26. തച്ഛിദ്രേഷു പ്രത്യയാന്തരാണി സംസ്‌കാരേഭ്യഃ.
തച്ഛിദ്രേഷു വിവേകനിഷ്ഠമായ ചിത്തവൃത്തികളുടെ പഴുതുകളില്‍, സംസ്‌കാരേഭ്യഃ പ്രാക്തനസംസ്‌കാരങ്ങളില്‍നിന്ന്, പ്രത്യയാന്തരാണി വ്യുത്ഥാനസംസ്‌കാരങ്ങള്‍ ഉണ്ടാകുന്നു.
പ്രതിബന്ധകപ്രത്യയങ്ങളുടെ ഉദയം സംസ്‌കാരങ്ങളില്‍ നിന്നാകുന്നു.
നമ്മുടെ സുഖത്തിനു ബാഹ്യവിഷയങ്ങള്‍ ആവശ്യമാണെന്നു നമ്മെ വിശ്വസിപ്പിച്ചുകൊണ്ട് ഉദയം ചെയ്യുന്ന പ്രത്യയങ്ങളെല്ലാം കൈവല്യസിദ്ധിക്കു പ്രതിബന്ധങ്ങളാണ്. പുരുഷന്‍ സ്വരൂപേണതന്നെ ആനന്ദമാത്രനും നിത്യതൃപ്തനുമത്രേ. എന്നാല്‍ ആ ബോധം പൂര്‍വ്വസംസ്‌കാരങ്ങളാല്‍ ആവരണം ചെയ്യപ്പെടുന്നു. അങ്ങനെയുള്ള സംസ്‌കാരങ്ങളെ സമൂലം നശിപ്പിക്കുകതന്നെ വേണം.
27. ഹാനമേഷാം ക്ലേശവദുക്തം.
ഏഷാം വ്യുത്ഥാനസംസ്‌കാരങ്ങളുടെ, ഹാനം ഹാനം, ക്ലേശ വത് ക്ലേശങ്ങളുടെ (ഹാനം) പോലെ, ഉക്തം മുമ്പു (2.10) പറഞ്ഞിട്ടുള്ളതാണ്.
അവിദ്യ, അസ്മിത മുതലായവയുടെ ഹാനത്തെ മുമ്പു പ്രതിപാദിച്ച പ്രകാരമാണ് ഇവയുടെ ഹാനം.
28. പ്രസംഖ്യാനേിപ്യകുസീദസ്യ സര്‍വഥാ
വിവേകഖ്യാതേര്‍ധര്‍മമേഘഃ സമാധിഃ
പ്രസംഖ്യാനേ അപി പ്രസംഖ്യാന1ത്തിലും, അകുസീദസ്യ വിരക്തനായ യോഗിക്ക്, സര്‍വ്വഥാ എല്ലാ പ്രകാരത്തിലുമുണ്ടാകുന്ന, വിവേകഖ്യാതേഃ വിവേകഖ്യാതിയില്‍നിന്ന്, ധര്‍മ്മ മേഘഃ ധര്‍മ്മമേഘ4മെന്നു പേരുള്ള, സമാധിഃ ഉണ്ടാകുന്നു.
തത്ത്വപ്രസംഖ്യാനത്തില്‍ എത്തുമ്പോഴും, അതിന്റെ ഫലങ്ങളെ ത്യജിക്കുന്ന യോഗിക്ക്, സമ്പൂര്‍ണ്ണ വിവേകഖ്യാതിയുടെ ഫലമായി, ധര്‍മ്മമേഘം എന്ന സമാധി സിദ്ധിക്കുന്നു.
പൂര്‍വ്വാദ്ധ്യായത്തില്‍ പറഞ്ഞ വിഭൂതികളെല്ലാം വിവേകഖ്യാതിസമ്പന്നനായ യോഗിക്കു വന്നുചേരുന്നു. എന്നാല്‍ യഥാര്‍ത്ഥയോഗി അവയെല്ലാം പരിത്യജിക്കും. കുശലിയായ ആ മഹാപുരുഷനു ധര്‍മ്മമേഘം എന്നു പറയുന്ന വിശിഷ്ട സമാധിപ്രജ്ഞാലോകം സിദ്ധിക്കുന്നു. ചരിത്രവിഖ്യാതരായിട്ടുള്ള ധര്‍മ്മസ്ഥാപകരായ എല്ലാ മഹാപുരുഷര്‍ന്മാര്‍ക്കും ഈ വിശിഷ്ടസമാധി ഉണ്ടായിരുന്നു. അവര്‍ സര്‍വ്വജ്ഞാനാശ്രയമായ തത്ത്വത്തെ സ്വാത്മാവില്‍ ദര്‍ശിച്ചിരുന്നു. പരമസത്യം അവര്‍ക്കു പ്രത്യക്ഷമായിരുന്നു. മേല്പറഞ്ഞ വിഭൂതികളില്‍ മിഥ്യാഭിമാനം വെടിഞ്ഞതോടുകൂടി ശാന്തിയും സമാധനവും സമ്പൂര്‍ണ്ണശുദ്ധിയും അവരുടെ സ്വഭാവംതന്നെയായിത്തീര്‍ന്നു.
