംഖ്യേയവാസനാഭിഃ എണ്ണമറ്റ വാസനക (ക്ലേശകര്‍മ്മവിപാകാശയങ്ങ)ളെക്കൊണ്ട്, ചിത്രം അപി നാനാ രൂപത്തോടുകൂടിയതാണെങ്കിലും, സംഹത്യകാരിത്വാത് ദേഹേന്ദ്രിയാദികളോടു കൂടിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ട്, പരാര്‍ത്ഥം പര (അന്യ)ന്നുവേണ്ടിയുള്ളതാകുന്നു.
ചിത്തം, എണ്ണമറ്റ വാസനകളാല്‍ വിചിത്രമാണെങ്കിലും കൂട്ടുകൂടി പ്രവര്‍ത്തിക്കയാല്‍, പരന്നു (പുരുഷനു) വേണ്ടി വ്യാപരിക്കുന്നു.

ചിത്തം അനേകവസ്തുക്കളുടെ സംഘാതമാണ്. ആകയാല്‍ അതിനു സ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിവില്ല. ലോകത്തില്‍ സംഘടിച്ചുണ്ടായ ഏതിനും സംഘടനോദ്ദേശ്യം ഉണ്ടായിരിക്കും. അതായത് മൂന്നാമതൊന്നിനുവേണ്ടിയാണു ഈ സംഘടിതകാര്യം നടക്കുന്നത്. അതുകൊണ്ട് ചിത്തത്തിന്റെ ഈ സംഹിത്യകാരിത്വം പുരുഷനുവേണ്ടിയാണെന്നു സിദ്ധിക്കുന്നു.

24. വിശേഷദര്‍ശിന ആത്മഭാവഭാവനാനിവൃത്തിഃ.

വിശേഷദര്‍ശിനഃ ബുദ്ധിപുരുഷന്മാരുടെ വിശേഷ (അന്യോ ന്യഭേദ)ത്തെ അറിയുന്നവന്റെ (ചിത്തത്തില്‍), ആത്മഭാവ ഭാവനാ നിവൃത്തിഃ ആത്മഭാവത്തിന്റെ ഭാവനയുടെ നിവൃത്തി ഉണ്ടാകുന്നു.
വിവേകികള്‍ക്കു മനസ്സ് ആത്മാവാണെന്ന ഭാവന ഇല്ലാതാകുന്നു.
വിവേകാഭ്യാസത്താല്‍ പുരുഷന്‍ ചിത്തമല്ലെന്നു യോഗി സാക്ഷാത്ക്കരിക്കുന്നു.

25. തദാ വിവേകനിമ്‌നം കൈവല്യപ്രാഗ്ഭാവം ചിത്തം.

തദാ വിവേകഖ്യാതികൊണ്ടു തത്ത്വം ഗ്രഹിച്ച അവസരത്തില്‍, ചിത്തം ഭ്രമം നീങ്ങിയ ചിത്തം, വിവേകനിമ്‌നം ഭൃഗ്ദൃശ്യ വിവേകമെന്ന നിമ്‌ന(ആശ്രയ)ത്തോടുകൂടിയതും, കൈവല്യ പ്രാഗ്ഭാവം കൈവല്യത്തിന്റെ മുന്‍നിലയോ (ആരംഭത്തോ)ടു കൂടിയതും ആകുന്നു.
അപ്പോള്‍, ചിത്തം, വിവേകം ചെയ്തുകൊണ്ടുതന്നെ കൈവ ല്യത്തിന്റെ മുന്‍നിലയെ പ്രാപിക്കുന്നു.

ഈ വിധത്തില്‍ യോഗാഭ്യാസം നമുക്കു വിവേകശക്തിയും ജ്ഞാനവൈശാരദ്യവും സമ്പാദിച്ചുതരുന്നു. നമ്മുടെ ദൃഷ്ടിയെ മറച്ചിരുന്ന മൂടുപടം നീങ്ങുകയും വസ്തുക്കള്‍ യഥാസ്വരൂപം പ്രകാശിക്കുകയും ചെയ്യുന്നു. പ്രകൃതി ഒരു സംഘാതം മാത്രമാണെന്നും, അതു സാക്ഷിയായ പുരുഷനുവേണ്ടി ഈ വൈചിത്ര്യങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നും അപ്പോള്‍ നാം അറിയും. പ്രകൃതിയല്ല പ്രഭു (സ്വാമി): പ്രകൃതിയുടെ ഈ സംഘടിതകാര്യങ്ങളെല്ലാം ഹൃദയസിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന മഹാപ്രഭുവിനെ, പുരുഷനെ, ദര്‍ശിപ്പിക്കുവാനുള്ള വിലാസങ്ങള്‍മാത്രം. ദീര്‍ഘകാലത്തെ അഭ്യാസഫലമായി വിവേകഖ്യാതി ഉദിക്കുമ്പോള്‍ സര്‍വ്വഭയങ്ങളും അസ്തമിക്കുകയും ചിത്തം വിയുക്തമാവുകയും ചെയ്യുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 389-393]