29. തതഃ ക്ലേശകര്‍മ്മനിവൃത്തിഃ.
തതഃ ആ ധര്‍മ്മമേഘസമാധിയില്‍നിന്ന്, ക്ലേശകര്‍മ്മനിവൃ ത്തിഃ ക്ലേശങ്ങളുടെയും കര്‍മ്മങ്ങളുടെയും നിവൃത്തി1യുണ്ടാകുന്നു.
അതില്‍നിന്നു ക്ലേശങ്ങളും കര്‍മ്മങ്ങളും നശിക്കുന്നു.
ധര്‍മ്മമേഘസമാധി ലഭിച്ചാല്‍പ്പിന്നെ ഒരു കാലത്തും അധഃപതനഭയമില്ല: ആ യോഗിയെ സംസാരത്തിലേക്കു വലിക്കാന്‍ പിന്നൊന്നിനും കഴിവില്ല. അയാള്‍ക്കു പിന്നീടു ക്ലേശങ്ങളോ ക്ലേശഹേതുക്കളായ കര്‍മ്മങ്ങളോ ഒന്നും ശേഷിക്കുന്നില്ല.
30. തദാ സര്‍വ്വാവരണമലാപേതസ്യ
ജ്ഞാനസ്യാനന്ത്യാദ് ജ്ഞേയമല്പം.
തദാ അപ്പോള്‍ (ജീവന്മുക്ത്യവസ്ഥയെ പ്രാപിക്കെ), സര്‍വ്വാ വരണമലാപേതസ്യ ക്ലേശാദികളായ എല്ലാ ആവരണമലങ്ങളും വിട്ടൊഴിഞ്ഞ, ജ്ഞാനസ്യ ജ്ഞാനത്തിന്ന്, ആനന്ത്യാത് അവധിയില്ലാത്തതുകൊണ്ട്, ജ്ഞേയം അറിയപ്പെടേണ്ടത് (ചേത നാ = ചേതനമായ സര്‍വ്വവും), അല്പം അല്പമാണ്.
അപ്പോള്‍, എല്ലാ മറകളും മലങ്ങളുമൊഴിഞ്ഞു ജ്ഞാനം അനന്തമാകുകയാല്‍ ജ്ഞേയം അല്പമായിത്തീരുന്നു.
അനന്തമായ ജ്ഞാനം സ്വതേയുണ്ട്. അതിന്റെ മറവ് (ആവരണമലങ്ങള്‍) ഇപ്പോള്‍ നിശ്ശേഷം നീങ്ങിയിരിക്കുന്നു. ബൗദ്ധാഗമങ്ങളിലൊന്നില്‍ ‘ബുദ്ധന്‍’ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം നിര്‍വ്വചിക്കുന്നുണ്ട്. അതൊരു പദവി അഥവാ അവസ്ഥയാണ്. ആകാശംപോലെ അനന്തമായ ജ്ഞാനം എന്നാണതിന്റെ അര്‍ത്ഥം. ശ്രീയേശു ആ പദത്തെ പ്രാപിച്ചിട്ടാണു ക്രിസ്തുവായത്. നിങ്ങളെല്ലാവരും ആ പദത്തെ പ്രാപിക്കും. ജ്ഞാനം അനന്തമാകുമ്പോള്‍ ജ്ഞേയം അല്പമായിത്തീരും. എല്ലാ ജ്ഞേയപദാര്‍ത്ഥങ്ങളും ഉള്‍ക്കൊള്ളുന്ന ഈ സമസ്തപ്രപഞ്ചവും പുരുഷന്റെ മുമ്പില്‍ ശൂന്യപ്രായമായി ഭവിക്കുന്നു. സാധാരണമനുഷ്യന്‍ ആത്മാവിനെ അല്പമായി വിചാരിക്കുന്നു: അതുകൊണ്ടു ജ്ഞേയം അവന് അനല്പമായി തോന്നുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 393-395]